തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആർ.ബിന്ദുവിന്റെ തലയ്ക്ക് മുകളിലൂടെ വകുപ്പിലെ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ പ്രൊഫ. രാജൻ ഗുരുക്കൾ.
മുൻ വൈസ്ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനുമായ ഗുരുക്കൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായുള്ള അടുപ്പമാണ് മന്ത്രിയെ തഴയാനിടയാക്കിയത്. ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കാനും യൂറോപ്പ്, അമേരിക്ക, ഗൾഫ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ കോൺക്ലേവുകൾ നടത്താനുമുള്ള ബജറ്റ് പ്രഖ്യാപനം താനറിയാതെയാണെന്ന് മന്ത്രിയും ആഗോള വിദ്യാഭ്യാസ സംഗമം നടത്തുന്നത് മന്ത്രി അറിഞ്ഞിട്ടില്ലെന്ന് രാജൻഗുരുക്കളും തുറന്നുപറഞ്ഞതോടെ വൻവിവാദമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ വഴിയാണ് ഈ പ്രഖ്യാപനം ബജറ്റിൽ ഇടംപിടിച്ചതെന്നാണ് അറിയുന്നത്.
/sathyam/media/media_files/yYEn4juNdNYtnC50EHZv.jpg)
കൗൺസിലിന്റെ ചുമതലയിൽ മേയ്, ജൂൺ മാസങ്ങളിൽ നാല് വിദേശ കോൺക്ലേവുകളും ആഗസ്റ്റിൽ സംസ്ഥാന കോൺക്ലേവും നടത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനം. അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ചേർന്ന് കേരളത്തിൽ പുതിയ സ്ഥാപനങ്ങൾക്കുള്ള നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.
ഇതിന് പ്രോത്സാഹന പാക്കേജുകളടക്കമായിരിക്കും പുതിയ നയം വരുന്നത്. പ്രധാനപ്പെട്ടതും നയപരവുമായ കാര്യം മന്ത്രി അറിഞ്ഞതേയില്ല. വിദേശ സർവകലാശാലകൾ അനുവദിക്കുമെന്ന പ്രഖ്യാപനവും മന്ത്രി ബിന്ദു അറിയാതെയാണ്. ആര് മുൻകൈയെടുത്തു എന്നതല്ല, വിദേശ യൂണിവേഴ്സിറ്റികളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് ഒഴിയാനാവില്ലെന്നതാണ് കാര്യമെന്നാണ് രാജൻ ഗുരുക്കൾ പറയുന്നത്.
മന്ത്രിയും വകുപ്പുമറിയാതെയും കൂടിയാലോചനകളില്ലാതെയും തീരുമാനങ്ങളെടുക്കുകയും നടപ്പാക്കാനാവാത്ത പരിഷ്കാരങ്ങൾക്ക് നിർബന്ധിക്കുകയും ചെയ്യുന്ന ഗുരുക്കളെ പുറത്താക്കണമെന്ന് മന്ത്രി ബിന്ദു ആവശ്യപ്പെട്ടിരുന്നതാണ്.
കഴിഞ്ഞ സെപ്തംബറിൽ മുഖ്യമന്ത്രിയുടെ ഓഫീസിടപെട്ട് ഗുരുക്കളെ തുടരാൻ അനുവദിച്ചു. 2021ൽ നാലുവർഷ കാലാവധി കഴിഞ്ഞ ഗുരുക്കൾ കൗൺസിലിൽ തുടരുന്നതിനിടെയാണ് സെപ്തംബറിൽ 4വർഷം കൂടി നീട്ടിയത്.
ഫലത്തിൽ 7വർഷമായി കൗൺസിൽ തലപ്പത്തുണ്ട് ഗുരുക്കൾ. ഒന്നാം പിണറായി സർക്കാർ നിയമിച്ച കൗൺസിൽ നേതൃത്വത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പും വിലയിരുത്തിയത്. പാഠ്യപദ്ധതി പരിഷ്‌കരണ ശിൽപ്പശാലയിൽ അദ്ധ്യാപക സംഘടനകളും എസ്. എഫ്. ഐയും കൗൺസിലിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും നയം നടപ്പാക്കാതിരിക്കുമ്പോഴാണ് ഇവിടെ അനാവശ്യ തിടുക്കമെന്നാണ് ഇടത് അദ്ധ്യാപക സംഘടനാ നേതാക്കൾ വിമർശിച്ചത്. ദേശീയ നയം നടപ്പാക്കാൻ കൗൺസിൽ കോളേജുകളെയും യൂണിവേഴ്സിറ്റികളെയും നിർബന്ധിക്കുകയാണെന്നും ആരോപണമുയർന്നു.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ അന്ധമായ ആവർത്തനമോ സമാന മാതൃകയോ ആകരുത് കേരളത്തിലെ പരിഷ്കാരമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിനു ബദലാവാൻ നമുക്ക് കഴിയണമെന്നും ദേശീയ നയത്തിലേതു പോലെ ലാഭാധിഷ്ഠിതവും സങ്കുചിത കാഴ്ചപ്പാടുമുള്ളതാവരുതെന്നും മന്ത്രി ബിന്ദു പരസ്യമായി വിമർശിച്ചിരുന്നു.
കൗൺസിലിന്റെ നടപടികളെ എസ്.എഫ്.ഐയും രൂക്ഷമായി വിമർശിച്ചിരുന്നു. നാലുവർഷ ബിരുദമടക്കം ഉന്നതവിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ വിശദമായ ചർച്ചയിലൂടെ വ്യക്തത വരുത്തിയ ശേഷമേ നടപ്പാക്കാവൂ എന്നാണ് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ ചർച്ചകളെല്ലാം അദ്ധ്യാപകരുടെ ജോലി ഭാരം, സേവന വ്യവസ്ഥകൾ തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ളതാണ്.
/sathyam/media/media_files/2n4bEyQiYku6xXz57uvE.webp)
ചർച്ചകൾ വിദ്യാർത്ഥി കേന്ദ്രീകൃതമായിരിക്കണം. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും തോന്നുംപടിയാണ്. അതിനാൽ കോഴ്സുകൾ നീണ്ടുപോവുകയാണ്. പരീക്ഷ സമയത്ത് നടത്തി ഫലം പ്രഖ്യാപിക്കാനാവണം പ്രഥമ പരിഗണനയെന്നും ആദ്യം നടപ്പാക്കേണ്ടത് പരീക്ഷാ പരിഷ്‌കരണമാണെന്നും എസ്.എഫ്.ഐ കുറ്റപ്പെടുത്തി.
ശിൽപ്പശാലയിൽ പ്രസംഗിച്ചവരെല്ലാം കൗൺസിലിനെയും രാജൻ ഗുരുക്കളെയും എതിർത്തു. മന്ത്രി ബിന്ദുവിനെ മറികടന്ന്, മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി ഗുരുക്കളും വറുഗ്ഗീസും തുടരാൻ അനുമതി നേടിയെടുക്കുകയായിരുന്നുവെന്നാണ് വിവരം.
പരീക്ഷയും ഫലപ്രഖ്യാപനവും തോന്നുംപടിയായിട്ടും കൗൺസിലിന് ഇടപെടാനാവുന്നില്ല. സമയത്ത് പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുന്നതടക്കം പരീക്ഷാ പരിഷ്‌കരണങ്ങളും ഫലംകണ്ടിട്ടില്ല.