Advertisment

ഭാസുരാം​ഗന് മേൽ പിടിമുറുക്കി ഇഡി; വീണ്ടും ചോദ്യം ചെയ്യും, നോട്ടീസയച്ചു

എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കിയത് എല്‍ഡിഎഫിലെ ഉന്നതനായ നേതാവാണ് എന്ന് കഴിഞ്ഞ ദിവസം ഭാസുരാംഗന്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തില്‍ നിന്നുള്ള ആളാണ് ആ നേതാവ്.

New Update
bhasurangan new

കൊച്ചി: കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ എന്‍ ഭാസുരാംഗന് വീണ്ടും ഇ ഡി നോട്ടീസ് അയച്ചു. കൊച്ചി ഇ ഡി ഓഫീസില്‍ നാളെ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ ഭാസുരാംഗനെ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടല ബാങ്കില്‍ ഇന്ന് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ബാങ്കിന്റെ പ്രധാന ശാഖയിലാണ് പരിശോധന നടന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബാങ്ക് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി റെക്‌സ് ബോബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തെ നിക്ഷേപകരില്‍ നിന്ന് സംഘം വിവരം ശേഖരിച്ചിരുന്നു.

Advertisment

ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇന്നലെ അദ്ദേഹത്തെ ചോദ്യം ചെയ്തത്. 42 മണിക്കൂറിലധികമാണ് ഇഡി ബാങ്കില്‍ പരിശോധന നടത്തിയത്. ബാങ്കില്‍ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പിടിച്ചെടുത്തിരുന്നു. സിപിയു, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. മകന്‍ അഖില്‍ജിത്തിന്റെ ആഢംബര കാര്‍ ഇഡി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കിയത് എല്‍ഡിഎഫിലെ ഉന്നതനായ നേതാവാണ് എന്ന് കഴിഞ്ഞ ദിവസം ഭാസുരാംഗന്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തില്‍ നിന്നുള്ള ആളാണ് ആ നേതാവ്. ബാങ്കില്‍ 101 കോടി തട്ടിപ്പ് നടന്നെന്ന് വരുത്തിയത് ആ നേതാവാണ്. കേരള ബാങ്ക് തടഞ്ഞുവെച്ച ഫണ്ട് കിട്ടിയാല്‍ പ്രശ്‌നങ്ങള്‍ തീരും. തന്നെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ഒരു ഗൂഢസംഘം ശ്രമിച്ചു. അതില്‍ എല്‍ഡിഎഫുകാരും യുഡിഎഫുകാരും ബിജെപിക്കാരും ഉണ്ട്. വൈരാഗ്യത്തിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ഭാസുരാംഗന്‍ പറഞ്ഞിരുന്നു.

താന്‍ മില്‍മ അഡ്മിനിസ്‌ട്രേറ്റര്‍ ആയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. വ്യക്തിവിരോധം, അസൂയ എന്നിവയാണ് ഇതിനെല്ലാം പിന്നിലുള്ളത്. തന്റെ ഭാഗം മാധ്യമങ്ങള്‍ കേട്ടില്ല. പാര്‍ട്ടി കൈവിട്ടു എന്ന് തോന്നിയിട്ടില്ല. പാര്‍ട്ടി രണ്ടര വര്‍ഷം കൊണ്ട് ഈ പ്രശ്‌നം സഹിക്കുന്നു. പാര്‍ട്ടിക്ക് താന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നുവെന്നും ഭാസുരാംഗന്‍ വ്യക്തമാക്കി. തനിക്കെതിരെ പ്രവര്‍ത്തിച്ച നേതാവിനെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയെന്നും ഭാസുരാംഗന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ നേതാവായിരുന്ന ഭാസുരാംഗനെ കഴിഞ്ഞ ദിവസം പാര്‍ട്ടി പുറത്താക്കിയിരുന്നു.

 

 

 

ed cpi bhasurangan
Advertisment