/sathyam/media/media_files/fybi1aXo7VD0nwKU1KHA.jpg)
കോഴിക്കോട്: ലീഗ്-സമസ്ത തർക്കത്തിൽ പിഎംഎ സലാമിനെ പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തട്ടം വിവാദത്തിനുള്ള മറുപടിയാണ് പിഎംഎ സലാം പറഞ്ഞത്. സമസ്തയെ ഉദ്ദേശിച്ചല്ലെന്ന് പിഎംഎ സലാം പാർട്ടിയിൽ പറഞ്ഞിട്ടുണ്ട്. സമസ്തയുടെ മസ്തിഷ്കം ലീഗിനൊപ്പമാണ്. സലാമിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'മുസ്ലിം സ്ത്രീകൾ തട്ടമിടണോ വേണ്ടയോ തീരുമാനിക്കുന്നത് മുസ്ലിം സ്ത്രീകളാണ്. അത് പാരമ്പര്യമാണ്. പുരോഗമനത്തിന്റെ പേരിൽ അതിനെ വിമർശിക്കാൻ ആർക്കും അധികാരമില്ല. അതിനെ മുസ്ലിം ലീഗ് കൗണ്ടർ ചെയ്തതാണ്. ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സലാം പാർട്ടിയോട് പറഞ്ഞു. ജിഫ്രി തങ്ങളെ ഉദ്ദേശിച്ചില്ല താന്‍ സംസാരിച്ചതെന്നും സലാം പറഞ്ഞു. സമസ്തയുടെ നേതാക്കൾ ആരും ഇക്കാര്യത്തിൽ മുസ്ലിം ലീഗിനെ സമീപിക്കുകയോ, വിമർശിക്കുകയോ ചെയ്തിട്ടില്ല.
ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴൊന്നും ഈ വിഷയം സംസാരിച്ചിട്ടില്ല. കത്ത് വാർത്താമാധ്യമങ്ങളിലൂടെയാണ് വായിച്ചത്. കത്ത് നേരിട്ട് കൊണ്ടുവന്ന് തരണം. എന്നാൽ അതുണ്ടായില്ല. പത്രക്കാർക്ക് കൊടുത്ത കത്തിന് മറുപടി പറയാൻ പറ്റില്ല. പാർട്ടിക്ക് അതിനൊന്നും സമയമില്ല', സാദിഖലി തങ്ങൾ പറഞ്ഞു.
സമസ്തയുടെ മസ്തിഷ്കം ലീഗിനൊപ്പമാണ്. ലീഗ് എന്നും സമസ്തയുമായി യോജിച്ച് പോകും. തലയിരിക്കുമ്പോൾ വാലാടുന്നത് ശരിയല്ല. സമസ്തയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. പോസിറ്റീവായ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നും വിവാദങ്ങളിലൂടെ സഞ്ചരിച്ചിട്ട് ആർക്ക് എന്ത് നേട്ടമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഖുദ്സിന്റെ മോചനമാണ് വിഷയമെന്ന് പലസ്തീൻ ഇസ്രയേൽ യുദ്ധത്തിൽ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.
എല്ലാവിശ്വാസികളും ബഹുമാനിക്കുന്ന ആരാധനാലയമാണത്. അതിനുവേണ്ടിയാണ് പലസ്തീനികൾ പോരാടുന്നത്. ഇസ്രയേലിന്റെ അധിനിവേശത്തിനെതിരാണ് പലസ്‌തീനികളുടെ പ്രത്യാക്രമണം. ആക്രമണങ്ങൾകൊണ്ടോ, പ്രത്യാക്രമണങ്ങളാലോ അല്ല മോചനം സാധ്യമാക്കേണ്ടതെന്നും ലോകസമൂഹം രാഷ്ട്രീയമായിട്ടുള്ള പരിഹാരം കാണാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടണം. ഹമാസിൽ തീവ്രവാദമുണ്ട്. ഇസ്രയേൽ ആക്രമണങ്ങൾ അതിനേക്കാൾ ഭീകരമാണ്. നിരന്തരം പ്രകോപനം നടത്തുകയാണ്. നിരപരാധികളാണ് കൊല്ലപ്പെടുന്നതെന്നും സാദിഖലി കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us