Advertisment

മാണി വിഭാഗത്തെ വെട്ടിനിരത്തി പരമ്പരാഗത ജോസഫ് വിഭാഗം പദവികള്‍ തട്ടിയെടുക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസില്‍ അസംതൃപ്തി പുകയുന്നു ! ജോസ്മോന്‍ മുണ്ടക്കലിനെ ജില്ലാ പ്രസിഡന്‍റ് പരിഗണനയില്‍ നിന്ന് വെട്ടിയത് കടുത്തുരുത്തിയില്‍ നിന്നുള്ള ജനപ്രതിനിധി ആയതിനാല്‍. 53 കാരനെ യൂത്ത് ഫ്രണ്ട് പ്രസിഡന്‍റാക്കിയതും മാണിക്കാരെ ഒഴിവാക്കാന്‍. തഴയപ്പെടുന്നവരില്‍ ജോയ് എബ്രാഹവും - കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
joy abraham pj joseph monce joseph josmon mundackal

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ മാണി വിഭാഗത്തില്‍ നിന്നെത്തിയവര്‍ക്കായി നീക്കിവച്ചിരുന്ന രണ്ട് പദവികളും മാണിക്കാരെ വെട്ടിനിരത്തി പരമ്പരാഗത ജോസഫ് വിഭാഗം കൈയ്യടക്കിയതിനെതിരെ കടുത്ത അസംതൃപ്തി !

Advertisment

പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്‍റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് പദവികളിലാണ് കഴിഞ്ഞയാഴ്ച പഴയ ജോസഫ് വിഭാഗം നേതാക്കളെ തെരഞ്ഞെടുത്തത്. രണ്ടു പദവികളും പിളര്‍പ്പിനു ശേഷം മാണി ഗ്രൂപ്പില്‍നിന്നെത്തിയവര്‍ക്കായി നീക്കിവച്ചവയായിരുന്നു.


ജില്ലാ പ്രസിഡന്‍റായി ജെയ്സണ്‍ ജോസഫിനെയും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റായി കെ.വി കണ്ണമെയുമാണ് തെരഞ്ഞെടുത്തത്. സംസ്ഥാന രാഷ്ട്രീയത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് 53 വയസുകാരനായ ഒരാള്‍ യുവജന സംഘടനയുടെ തലപ്പത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.


മോന്‍സ് ജോസഫ് എംഎല്‍എയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് കണ്ണന്‍. മാണി വിഭാഗത്തില്‍നിന്നുള്ളവര്‍ പ്രസിഡന്‍റാകുന്നത് തടയാനാണ് പ്രായപരിധി കഴിഞ്ഞിട്ടും സ്വന്തം പാളയത്തില്‍ നിന്നൊരാളെ പദവിയില്‍ കൊണ്ടുവന്നതെന്നാണ് ആരോപണം. നേരത്തെ മാണി ഗ്രൂപ്പ് വിട്ടെത്തിയ അജിത് മുതിരമലയായിരുന്നു യൂത്ത് ഫ്രണ്ട് പ്രസിഡന്‍റ്.

മാണി വിഭാഗത്തില്‍നിന്നെത്തിയ സജി മഞ്ഞക്കടമ്പന്‍ രാജിവച്ച ഒഴിവില്‍ കോട്ടയം ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ അംഗവും ജനപ്രിയ നേതാവുമായ ജോസ്മോന്‍ മുണ്ടയ്ക്കലിനെ നിയമിച്ചേക്കും എന്നായിരുന്നു ധാരണ.


എന്നാല്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കിടങ്ങൂരില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോസ്മോന്‍ മുണ്ടയ്ക്കലിനെ വെട്ടിയത് മോന്‍സ് ജോസഫ് ആണെന്നാണ് ആരോപണം. സ്വന്തം നാട്ടുകാരനായ ജോസ്മോന്‍ ജില്ലാ പ്രസിഡന്‍റായാല്‍ ഭാവിയില്‍ തനിക്ക് ഭീഷണി ആകുമെന്ന ഭയമാണ് ഇതിനുകാരണമെന്നാണ് മാണിക്കാരുടെ ആക്ഷേപം.


