/sathyam/media/media_files/7vOFhwT36ir5Vbl4ELA2.jpg)
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് എതിരായ സാമ്പത്തിക തട്ടിപ്പു പരാതി കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും. 2015ലെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ പരാതി. കോടതി വിധിച്ച 63 ലക്ഷം രൂപ അഹമ്മദ് ദേവര്‍കോവില്‍ നല്‍കുന്നില്ലെന്ന് കാണിച്ച് വടകര സ്വദേശിയാണ് പരാതി നല്‍കിയത്. നവകേരള സദസില്‍ വെച്ചാണ് വകര സ്വദേശി പരാതി നല്‍കിയത്. പരാതി കോഴിക്കോട് റൂറല്‍ എസ്പിക്ക് സര്‍ക്കാര്‍ കൈമാറിയതായി തനിക്ക് സന്ദേശം ലഭിച്ചുവെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. വടകര സ്വദേശി എകെ യൂസഫിന് 63 ലക്ഷം രൂപ അഹമ്മദ് ദേവര്‍കോവില്‍ നല്‍കണമെന്ന് 2019ല്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു.
എന്നാല്‍ കോടതി വിധി മന്ത്രി അനുസരിക്കുന്നില്ലെന്നാണ് വടകരയിലെ നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും എകെ യൂസഫ് വ്യക്തമാക്കിയിരുന്നു. നവകേരള സദസില്‍ ലഭിക്കുന്ന പരാതിയില്‍ പരമാവധി 45 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന ഉറപ്പില്‍ വിശ്വസിക്കുകയാണെന്ന് പരാതിക്കാരനായ എകെ യൂസഫ് പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്ന് നവകേരള സദസിനിടെ മുഖ്യമന്ത്രിയിരിക്കുന്ന സ്റ്റേജിലേയ്ക്ക് ഓടിക്കയറാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വടക്കാഞ്ചേരിയില്‍ വച്ചാണ് സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ യുവാവ് സ്റ്റേജിലേയ്ക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. റഫീഖ് സ്റ്റേജിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നത് കണ്ടയുടന്‍ പൊലീസ് ഇയാളെ തടയുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സ്ഥലത്തുനിന്നും നീക്കി. അതിനു പിന്നാലെ പൊലീസ് റഫീക്കിനെ കസ്റ്റഡിയിലെടുത്തു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അതിന് പരിഹാരം ഇല്ലാതെ വന്നതോടെയാണ് താന്‍ മുഖ്യമന്ത്രിയെ കാണാന്‍ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചതെന്നുമാണ് റഫീഖ് പറയുന്നത്. അതേസമയം നവ കേരള സദസ്സില്‍ എത്തുന്ന ജനങ്ങളെ മന്ത്രിമാര്‍ വിഡ്ഢികളാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
നവ കേരള സദസ്സില്‍ മന്ത്രിമാര്‍ എത്തുമ്പോള്‍ ജനം കരുതുന്നത് തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്നാണ്. എന്നാല്‍ അവിടെ നടക്കുന്നത് അതൊന്നുമല്ല. പൊതുജനങ്ങളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മാന്യന്മാരെ മാത്രമാണ് നേരിട്ടു കാണുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് അവിടെ പ്രവേശനമില്ലെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
നവകേരളസദസില്‍ പരാതികള്‍ കൂടാന്‍ കാരണം ഏഴുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണമാണെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുക്കാനാണെങ്കില്‍ മന്ത്രിമാര്‍ യാത്ര നടത്തേണ്ടതില്ലെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന പി.ആര്‍ തട്ടിപ്പും ധൂര്‍ത്തുമാണിതെന്നും വേണുഗോപാല്‍ പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണറും ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുകയായിരുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us