Advertisment

അഭിപ്രായ സ്വാതന്ത്ര്യം അക്രമം പ്രേരിപ്പിക്കുന്നതിലേക്ക് വ്യാപിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങളെ സംബന്ധിച്ചടുത്തോളം അത് സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ് അല്ലാതെ പ്രതിരോധമല്ല, അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ടതില്ല: എസ് ജയശങ്കര്‍

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷമുടലെടുത്തിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

New Update
s jayasankerr

അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ കാനഡ നയതന്ത്ര തര്‍ക്കത്തെക്കുറിച്ച്

സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തീവ്രവാദത്തിനും അക്രമത്തിനുമുളള കാനഡയുടെ അനുവാദം പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

'നമ്മള്‍ ഒരു ജനാധിപത്യ രാജ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്ന് മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ടതില്ല. അഭിപ്രായ സ്വാതന്ത്ര്യം അക്രമം പ്രേരിപ്പിക്കുന്നതിലേക്ക് വ്യാപിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങളെ സംബന്ധിച്ചടുത്തോളം അത് സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ് അല്ലാതെ പ്രതിരോധമല്ല' ജയശങ്കര്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുളള കാനഡയിലെ ഖാലിസ്ഥാനി ഭീഷണി പോസ്റ്ററുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷമുടലെടുത്തിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യയും കാനഡയും പരസ്പരം സംസാരിക്കണമെന്നും നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും 

അദ്ദേഹം പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ എന്നിവരുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ കാനഡയുടെ ആരോപണങ്ങളില്‍ തെളിവുകളുടെ അഭാവത്തെക്കുറിച്ചുളള ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. അവരുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസക്തമായ വിവരങ്ങള്‍ ഞങ്ങളുമായി പങ്കിടാന്‍ തയ്യാറാണെങ്കില്‍, ഞങ്ങള്‍ അത് നോക്കാന്‍ തയ്യാറാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ക്ക് കുറച്ച് വര്‍ഷങ്ങളായി കാനഡയുമായും കനേഡിയന്‍ സര്‍ക്കാരുമായും പ്രശ്‌നമുണ്ട്. തീവ്രവാദം, അക്രമം എന്നിവയ്ക്കുള്ള അനുവാദത്തെ ചുറ്റിപ്പറ്റിയാണ് നിലവിലുള്ള പ്രശ്‌നം. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട അഭ്യര്‍ത്ഥനകളോട് കാനഡ പ്രതികരിക്കാത്തതും ഈ അനുവാദം പ്രതിഫലിപ്പിക്കുന്നു.' അദ്ദേഹം പറഞ്ഞു.തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും കാനഡ അഭയം നല്‍കുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഉന്നയിച്ച ജയശങ്കര്‍, രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ സാധാരണമാണെന്ന് കണക്കാക്കരുതെന്നും പറഞ്ഞു. 

'ഞങ്ങളുടെ മിഷനുകള്‍ക്ക് നേരെ സ്‌മോക്  ബോംബുകള്‍ എറിഞ്ഞിട്ടുണ്ട്, കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ അക്രമം നടത്തിയിട്ടുണ്ട്, പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്, ഇത് സാധാരണമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? മറ്റേതെങ്കിലും രാജ്യത്തിനാണ് ഇത് സംഭവിച്ചതെങ്കില്‍ അവര്‍ എങ്ങനെ പ്രതികരിക്കും. കാനഡയില്‍ നടക്കുന്നതിനെ സാധാരണമായി കാണരുത്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് വിളിച്ചുപറയേണ്ടത് പ്രധാനമാണ്.' ജയശങ്കര്‍ പറഞ്ഞു.

കാനഡയില്‍ സംഭവിക്കുന്നത് മറ്റേതെങ്കിലും രാജ്യത്ത് സംഭവിച്ചാല്‍ ലോകം എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. 'കാനഡയില്‍ എന്താണ് സംഭവിക്കുന്നത്, അത് മറ്റെവിടെയെങ്കിലുമാണ് സംഭവിച്ചിരുന്നതെങ്കില്‍, ലോകം ഇത്ര സമചിത്തതയോടെ ഏറ്റെടുക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?' അദ്ദേഹം ചോദിച്ചു.

കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പോകുമ്പോള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. 'അവരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. കാനഡയിലെ വിസ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ പോലും പ്രേരിപ്പിച്ചത് അതാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയും ഇന്ത്യയും ചേര്‍ന്ന് ഈ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്റണി ബ്ലിങ്കെന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയിരിക്കുകയാണ് ജയശങ്കര്‍

 

canada s jayasanker
Advertisment