/sathyam/media/media_files/YkREjG1OnrzzYjEnRu5c.jpg)
ഡല്‍ഹി: ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. ആര്‍എസ്എസിനെ ആരാണ് ഗൗരവമായി കാണുന്നത്? പ്രധാനമന്ത്രി മോദി അവരെ കാര്യമായി എടുക്കുന്നില്ല, പിന്നെ നമ്മള്‍ എന്തിനാണ്?… സംസാരിക്കേണ്ട സമയത്ത് സംസാരിച്ചിരുന്നെങ്കില്‍ എല്ലാവരും അവരെ ഗൗരവമായി എടുക്കുമായിരുന്നു. ആ സമയത്ത് അവര്‍ (ആര്‍എസ്എസ്) മൗനം പാലിച്ചു. അവരും അധികാരം ആസ്വദിച്ചു… പവന്‍ ഖേര അഭിപ്രായപ്പെട്ടു.
അഹങ്കാരം മൂലമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 241 ല്‍ ഒതുങ്ങിയതെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിറംമങ്ങിയ വിജയത്തിന് കാരണം അഹങ്കാരമാണ്. അഹങ്കാരികളെ രാമന്‍ 241 ല്‍ ഒതുക്കിയെന്നും ജയ്പൂരിലെ കനോട്ടയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ഭഗവാന്‍ രാമന്റെ ഭക്തര്‍ പതുക്കെ അഹങ്കാരികളായി മാറി. അവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറി. പക്ഷേ അഹങ്കാരം മൂലം രാമന്‍ അവരെ 241ല്‍ നിര്‍ത്തിയെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം രാമവിരുദ്ധരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.