Advertisment

സിദ്ധാര്‍ത്ഥന്റെ മരണം: സംസ്ഥാനം ഇതുവരെ കേസ് സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

പൂക്കോട് സര്‍വകലാശാലയിലെ പുതിയ വിസിയുടെ നിലപാടുകള്‍ക്കെതിരെ ഗവര്‍ണറെ സമീപിക്കാനാണ് ഇവരുടെ ആലോചന. ഈ മാസം ഒൻപതിനാണ് സിദ്ധാര്‍ഥന്‍റെ മരണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

New Update
rajiv

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാന സർക്കാരിൽ നിന്ന് സിബിഐക്ക് ഫയൽ പോയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. കേസ് ഫയൽ സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം റഫര്‍ ചെയ്യേണ്ടതായിരുന്നു. സിബിഐ അന്വേഷണത്തിന് മുമ്പ് എന്തിനാണ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതെന്ന് ചോദിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം കേസിനെ തട്ടിക്കളിക്കാൻ സമ്മതിക്കില്ലെന്നും ഉടൻ സിബിഐ അന്വേഷണം തുടങ്ങണമെന്നും പറഞ്ഞു.

കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തെന്നും സര്‍ക്കാര്‍ വിജ്ഞാപനം വന്നയുടനെ തന്നെ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചു കൊടുത്തുവെന്നുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുന്നത്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അതിനാലാണ് രാജീവ് ചന്ദ്രശേഖറോട് സഹായം തേടിയതെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛൻ ജയപ്രകാശ് പ്രതികരിച്ചു. വളരെ പോസിറ്റീവായാണ് അദ്ദേഹം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്‍റെ വാമൂടിക്കെട്ടാനാണോ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സംശയമുണ്ടെന്ന് ഇദ്ദേഹം രാവിലെ  പറഞ്ഞിരുന്നു.

 പൂക്കോട് സര്‍വകലാശാലയിലെ പുതിയ വിസിയുടെ നിലപാടുകള്‍ക്കെതിരെ ഗവര്‍ണറെ സമീപിക്കാനാണ് ഇവരുടെ ആലോചന. ഈ മാസം ഒൻപതിനാണ് സിദ്ധാര്‍ഥന്‍റെ മരണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതോടെ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം നിലച്ചു. സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടുമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേസില്‍ ഒരു പുരോഗതിയും ഇല്ല. തെളിവുകള്‍ പലതും നശിപ്പിക്കുന്നതായും കേസ് തേയ്ച്ചുമായ്ച്ചു കളയാനാണ് ശ്രമമെന്നും സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശ് ആരോപിക്കുന്നു. കുടുംബത്തിന്‍റെ ആവശ്യത്തിനൊപ്പം പ്രതിപക്ഷസംഘടനകളുടെ സമരവും കൊടുമ്പിരി കൊണ്ടപ്പോഴാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കേസ് ഏറ്റെടുക്കണമോയെന്ന കാര്യം സിബിഐയാണ് തീരുമാനിക്കേണ്ടതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വാദം.

rajiv chandrasekhar
Advertisment