Advertisment

രാമക്ഷേത്ര പ്രതിഷ്‌ഠാചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദ: കോൺ​ഗ്രസിനെ പരോക്ഷമായി വിമർശിച്ച് എൻഎസ്എസ്

ചടങ്ങിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങള്‍ക്കും വേണ്ടി മാത്രമാണ്.

New Update
g sukumaran nayar

കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന് എന്‍എസ്എസ്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയാണ്. ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന തീരുമാനം വന്നതിന് പിന്നാലെയാണ് എന്‍എസ്എസിന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

Advertisment

രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയാണ്. ചടങ്ങിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങള്‍ക്കും വേണ്ടി മാത്രമാണ്. എന്‍എസ്എസിന്റെ നിലപാട് രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കുവേണ്ടിയോ അല്ല. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണഘട്ടം മുതല്‍ എന്‍എസ്എസ് സഹകരിച്ചിരുന്നു എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണഘട്ടം മുതല്‍ എന്‍എസ്എസ് സഹകരിച്ചിരുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണത്തിനു നായര്‍ സര്‍വീസ് സൊസൈറ്റി ഏഴു ലക്ഷം രൂപ ക്ഷേത്രനിര്‍മാണ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി സംഭാവന നല്‍കിയിരുന്നു. വിശ്വാസത്തിന്റെ ഭാഗമായാണ് നടപടിയെന്നും രാഷ്ട്രീയമില്ലെന്നും എന്‍എസ്എസ് നേതൃത്വം അന്ന് അറിയിച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കപ്പെടണം എന്നതാണ് എന്‍എസ്എസ് നിലപാട്. ശബരിമല വിഷയത്തിലും ഇതേ സമീപനമാണ് എന്‍എസ്എസ് സ്വീകരിച്ചിരുന്നത്.

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് ഇന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. ശ്രീരാമനെ ദശലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്നുണ്ട്. മതം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ബിജെപിയും ആര്‍എസ്എസും ചടങ്ങിനെ രാഷ്ട്രീയവത്കരിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും എഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഹമാസ് റാലിയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ അവഗണിക്കുന്നത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസ് പൂര്‍ണമായും മതമൗലികവാദികള്‍ക്ക് കീഴടങ്ങിക്കഴിഞ്ഞു. പട്ടേലിന്റെ കാലത്ത് സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയ പാര്‍ട്ടി രാഹുലിന്റെ കാലത്ത് ശ്രീരാമജന്മഭൂമിയെ തിരസ്‌കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

NSS g sukuamran nair
Advertisment