Advertisment

തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

2011 മുതല്‍ 2015 വരെ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കായി കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്ക് എതിരെയുള്ള ആരോപണം.

New Update
senthil balaji bail.jpg

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)  രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 2023 ജൂണ്‍ 14നാണ്  സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെ ഫെബ്രുവരി 13ന് സെന്തില്‍ ബാലാജി സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു. 

Advertisment

വിശ്വസനീയമായ തെളിവുകളുടെ അഭാവം, ഇഡിയുടെ അന്വേഷണത്തിന്റെ സമാപനം, മന്ത്രിസഭയില്‍ നിന്നുള്ള സെന്തില്‍ ബാലാജിയുടെ രാജി തുടങ്ങി നിരവധി കാരണങ്ങല്‍ ചൂണ്ടികാട്ടിയാണ് ജാമ്യം തേടിയത്. എന്നാല്‍ ഈ വാദങ്ങളെ ഇഡി അഭിഭാഷകര്‍ വ്യാപകമായി എതിര്‍ത്തിരുന്നു. ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് വെങ്കിടേഷ് കേസില്‍ മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.  2023 ഓഗസ്റ്റില്‍, ഈ കേസുമായി ബന്ധപ്പെട്ട് ഇഡി 3,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതില്‍ സെന്തില്‍ ബാലാജി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായും സഹോദരനുമായും ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.

2011 മുതല്‍ 2015 വരെ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കായി കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്ക് എതിരെയുള്ള ആരോപണം. ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സെന്തില്‍ ബാലാജി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിയുടെ അടുത്ത സഹായികളായ ബി ഷണ്‍മുഖം, എം കാര്‍ത്തികേയന്‍ എന്നിവരാണ് ഇടപാടുകള്‍ നടത്തിയതെന്ന് ഇഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തില്‍ ബാലാജിയുടെ അക്കൗണ്ടില്‍ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ 14നാണ് സെന്തിലിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.

 

senthil balaji
Advertisment