സനാതന ധർമ്മ വിവാദം : ഉദയനിധി സ്റ്റാലിനെതിരായ ഹർജിയിൽ വാദം കേൾക്കാൻ സമ്മതിച്ച് സുപ്രീം കോടതി

തമിഴ്‌നാടിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് വാദം കേൾക്കാൻ കോടതി സമ്മതിച്ചത്. 

New Update
udayanidhi supreme court

 ഡല്‍ഹി; സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ദ്രാവിഡ മുന്നേറ്റ കഴകത്തിനും (ഡിഎംകെ) എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ വാദം കേൾക്കാൻ സമ്മതിച്ച് സുപ്രീം കോടതി. തമിഴ്‌നാടിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് വാദം കേൾക്കാൻ കോടതി സമ്മതിച്ചത്. 

Advertisment

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉദയനിധിക്കെതിരായ ഹർജിയിന്മേൽ നോട്ടീസ് നൽകിയില്ലെങ്കിലും ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ വിനീത് ജിൻഡാൽ സമർപ്പിച്ച ഹർജി കോടതി പരാമർശിച്ചു. വിഷയത്തിൽ പരിഗണിക്കാനിരിക്കുന്ന മറ്റ് ഹർജികൾക്കൊപ്പം ഇതും പരിഗണിക്കും.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സ്വമേധയാ ക്രിമിനൽ നടപടികൾ സ്വീകരിക്കാനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശം തമിഴ്‌നാട് പോലീസ് പാലിക്കാത്തത് എന്തുകൊണ്ടാണെന്നും ഡൽഹി, ചെന്നൈ പോലീസുകൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ജിൻഡാൽ ഹർജിയിൽ പറഞ്ഞു. 

കേസിൽ ഹ്രസ്വ വാദം കേൾക്കവെ തമിഴ്‌നാട് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അമിത് ആനന്ദ് തിവാരി റിട്ട് ഹർജി പരിഗണിക്കുന്നതിൽ എതിർപ്പ് ഉന്നയിച്ചു. പബ്ലിസിറ്റിക്കായി ഇത്തരം പൊതുതാൽപര്യ ഹർജികൾ ഒരുപാട് വരുന്നുണ്ടെന്നും, ഇതേ വിഷയത്തിൽ രാജ്യത്തുടനീളം വിവിധ ഹൈക്കോടതികളിലായി 40 റിട്ട് ഹർജികളുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്നാൽ കേസിൽ നോട്ടീസ് അയക്കുന്നില്ലെന്നും മറ്റ് കേസുകൾക്കൊപ്പം ഇതും ചേർത്ത് വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. 

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ മകനായ ഉദയനിധി സനാതന ധർമ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും ഉപമിച്ചതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. സനാതന ധർമ്മം ജാതി വ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു ഡിഎംകെ മന്ത്രിയുടെ വാദം. സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഉദയനിധി അതിനെ തുടച്ചുനീക്കണമെന്നും ആഹ്വാനം ചെയ്‌തിരുന്നു.

"സനാതനത്തെ എതിർക്കുന്നതിനുപകരം അതിനെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. സനാതന എന്ന പേര് സംസ്‌കൃതത്തിൽ നിന്നാണ് വന്നത്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്"- ഉദയനിധി പറഞ്ഞു. ദേശീയ തലത്തിൽ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചെങ്കിലും തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും തന്റെ പരാമർശങ്ങൾ വംശഹത്യയുടെ ആഹ്വാനമായി തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്നും ഉദയനിധി പിന്നീട് പ്രതികരിച്ചു. ഡിഎംകെ സർക്കാരിൽ യുവജനക്ഷേമ കായിക വികസന മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ.

supreme court udayanidhi stalin
Advertisment