പടവനും പ്രിന്‍സിനും അയിത്തം ! 

prince lukose kuriakose padavan

പാലാ നഗരസഭാ മുന്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവനും കഴിഞ്ഞ തവണ ഏറ്റുമാനൂരില്‍ മല്‍സരിച്ച പ്രിന്‍സ് ലൂക്കോസിനും ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഇരുവരും പിജെ ജോസഫിനെ നേരില്‍ കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നതായാണ് സൂചന.

പക്ഷേ പടവനും പ്രിന്‍സിനും പരിഗണന നല്‍കാന്‍ മോന്‍സ് ജോസഫ് തയ്യാറായില്ല. പകരം മോന്‍സിന്‍റെ ഇഷ്ടക്കാരനായ ജെയ്സണ്‍ ജോസഫിനെ സീനിയോറിറ്റി മറികടന്ന് പ്രസിഡന്‍റാക്കി. 

അവര്‍ അതിഥിത്തൊഴിലാളികളോ ?

അങ്ങനെയെങ്കില്‍ ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം എങ്കിലും ജോസ്മോന്‍ മുണ്ടയ്ക്കലിന് നല്‍കണമെന്ന് പഴയ മാണിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇജെ ആഗസ്തി ചെയര്‍മാനായി തുടരട്ടെ എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. പഴയ മാണിക്കാരന്‍ എന്ന വാദത്തിലൂടെ മാണിക്കാരുടെ വായടക്കുകയും ചെയ്യാം. പിന്നീട് ചെയര്‍മാന്‍ പദവി ജെയ്സണു തന്നെ കൈമാറുകയും ചെയ്യുമെന്നാണ് സൂചന.


ഇത്തരത്തില്‍ പാര്‍ട്ടിയില്‍ നിരന്തരം അവഗണിക്കപ്പെടുന്നതില്‍ മാണി ഗ്രൂപ്പില്‍നിന്നെത്തിയ വിഭാഗം കടുത്ത അസംതൃപ്തിയിലാണ്. നേരത്തെ പരിഗണന ലഭിച്ചിരുന്ന ജോയ് എബ്രാഹവും ഫ്രാന്‍സിസ് ജോര്‍ജിന്‍റെ വരവോടെ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുകയാണ്.


ഐക്യ കേരള കോണ്‍ഗ്രസിന്‍റെ കാലം മുതല്‍ ഫ്രാന്‍സിസ് ജോര്‍ജും ജോയ് എബ്രാഹവും തമ്മില്‍ ബദ്ധ ശത്രുതയിലാണ്. ഇപ്പോള്‍ ഫ്രാന്‍സ് കോട്ടയം എംപി ആയി എത്തിയതോടെ ജോയിയുടെ സാധ്യതകളും അടഞ്ഞു.

മോന്‍സ് വിരുദ്ധര്‍ക്കും പണി കിട്ടി !

പാര്‍ട്ടിയില്‍ സീനിയറും പരമ്പരാഗത ജോസഫ് വിഭാഗവുമായിരുന്നിട്ടും ജില്ലാ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തഴയപ്പെട്ടവരാണ് വിജെ ലാലിയും മൈക്കിള്‍ ജെയിംസും. ഇരുവരും പാര്‍ട്ടിയില്‍ മോന്‍സ് വിരുദ്ധ ചേരിയിലാണ്. മാത്രമല്ല, പാര്‍ട്ടിയില്‍ മോന്‍സിനൊപ്പം സീനിയറാണ് വിജെ ലാലി.

മൈക്കിള്‍ ജെയിംസിന് വിനയായത് അദ്ദേഹത്തിന് ഫ്രാന്‍സിസ് ജോര്‍ജുമായുള്ള അടുപ്പവുമാണ്. ഇവര്‍ക്ക് പകരം ജെയിസണ്‍ ജോസഫിനെ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിരമ്പുഴയില്‍ മല്‍സരിപ്പിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ആക്കാനുള്ള നീക്കമാണ് മോന്‍സിന്‍റേത്.

അങ്ങനെയെങ്കില്‍ പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജി വയ്പ്പിച്ച് ഏറ്റുമാനൂരില്‍ മന്ത്രി വിഎന്‍ വാസവനെതിരെ മല്‍സരിപ്പിക്കാനും ആലോചനയുണ്ട്. എന്തായാലും ജോസഫ് വിഭാഗത്തില്‍ പഴയ പരമ്പരാഗത ജോസഫ് വിഭാഗത്തിനേ രക്ഷയുള്ളു.  

Advertisment