Advertisment

കോഴവാങ്ങി വോട്ട് ചെയ്താൽ ജനപ്രതിനിധികൾക്ക് പരിരക്ഷ വേണോ? ജെഎംഎം കോഴക്കേസ് വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി; രാജ്യത്തെ ക്രിമിനൽ നിയമങ്ങളുടെ കാര്യത്തിൽ, പൗരന്മാരിൽനിന്ന് വ്യത്യസ്തമായ രീതിയിൽ ജനപ്രധിനിധികളെ പ്രതിഷ്ഠിക്കുന്നത് പൊരുത്തക്കേടാണെന്ന് കോടതി

ഭരണഘടനയുടെ അനുച്ഛേദം 105(2), 194(2) പ്രകാരം എംപിമാർക്കും എം‌എൽ‌എമാർക്കും പ്രോസിക്യൂഷനിൽനിന്ന് ലഭിക്കുന്ന പരിരക്ഷയാണിത്.

New Update
supreme court manipur

ഡല്‍ഹി; പാർലമെന്റിലോ നിയമസഭകളിലോ വോട്ട് ചെയ്യുന്നതിനോ പ്രസംഗിക്കുന്നതിനോ പകരം പണം വാങ്ങിയാലും നിയമപനടപടികളിൽനിന്ന് എംപിമാരെയും എംഎൽഎമാരെയും സംരക്ഷിക്കുന്ന വിധി പുനഃപരിശോധിക്കാനൊരുങ്ങി സുപ്രീം കോടതി. 25 വർഷം മുൻപുള്ള നരസിംഹറാവു കേസിലെ വിധിയാണ് സുപ്രീം കോടതി പുനഃപരിശോധിക്കുക.

വിധിയുടെ കൃത്യത പരിശോധിക്കാനായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് രുപീകരിച്ചു. രാജ്യത്തെ ക്രിമിനൽ നിയമങ്ങളുടെ കാര്യത്തിൽ, പൗരന്മാരിൽനിന്ന് വ്യത്യസ്തമായ രീതിയിൽ ജനപ്രധിനിധികളെ പ്രതിഷ്ഠിക്കുന്നത് പൊരുത്തക്കേടാണെന്ന് കോടതി നിരീക്ഷിച്ചു.

ഭരണഘടനയുടെ 105(2), 94(2) വകുപ്പുകൾ പ്രകാരം സഭകളിൽ വോട്ട്, പ്രസംഗം എന്നിവയുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി കേസുകളിൽ ജനപ്രതിനിധികൾക്ക് പ്രോസിക്യൂഷനിൽനിന്ന് പരിരക്ഷ ലഭിക്കുമെന്നാണ് 1998 ലെ വിധിയിൽ പറഞ്ഞത്. ഈ വിധി വീണ്ടും പരിശോധിക്കാൻ ഏഴംഗ ബെഞ്ചിന് വിടണമോയെന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് പുറമെ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർ ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.

"ഭരണഘടനയുടെ അനുച്ഛേദം 105(2), 194(2) പ്രകാരം എംപിമാർക്കും എം‌എൽ‌എമാർക്കും പ്രോസിക്യൂഷനിൽനിന്ന് ലഭിക്കുന്ന പരിരക്ഷയാണിത്. ഉയർന്ന പദവി വഹിക്കുന്നുവെ ന്നതിനാൽ സാധാരണ പൗരന്മാരിൽനിന്ന് ജനപ്രതിനിധികളെ വേർതിരിക്കാനാവില്ല," ബെഞ്ച് ചൂണ്ടിക്കാട്ടി.

അവിശ്വാസ പ്രമേയത്തിൽ നരസിംഹ റാവു സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ എംപിമാർ പണം വാങ്ങിയാലും പാർലമെന്റംഗങ്ങൾ എന്ന നിലയിൽ അവർ നിയമനടപടിയിൽനിന്ന് സംരക്ഷിക്കപ്പെടുമെന്നായിരുന്നു 1998-ൽ പിവി നരസിംഹറാവു കേസിൽ സുപ്രീംകോടതി വിധി. എന്നാൽ, 2007-ൽ, രാജാ രാംപാൽ കേസിൽ സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച്, പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയവരെ സഭയിൽനിന്ന് സ്ഥിരമായി പുറത്താക്കണമെന്ന് വിധിച്ചിരുന്നു.

ഝാർഖണ്ഡ് എംഎൽഎയായിരുന്ന സീത സോറനുനേരെയുള്ള ആരോപണവുമായി ബന്ധപ്പെട്ടാണ് നിലവിൽ നരസിംഹ റാവു വിധി വീണ്ടും പരിശോധിക്കുന്നത്. മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) അധ്യക്ഷനുമായിരുന്ന ഷിബുസോറന്റെ മകനും ഹേമന്ദ് സോറന്റെ സഹോദരനുമായ ദുർഗ സോറന്റെ ഭാര്യ സീത 2012ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ കണ്ടെത്തിയത്.

ഒരു രാജ്യസഭാ സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ സീത സോറൻ പണം വാങ്ങിയെന്നും എന്നാൽ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു എന്നുമായിരുന്നു ആരോപണം. സീത സോറൻ ഭരണഘടനയുടെ അനുച്ഛേദം 194(2) പ്രകാരമുള്ള സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

supreme court latest news
Advertisment