Advertisment

മോദി യുഎഇയിലേക്ക്, ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യും; നിര്‍ണായക കൂടിക്കാഴ്ചകളും ലക്ഷ്യം

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2022-23 ല്‍ ഏകദേശം 85 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമായി ഇരു രാജ്യങ്ങളും പരസ്പരം മികച്ച വ്യാപാര പങ്കാളികളാണ്.

author-image
ഗള്‍ഫ് ഡസ്ക്
New Update
modi uaee.jpg

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎഇയിലെത്തും. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം അദ്ദേഹം ഉദ്ഘാടനം  ചെയ്യും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും.  2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.

Advertisment

രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും വിപുലീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികള്‍ മോദിയും അല്‍ നഹ്യാനും ചര്‍ച്ച ചെയ്യും, പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തുമെന്ന് എംഇഎ അറിയിച്ചു.

''പ്രധാനമന്ത്രി ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടി 2024 ല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഉച്ചകോടിയില്‍ പ്രത്യേക മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് മന്ദിറിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കുമെന്നും സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞു. ഇന്ത്യയും യുഎഇയും ശക്തമായ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക ബന്ധങ്ങളാല്‍ ഊഷ്മളവും അടുത്തതും ബഹുമുഖവുമായ ബന്ധം ആസ്വദിക്കുകയാണ്.

2015 ഓഗസ്റ്റില്‍ മോദിയുടെ യുഎഇ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തമായി ഉയര്‍ത്തിയിരുന്നു. അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ക്കായി ഇന്ത്യന്‍ രൂപ, എഇഡി (യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദിര്‍ഹം) എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 2022 ഫെബ്രുവരിയില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലും (സിഇപിഎ) 2023 ജൂലൈയില്‍ ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (എല്‍സിഎസ്) സംവിധാനത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2022-23 ല്‍ ഏകദേശം 85 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമായി ഇരു രാജ്യങ്ങളും പരസ്പരം മികച്ച വ്യാപാര പങ്കാളികളാണ്. 2022-23 ലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നാല് നിക്ഷേപകരില്‍ യുഎഇയും ഉള്‍പ്പെടുന്നു.

അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് 'അഹ്ലന്‍ മോദി' എന്ന പരിപാടി സംഘടിപ്പിക്കുന്നത്. 50,000-ത്തിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്സ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചതായി ബാപ്സ് സ്വാമിനാരായണ സന്‍സ്തയുടെ പ്രസ്താവനയില്‍ നേരത്തെ അറിയിച്ചിരുന്നു. സ്വാമി ഈശ്വരചരന്ദാസിന്റെയും സ്വാമി ബ്രഹ്‌മവിഹാരിദാസിന്റെയും നേതൃത്വത്തില്‍ ബാപ്സ് സംഘടനയുടെ പ്രതിനിധികളാണ് പ്രധാനമന്ത്രിയെ ഡല്‍ഹിയിലെ വസതിയിലെത്തി നേരിട്ട് ഉദ്ഘാടനത്തിനുള്ള ക്ഷണം അറിയിച്ചത്.

അറബ് രാജ്യത്ത് ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചതായും അവര്‍ അറിയിച്ചിരുന്നു. വിരിഞ്ഞുനില്‍ക്കുന്ന താമരപ്പൂവിന്റെ രൂപത്തിലാണ് ബാപ്സ് ഹിന്ദു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.  കഴിഞ്ഞ വര്‍ഷം നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒന്ന് വരെ ദുബായില്‍ നടന്ന ഇഛജ28 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി മോദി യുഎഇയും സന്ദര്‍ശിച്ചിരുന്നു. 

 

uae latest news
Advertisment