Advertisment

വടകരയെ വർഗീയമായി ഭിന്നിപ്പിക്കാനുളള ശ്രമങ്ങൾക്ക് താക്കീതായി യു.ഡി.എഫിൻെറ ജനകീയ കൂട്ടായ്മ. മതത്തിൻെറ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് സി.പി.എമ്മിനോട് കൈകൂപ്പി അഭ്യർത്ഥിച്ച് വി.ഡി.സതീശൻ. വർഗീയത പ്രചരിപ്പിച്ചാൽ നേട്ടമുണ്ടാകുക സി.പി.എമ്മിന് ആയിരിക്കില്ല, വർഗീയ കക്ഷികൾക്കായിരിക്കുമെന്നും ഓർമ്മപ്പെടുത്തി സതീശൻ. വടകരയെ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറത്ത് ചേർത്ത് നിർത്തുമെന്ന് ഷാഫി പറമ്പിൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
G

കോഴിക്കോട് : വടകരയെ വർഗീയമായി ഭിന്നിപ്പിക്കാനുളള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്ന പ്രഖ്യാപനവുമായി യു‍.ഡി.എഫിൻെറ ജനകീയ കൂട്ടായ്മ. വോട്ടിന് വേണ്ടി വടകരയിൽ വർഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് സി.പി.എം സംഘടിപ്പിച്ച സമ്മേളനത്തിന് മറുപടി നൽകാനാണ് യു.ഡി.എഫും ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്.

Advertisment

വർഗീയ പ്രചരണം നടത്തിയവർ തന്നെ അത് മറ്റുളളവർക്ക് മേൽ ആരോപിക്കുന്നതാണ് വടകരയിൽ കണ്ടെതെന്നാണ് കൂട്ടായ്മയിൽ സംസാരിച്ച യു.ഡി.എഫ് നേതാക്കൾ പ്രകടിപ്പിച്ച പൊതുവികാരം.സി.പി.എം പരിപാടിയിൽ നേതാക്കൾ ഉയർത്തിയ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും അക്കമിട്ട് മറുപടി പറയുന്നതായിരുന്നു യു.ഡി.എഫ് നേതാക്കളുടെ പ്രസംഗങ്ങൾ. കൂട്ടായ്മ ഉൽഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തന്നെയാണ് അതിന് നേതൃത്വം കൊടുത്തത്.

വർഗീയ പ്രചരണം നടത്തിയാൽ നേട്ടം സി.പി.എമ്മിന് അല്ല, വർഗീയ കക്ഷികൾക്ക് തന്നെയായിരിക്കുമെന്ന കാര്യം മറക്കരുതെന്ന് സതീശൻ ഓർമ്മിപ്പിച്ചു. ഒരു വർഗീയ കക്ഷിയുടെയും വോട്ട് യുഡിഎഫിന് വേണ്ട. ജനാധിപത്യ വിശ്വാസികളുടെ വോട്ട് മാത്രം മതിയെന്നും സതീശൻ വ്യക്തമാക്കി ജനങ്ങളെ മതത്തിൻെറ പേരിൽ ഭിന്നിപ്പിക്കരുതെന്ന് സി.പി.എമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അശ്ലീല വീഡിയോ പ്രചരണം നടക്കുന്നുവെന്ന ആരോപണം ചീറ്റിയപ്പോഴാണ് സി.പി.എം വടകരയിൽ വർഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് തുടങ്ങയിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

കാഫിറെന്ന് വിളിച്ചതിന് തെളിവില്ല.എന്നിട്ടും സ്ഥാനാർത്ഥി തന്നെ അങ്ങനെ വിളിച്ചുവെന്ന് പറയുന്നു.ഇതെല്ലാം വിപുലമായ ഗൂഡാലോചനയുടെ ഭാഗമാണെന്ന് സതീശൻ ആരോപിച്ചു. ''കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇങ്ങനെ ഇളകി മറിഞ്ഞ തെരഞ്ഞെടുപ്പ് നടന്നത് വടകരയിൽ മാത്രമാണ്. ഒരു സ്ഥാനാർത്ഥിക്കും കിട്ടാത്ത ജനകീയ അംഗീകാരം ഷാഫിക്ക് കിട്ടി.

