/sathyam/media/media_files/RCDZXNAFwXdGlvikM7ai.jpg)
മലപ്പുറം: രാമക്ഷേത്ര വിഷയം ചർച്ച ചെയ്ത് മുസ്ലിം ലീഗിന്റെ നേതൃയോഗം. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് രാമക്ഷേത്ര ഉദ്ഘാടനം. ഇത് ആരാധനയല്ല, രാഷ്ട്രീയമാണ്, രാഷ്ട്രീയ പാർട്ടികൾ അത് തിരിച്ചറിയണം. വിശ്വാസത്തിനോ ആരാധനാ സ്വാതന്ത്ര്യത്തിനോ പാർട്ടി എതിരല്ല. കോടതി വിധി വന്നപ്പോൾ പാർട്ടി നിലപാട് പറഞ്ഞതാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുന്നതിൽ മുസ്ലിം ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീരുമാനം എടുക്കാനുള്ള ആളുകൾ കോൺഗ്രസിലുണ്ട്. അതിന്റേതായ പ്രശ്നങ്ങൾ അവർക്ക് ദേശീയ തലത്തിൽ വിലയിരുത്തേണ്ടി വരും. അവർ സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ. തീരുമാനം എടുത്ത ശേഷം അവശ്യം എങ്കിൽ വീണ്ടും യോഗം ചേർന്ന് പറയും. ഓരോ പാർട്ടിയും സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം എല്ലാവരും തിരിച്ചറിയണം. അത് തിരിച്ചറിയുമെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ആരാധനാലയങ്ങൾ വിശ്വാസികളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഓരോ വിശ്വാസികൾക്കും അവരുടെ ആരാധനാലയങ്ങൾ പുണ്യമാണ് സുപ്രധാനമാണ്. ആ വിഷയത്തിൽ മുസ്ലിംങ്ങളും മുസ്ലിം ലീഗും വിശ്വാസികൾക്ക് ഒപ്പമാണെന്ന് സാദിഖ് അലി തങ്ങൾ വ്യക്തമാക്കി.
പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ മുസ്‌ലീം ലീഗ് രാഷ്ട്രീയ കാര്യ സമിതിയാണ് അടിയന്തര യോഗം ചേർന്നത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലികുട്ടി, പിഎംഎ സലാം, എംകെ മുനീർ, അബ്‌ദു സമദാനി എന്നിവർ പങ്കെടുത്തു. ദേശീയ നേതാക്കൾ ഓൺലൈനായും പങ്കെടുത്തു.