Advertisment

'ഗ്യാന്‍വാപി വിധി മൂലം കോടതിയിലുള്ള വിശ്വാസം കുറഞ്ഞു'; കടുത്ത വിമര്‍ശനവുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ഇന്നലെ നടന്ന സംഭവം നിരാശാജനകമാണ്. അവിടെ ഒരു പള്ളിയുണ്ട്. 20 കോടി മുസ്ലീങ്ങളും നീതിയെ സ്നേഹിക്കുന്ന എല്ലാ പൗരന്മാരും ഈ തീരുമാനത്തില്‍ അഗാധമായ ഞെട്ടലിലാണ്.

New Update
Hഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദു വിശ്വാസികള്‍ക്ക് ആരാധന നടത്താനുള്ള അവകാശം നല്‍കിയ വാരാണസി ജില്ലാ കോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്ത്. നമ്മുടെ കോടതികള്‍ അത്തരം പാതയിലൂടെയാണ് നടക്കുന്നത്, ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. ഇന്നലെ നടന്ന സംഭവം നിരാശാജനകമാണ്. അവിടെ ഒരു പള്ളിയുണ്ട്. 20 കോടി മുസ്ലീങ്ങളും നീതിയെ സ്നേഹിക്കുന്ന എല്ലാ പൗരന്മാരും ഈ തീരുമാനത്തില്‍ അഗാധമായ ഞെട്ടലിലാണ്. മുസ്ലിംകള്‍ പരിതാപകരമായ അവസ്ഥയിലാണ്. ഹിന്ദുക്കളും സിഖുകാരും വരെ ഈ തീരുമാനത്തില്‍ ഞെട്ടിപ്പോയെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡിലെ സൈഫുള്ള റഹ്‌മാനി പറഞ്ഞു. 

Advertisment

'നാം ഈ തീയതിയുടെ ചരിത്ര സത്യം മനസ്സിലാക്കണം. ബ്രിട്ടീഷുകാര്‍ ഈ രാജ്യത്ത് വന്ന് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് സ്വീകരിച്ചത്. 1857-ല്‍ അള്ളാഹുവിനെ ആരാധിക്കുന്നവരും ദൈവത്തെ ആരാധിക്കുന്നവരും രാജ്യത്തിനായി ഒരുമിച്ചു നില്‍ക്കുന്നതായി അവര്‍ കണ്ടു. അതിനുശേഷം, രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും അവര്‍ക്കിടയില്‍ അകലം സൃഷ്ടിക്കാനുമായാണ് അവര്‍ പ്രവര്‍ത്തിച്ചത്.', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തണമെന്ന ചിന്ത മുസ്ലീങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഇത്രയധികം ക്ഷേത്രങ്ങള്‍ ഉണ്ടാകുമായിരുന്നോ?എതിര്‍കക്ഷിക്ക് വാദിക്കാന്‍ പോലും അവസരം നല്‍കാതെയായിരുന്നു വിഷയത്തില്‍ കോടതി തിടുക്കത്തില്‍ തീര്‍പ്പുകല്‍പ്പിക്കുകയും പൂജ അനുവദിക്കുകയും ചെയ്തത്. ഇതുമൂലം നീതി ലഭ്യമാക്കുന്ന കോടതികളിലുള്ള വിശ്വാസം കുറഞ്ഞു. ബാബറി മസ്ജിദ് വിധിയില്‍, പള്ളിക്ക് കീഴില്‍ ക്ഷേത്രം ഇല്ലെന്ന് കോടതി അംഗീകരിച്ചെങ്കിലും ഒരു വിഭാഗത്തിന്റെ വിശ്വാസം പരിഗണിച്ച് അവര്‍ക്ക് അനുകൂലമായ വിധി നല്‍കുകയായിരുന്നു. ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മ്മിച്ചുവെന്ന് ഗ്യാന്‍വാപിയെക്കുറിച്ചും ഏത് പള്ളിയെക്കുറിച്ചും പറയുന്നത് തെറ്റാണെന്നും ഇസ്ലാമില്‍ തട്ടിയെടുത്ത ഭൂമിയില്‍ പള്ളി പണിയാന്‍ കഴിയില്ലെന്നും സൈഫുള്ള റഹ്‌മാനി പറഞ്ഞു.

നേരത്തെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ സീല്‍ ചെയ്ത നിലവറയ്ക്കുള്ളില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കിയ വാരണാസി കോടതി ഉത്തരവില്‍ അലഹബാദ് ഹൈക്കോടതി ഇടപെട്ടിരുന്നില്ല. ഇതോടെ ഹിന്ദു വിശ്വാസികള്‍ക്ക് പൂജ തുടരാം. പള്ളി പരിസരത്തും പുറത്തും ക്രമസമാധാനം നിലനിര്‍ത്താന്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ച് അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവിട്ടു. കേസിന്റെ അടുത്ത വാദം ഫെബ്രുവരി ആറിന് നടക്കും. ഗ്യാന്‍വാപി പള്ളിയുടെ തെക്കന്‍ നിലവറയില്‍ പൂജ നടത്താന്‍ അനുവദിച്ച ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മുസ്ലീം പള്ളി കമ്മിറ്റിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, പകരം അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് മസ്ജിദ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. മസ്ജിദിന്റെ മുദ്രവച്ച ഭാഗത്ത് ഖനനവും സര്‍വേയും ആവശ്യപ്പെട്ട് നാല് വനിതാ ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹൈക്കോടതിയുടെ തീരുമാനം.

ഗ്യാന്‍വ്യാപി മസ്ജിദില്‍ ജില്ലാ കോടതിയുടെ തീരുമാനത്തെത്തുടര്‍ന്നാണ് പൂജ നടന്നത്. 30 വര്‍ഷത്തേക്ക് പൂജ നടത്തുന്നതിന് വിലക്കുണ്ടായിരുന്ന ഗ്യാന്‍വ്യാപിയിലെ വ്യാസ് നിലവറയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വിശ്വാസികളെത്തി പൂജ നടത്തിയത്. അയോധ്യയില്‍ ശ്രീരാമ പ്രതിഷ്ഠയ്ക്ക് അനുകൂല സമയം നിശ്ചയിച്ച വിശ്വനാഥ ക്ഷേത്രത്തിലെ പ്രധാന പൂജാരി ഓം പ്രകാശ് മിശ്രയും ഗണേശ്വര്‍ ദ്രാവിഡുമാണ് പൂജകള്‍ക്ക് നേതൃത്വം നല്‍കിയത്. 

ഗ്യാന്‍വാപി മസ്ജിദ് നിര്‍മ്മിക്കുന്നതിന് മുമ്പ് ഒരു വലിയ ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നുവെന്നാണ് ഹിന്ദു പക്ഷം പറയുന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) റിപ്പോര്‍ട്ട് ആധാരമാക്കിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്. തര്‍ക്കവിഷയമായ ഗ്യാന്‍വാപി  മസ്ജിദ് ഭൂമിയില്‍ മുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും 17-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് അത് തകര്‍ക്കപ്പെട്ടുവെന്നുമായിരുന്നു വാദം.

 

latest news gyanvapi
Advertisment