കണ്ണൂർ: കണ്ണൂർ കോട്ടയിൽ ഇത്തവണ ആരാണ് കളം പിടിക്കുകയെന്ന ആകാംക്ഷ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴേക്കും കൂടി വരികയാണ്. രാഷ്ട്രീയം തിളച്ചു മറിയുന്ന ജില്ലയും പാർലമെന്റ് മണ്ഡലവുമാണ് കണ്ണൂർ. സ്ഥിരമായി ഏതെങ്കിലുമൊരാളെ കോട്ട ഏൽപ്പിച്ച ചരിത്രം കണ്ണൂരുനില്ല. സിപിഎം ഉരുക്കു കോട്ട എന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും വോട്ടെടുപ്പിൽ ഈ കോട്ട കൊത്തളങ്ങൾ തകർന്ന ചരിത്രമാണ് ഉള്ളത്.
കെ. സുധാകരൻ എന്ന കണ്ണൂരിലെ കട്ടക്ക് നിൽക്കുന്ന പടത്തലവൻ ഇത്തവണ രംഗം വിടുകയാണ് എന്നാണ് വാർത്തകൾ. രോഗങ്ങൾ,ഓർമ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ സുധാകരനെ അലട്ടുന്നുണ്ട്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് ഈയിടെയാണ് തിരിച്ചെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ രംഗമൊഴിയാൻ തീരുമാനിച്ചതാണ് സുധാകരൻ.
/sathyam/media/post_attachments/c6f25c74f964baa6ade9a2c2585228e0d064404731c6ede06328900264d542a5.jpg?auto=format%2Ccompress&fit=max&w=1200)
അപ്പോൾ കണ്ണൂരിൽ സുധാകരന് പകരക്കാരനെ അന്വേഷിക്കാൻ സമിതി രൂപീകരിച്ചു. കണ്ണൂരിൽ മാത്രമല്ല ആലപ്പുഴയിലും വേണം പ്രമുഖനെ. കണ്ണൂരിലാണെങ്കിൽ എൽ ഡി എഫ് രണ്ടും കൽപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം താഴെത്തട്ടിൽ നടത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്തു വന്നാലും കോട്ട തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി സിപിഎമ്മും എൽ ഡി എഫും രംഗത്തിറങ്ങിക്കഴിഞ്ഞു.
സുധാകരനില്ലെങ്കിൽ കണ്ണൂരിൽ കോൺഗ്രസ്സിന് ആര് എന്ന ചോദ്യത്തെക്കാളുപരി സുധാകരൻ ആരെയാണ് തന്റെ പിൻഗാമിയായി രംഗത്ത് കൊണ്ട് വരിക എന്നതാണ് പ്രധാനം. രണ്ടു മൂന്ന് പേരുകൾ പറഞ്ഞു കേൾക്കുന്നു. അതിലൊരാൾ മുൻപ് കണ്ണൂരിനെ പ്രതിനിധീകരിച്ച മുല്ലപ്പള്ളി രാമചന്ദ്രനാണ്. മറ്റൊരാൾ സുധാകരന്റെ വിശ്വസ്തൻ കെ പി സി സി സെക്രട്ടറി കെ.ജയന്ത് ആണ്. അതുമല്ലെങ്കിൽ ഈയിടെ മേയർ സ്ഥാനത്തു നിന്നൊഴിഞ്ഞ ടി ഓ മോഹനൻ . ഈ മൂന്ന് പേരുകളാണ് ഉയർന്നു കേൾക്കുന്നത്.
/sathyam/media/post_attachments/099d451f06a18c36bb5c958e022d95f77aa6d29617bf146a6a5baaf987f97a2d.jpg)
നേതൃത്വവുമായി ഉടക്കി നിൽക്കുകയും കുറെ കാലമായി സംഘടനാ രംഗത്ത് സജീവമാകാത്ത ആളുമായ മുല്ലപ്പള്ളിക്ക് വലിയ സാധ്യത ഇല്ലെന്നാണ് കോൺഗ്രസ്സിലെ ചില നേതാക്കൾ തന്നെ പറയുന്നത്. പക്ഷെ അദ്ദേഹത്തിന് കണ്ണൂരിലുള്ള സ്വാധീനം പാർട്ടി മുഖവിലക്കെടുത്താൽ അവസാന നിമിഷം പരിഗണിക്കപ്പെട്ടേക്കാം. ജയന്ത് സ്ഥാനാർത്ഥിയാവണം എന്ന താല്പര്യമാണ് കെ സുധാകരനുള്ളത്. ഇടയ്ക്ക് കെ മുരളീധരനെ വടകരയിൽ നിന്ന് മാറ്റി കണ്ണൂരിൽ മത്സരിപ്പിച്ചേക്കും എന്നും സൂചനകൾ വന്നിരുന്നു. അതിൽ മുരളീധരന്റെ കൂടി താല്പര്യം പരിഗണിച്ചായിരിക്കും തീരുമാനം.
/sathyam/media/post_attachments/cc969ac56f958164e4c550308a1df5b21a891eead424704e770259e35c9c18ed.jpg)
അതേസമയം സിപിഎമ്മിൽ യുവ നേതാവ് സ്ഥാനാർത്ഥിയായേക്കും. അങ്ങനെ വന്നാൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന് സാധ്യതയുണ്ട്. കെ കെ ശൈലജയെ കണ്ണൂരിനു പുറമെ വടകരയിലും സിപിഎം ആലോചിക്കുന്നതായാണ് വിവരം. മഹിളാ അസോസിയേഷൻ നേതാവും മുൻ എം എൽ എ ജെയിംസ് മാത്യുവിന്റെ ഭാര്യയുമായ എൻ.സുകന്യയുടെ പേരും പരിഗണനയിലുണ്ട്. അവസാന ലിസ്റ്റിൽ ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും പരിഗണിക്കപ്പെട്ടേക്കാം.
ഇതാണ് കണ്ണൂരിൽ ഇരു മുന്നണികളുടെയും സ്ഥാനാർത്ഥി പരിഗണന സാദ്ധ്യതകൾ. എന്തായാലും കണ്ണൂർ കോട്ടയിൽ പോരാട്ടം ഇത്തവണ കനക്കുമെന്ന് ഉറപ്പാണ്.