കൊല്ലം; സുരേഷ്ഗോപിയെ നയിക്കുന്ന സവര്‍ണ ബോധമാണ് തനിക്ക് അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന് പറഞ്ഞതിന് കാരണമെന്ന് സംവിധായകന്‍ കമല്‍. ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന് നിര്‍ദ്ദേശിച്ച മനുഷ്യനെപ്പോലെ ലജ്ജിക്കേണ്ട കലാകാരനായി സഹപ്രവര്‍ത്തകനായ സുരേഷ് ഗോപി മാറിയതില്‍ ലജ്ജയുണ്ടെന്ന് സംവിധായകന്‍ ആരോപിച്ചു. തന്റെ നാടിനെയും മാതാപിതാക്കളെയും തള്ളിപ്പറയുകയാണെന്ന് മറന്നുകൊണ്ടാണ് സുരേഷ് ഗോപി ബ്രാഹ്‌മണനാകണമെന്ന് പറഞ്ഞതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
കൊല്ലത്ത് എന്‍ജിഒ യൂണിയന്‍ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍. സുരേഷ് ഗോപിയുടെ മനസില്‍ അപരമത വിദ്വേഷവും അപരജാതി വിദ്വേഷവും അത്രമേല്‍ ആയിക്കഴിഞ്ഞു. ഇതാണ് സംഘപരിവാറിന്റെ പ്രശ്നം. അതിലേയ്ക്ക് ഇറങ്ങിയില്ലെങ്കില്‍ ഒരു പക്ഷേ ഭീമന്‍ രഘുവിനെ പോലെ എഴുന്നേറ്റ് നിന്ന് ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല.
അത് അശ്ലീലമാണെന്ന് ഭീമന്‍ രഘുവിന് മനസിലായിട്ടില്ല. അതിന് കാരണം അദ്ദേഹം കുറേക്കാലം മറ്റേ പാളയത്തിലായിരുന്നു. കലാകാരന്മാരുടെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും കമല്‍ പറഞ്ഞു. ഇത്തരം അഭിപ്രായ പ്രകടനങ്ങളാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നതെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. ഇതല്ല നമ്മുടെ ഇന്ത്യയെന്ന് പുതിയ തലമുറ മനസിലാക്കണം എന്ന് പറഞ്ഞ സംവിധായകന്‍ ഗാന്ധിയും നെഹ്റുവും അംബേദ്കറുമൊക്കെ നമുക്ക് സംഭാവന ചെയ്ത ഇന്ത്യയുണ്ടെന്നും അത് കാത്ത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.