സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ്

സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

New Update
udayanidhi sc.

ഡല്‍ഹി: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന് സുപ്രീം കോടതിയുടെ നോട്ടീസ്. മന്ത്രിയെന്ന നിലയില്‍ പരിപാടിയില്‍ പങ്കെടുത്തതിനെതിരെയും പരിപാടിയും ഭരണഘടാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ഉദയനിധി സ്റ്റാലിനോട് വിശദീകരണം തേടിയെങ്കിലും ഹര്‍ജിയുമായി നേരിട്ട് സുപ്രീം കോടതിയെ സമീപിച്ച നടപടിയെ ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

സുപ്രീം കോടതിയെ പൊലീസ് സ്റ്റേഷന്‍ ആക്കി മാറ്റുകയാണ്. പരാതിയുമായി ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്നും സുപ്രീം കോടതി പരാമര്‍ശിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബെല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമര്‍ശനം.

Advertisment

സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഉദയനിധി സ്റ്റാലിനെതിരെ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്റ്റാലിന്റെ പരാമര്‍ശത്തില്‍ വലിയ വിവാദവും പ്രതിഷേധവുമാണ് രാജ്യത്തുടനീളം ഉയര്‍ന്നത്. നിരവധി പേര്‍ അദ്ദേഹത്തെ പിന്തുണച്ചും രംഗത്തെത്തി. ഉദയനിധിയുടെ പ്രസ്താവന രാജ്യത്തിന്റെ പാരമ്പര്യത്തിനെതിരായ ആക്രമണമാണെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസം​ഗമാകരുതെന്നും മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം പ്രയോ​ഗിക്കുമ്പോൾ സൂക്ഷിക്കേണ്ടതുണ്ടെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പ്രതികരണം. 'ഇന്‍ഡ്യ' മുന്നണി സനാതന ധർമത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എല്ലാ സനാതന ധർമ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തുവരണമെന്നുമായിരുന്നു സനാതന ധർമ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

supreme court suprme court udayanidhi stalin
Advertisment