ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി. വിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ 129 പേര്‍ ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണച്ചതോടെയാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിജയിച്ചത്. ഇതോടെ വിശ്വാസ പ്രമേയം പാസായി. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാര്‍ ഇറങ്ങിപ്പോയി. വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ശേഷമാണ് വിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പിന്റെ നടപടികള്‍ ആരംഭിച്ചത്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. സ്പീക്കറെ നീക്കുന്നതിനെ അനുകൂലിച്ച് 125 എംഎല്‍എമാരാണ് വോട്ട് ചെയ്തതത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ അതിനേക്കാള്‍ നാല് വോട്ട് എന്‍ഡിഎയ്ക്ക് അധികം ലഭിച്ചു. കൂറ് മാറിയവര്‍ക്ക് ഇനിയൊരിക്കലും ജനപിന്തുണ ലഭിക്കില്ലെന്ന് ആര്‍ജെഡി നേതാക്കള്‍ പ്രതികരിച്ചു.
അതിനിടെ നിയമസഭയെ അഭിസംബോധന ചെയ്യവേ, നിതീഷ് കുമാര്‍ തന്റെ മുന്‍ മഹാഗത്ബന്ധന്‍ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദളിനെതിരെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ ഭരണകാലത്ത് അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായാണ് വിമര്‍ശനം. നിലവിലെ എന്‍ഡിഎ സര്‍ക്കാര്‍ ഈ നടപടികളെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ജെഡിയുടെ മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടി ഉപേക്ഷിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിലേക്ക് നേരത്തെ മാറുകയും ചെയ്തിരുന്നു. ഇതോടെ ലാലു പ്രസാദ് യാദവിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
നീലം ദേവി, ചേതന്‍ ആനന്ദ്, പ്രഹ്ലാദ് യാദവ് എന്നിവരാണ് സഭയില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്നത്. 243 അംഗ നിയമസഭയില്‍ 122 സീറ്റുകളായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യം. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനെ 125 എംഎല്‍എമാരുടെ പിന്തുണയുള്ള എന്‍ഡിഎ സഖ്യം സുഗമായി മറികടക്കുമെന്ന് നിതീഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. നിതീഷ് കുമാര്‍ ഉള്‍പ്പെടെ ജെഡിയുവിന് 45 എംഎല്‍എമാരാണുള്ളത്.
എന്‍ഡിഎയിലെ മറ്റൊരു കക്ഷിയായ ബിജെപിക്ക് 78 എംഎല്‍എമാരാണുള്ളത്. കൂടാതെ, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ നാല് എംഎല്‍എമാരും നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സഖ്യത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള ജെഡിയു ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ മന്ത്രി കൂടിയായ സ്വതന്ത്ര എംഎല്‍എ സുമിത് കുമാര്‍ സിങ്ങും പങ്കെടുത്തിരുന്നു.
ശനിയാഴ്ച രാത്രി മുതല്‍ ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരും ഇടതു സഖ്യകക്ഷികളും ക്യാമ്പ് ചെയ്തിരുന്നു. ഒപ്പം എന്‍ഡിഎ പക്ഷത്തുള്ള ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനും ആര്‍ജെഡി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് തേജസ്വി യാദവിന്റെ വീടിന് പുറത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തേജസ്വി യാദവിന്റെ വസതിയില്‍ മഹാഗഡ്ബന്ധന്‍ അംഗങ്ങള്‍ തീ കൊളുത്തുന്നതും സംഗീതം ആസ്വദിക്കുന്നതുമായ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. തേജസ്വി യാദവിന്റെ അരികിലിരുന്ന് ഒരു എംഎല്‍എ ഗിറ്റാര്‍ വായിക്കുന്നതും മറ്റുള്ളവര്‍ പാട്ടുകള്‍ പാടുന്നതും വീഡിയോയില്‍ കാണാം. പിന്നീട്, തേജസ്വിയുടെ ജ്യേഷ്ഠന്‍ ആര്‍ജെഡി നേതാവ് പ്രതാപ് യാദവ് തന്റെ പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതും മറ്റൊരു വീഡിയോയില്‍ കാണാം.