കണ്ണൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഗൗരവ പൂർവമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബോർഡ് അംഗങ്ങൾ പലതും പറയും. ഇഡി ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണ്. ഇഡി പല സ്ഥലത്തും പോകുന്നുണ്ട്. ഇഡി ചോദ്യം ചെയ്യാത്ത ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ട്? ഒരിടത്ത് കെ സുധാകരനും മറ്റൊരിടത്ത് രാഹുൽ ഗാന്ധിയും ഇഡിയുടെ മുന്നിലുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തട്ടിപ്പ് എവിടെയാണോ ഉള്ളത് അതൊക്കെ അന്വേഷിക്കട്ടെയെന്നും അതിലൊന്നും ഒരു തരത്തിലും വീട്ടു വീഴ്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇൻഡ്യ സഖ്യത്തിലെ ഏകോപന സമിതിയിലെ സിപിഎം പ്രാതിനിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് എം വി ഗോവിന്ദൻ ഒഴിഞ്ഞ് മാറി. വിശാല സഖ്യത്തിൽ സിപിഐഎം ശക്തമായുണ്ടാകും. 28 പാർട്ടികളോടൊപ്പം സിപിഐഎമ്മുമുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടേയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ഭരണസമിതിയാണ് തീരുമാനങ്ങളെടുത്തത്. ഇഡി അന്വേഷണം നടത്തി കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടെ. സഹകരണബാങ്കുകളിലെ പ്രശ്നങ്ങൾ നിയമങ്ങൾ ശക്തമാക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയെ പറ്റി ആലോചനകളൊന്നും നടന്നിട്ടില്ലെന്നും പിന്നീട് ആലോചിക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെതിരെയും ഇഡിയുടെ അന്വേഷണം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം കെ കണ്ണന് നോട്ടീസ് നല്‍കാനാണ് സാധ്യത. സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ് എം കെ കണ്ണൻ. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലുള്ള സതീഷ് കുമാറിനെ പരിചയപ്പെടുത്തിയത് എം കെ കണ്ണനാണെന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. വായ്പ നല്‍കുന്നതിനായി എം കെ കണ്ണന്‍ സതീഷ് കുമാറിനെ പരിചയപ്പെടുത്തിയതായി കെടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയിലുണ്ട്.
ഇതിനിടെ മറ്റ് ബാങ്കുകളിലും റെയ്ഡ് നടത്തുകയാണ് ഇഡി. അയ്യന്തോൾ ബാങ്കിലടക്കം ഒമ്പതിടത്താണ് തൃശൂരിലും എറണാകുളത്തുമായി ഇഡി റെയ്ഡ് നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതിയായ പി സതീഷ് കുമാറിന് വിവിധ അക്കൗണ്ടുകൾ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. സതീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കേസുമായി ബന്ധമുള്ള ആധാരം എഴുത്തുകാരുടെ വീടുകളിലും പരിശോധന നടക്കുന്നു. തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലും ഇഡി റെയ്ഡ് നടക്കുകയാണ്.