കണ്ണൂർ: സുപ്രീം കോടതി വിധിയെ തുടർന്ന് സ്ഥാനമൊഴിഞ്ഞ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണം. ജിയോഗ്രാഫി പഠന വിഭാഗത്തിലെ അസിസ്റ്റൻ് പ്രൊഫസർ നിയമനം നടന്നതാണ് വിവാദത്തിലായിരിക്കുന്നത്. ഈ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മറ്റി ചാൻസലർക്ക് പരാതി നൽകി.
പുനർ നിയമനം റദ്ദാക്കി സുപ്രീം കോടതി വിധി വന്ന ദിവസവും ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തിയെന്നാണ് ആരോപണം. പുറത്താക്കുന്നതിന് രണ്ട് ദിവസം മുൻപ് വൈസ് ചാൻസലർ ഓൺലൈൻ ഇന്റർവ്യൂവിലും പങ്കെടുത്തു. മറ്റെല്ലാ സർവ്വകലാശാലകളും ഓഫ് ലൈൻ ഇന്റർവ്യൂ ആയിട്ടും കണ്ണൂർ സർവ്വകലാശാല ഇന്റർവ്യു ഓൺലൈനിൽ തന്നെയാണ്. പുറത്താക്കിയതിന് ശേഷം വൈസ് ചാൻസലർ മറ്റൊരാളെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനാക്കി.
എല്ലാ ഉദ്യോഗാർത്ഥികളെയും ഒരു ബോർഡ് തന്നെ ഇൻ്റർവ്യൂ ചെയ്യണമെന്ന നിയമം പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. ജിയോഗ്രാഫി സെലക്ഷൻ കമ്മറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയുടെ പിഎച്ച്ഡി ഗൈഡ് ഉണ്ടെന്നും ആക്ഷേപമുണ്ട്. ഡോ ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു നിയമനം റദ്ദാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനു പി ജോസ് എന്നിവരാണ് നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.