തനിക്ക് പോലും അസൂയയായിപ്പോയി. പിന്നെ സി.പി.എമ്മിന് ഇല്ലാതിരിക്കുമോ? അശ്ലീല വീഡിയോ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും അദ്ദേഹം മൂന്നാഴ്ച അത് മറച്ചു വെച്ചു. അശ്ലീല വീഡിയോ ചീറ്റിയപ്പോഴാണ് വർഗീയ പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പിൻെറ അവസാന നിമിഷം വർഗീയ വിഭജനം ഉണ്ടാക്കാൻ ശ്രമം നടന്നു. രാജസ്ഥാനിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി മുസ്ലീങ്ങൾക്കെതിരെ പറഞ്ഞു.

ജനസംഖ്യ വർധിച്ചു വരുന്നുവെന്നാണ് പറഞ്ഞത്. എന്നാൽ എൻ്റെ കയ്യിൽ സെൻസസ് ഡാറ്റയുണ്ട്. ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ആ ബി ജെ പിയും വടകരയിലെ സി.പി.എമ്മും തമ്മിൽ എന്താണ് വ്യത്യാസം? രണ്ട് പേരുടെതും ഒരേ രീതി തന്നെ.'' സതീശൻ ആഞ്ഞടിച്ചു.അടിയന്തിരാവസ്ഥ കഴിഞ്ഞ് 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ ആ‍‍ർ.എസ്.എസ് പിന്തുണയോടെയാണ് വിജയിച്ചത്. ഇതാണ് സി.പി.എമ്മിൻെറ അവസരവാദം എന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

''ബി ജെ പിയും എൽ.ഡി.എഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണ്. ബി.ജെ.പി - സി.പി.എം നേതാക്കൾ തമ്മിൽ ബിസിനസ് കൂട്ടുകെട്ടുമുണ്ട്. വൈദേകം റിസോർട്ടിൽ തനിക്കോ ഭാര്യക്കോ ഷെയറുണ്ടെങ്കിൽ അത് വി.ഡി സതീശന് തന്നേക്കാമെന്ന് പറഞ്ഞിരുന്നു. എന്നിട്ടിപ്പോൾ ഭാര്യക്ക് ഷെയർ ഉണ്ടെന്ന് സമ്മതിക്കുന്നു. ലാവ്ലിൻ കേസും മാസപ്പടി കേസും ഒഴിവാക്കാൻ വേണ്ടി മുഖ്യമന്ത്രി നേരിട്ടാണ് ഇ പി ജയരാജനെ പ്രകാശ് ജാവദേക്കറുടെ അടുത്തേക്കയച്ചത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ജയരാജനെ തള്ളിപ്പറയാത്തത്.

ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സർക്കാരിനെതിരായ ശക്തമായ വികാരമുണ്ടാകും. ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന് പറഞ്ഞ സിപിഎമ്മിൻ്റെ ഏക മുഖ്യമന്ത്രി കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വിദേശത്ത് പോയി'' സതീശൻ പരിഹസിച്ചു.

ജനകീയ കൂട്ടായ്മയിൽ സംസാരിച്ച മുസ്ളീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമും സി.പി.എമ്മിനെ കടന്നാക്രമിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻെറ പേരായിരുന്നു വടകരയിൽ സി.പി.എമ്മിന് പ്രശ്നമായതെന്നായിരുന്നു പി.എം.എ സലാമിൻെറ വിമർശനം. കോഴിക്കോട് മണ്ഡലത്തിൽ കരീംക്ക എന്ന പറഞ്ഞ് പോസ്റ്ററടിച്ചവരാണ് വടകരയിൽ ഇങ്ങനെ പ്രചരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങളുടെ ഭരണകാലത്ത് ഉണ്ടാക്കിയ നേട്ടങ്ങൾ പറഞ്ഞ് വോട്ടു പിടിക്കുന്നതിന് പകരം സ്ഥാനാർത്ഥികളുടെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്നതാണ് കണ്ടതെന്നും പി.എം.എ സലാം ചൂണ്ടിക്കാട്ടി. " കേരളത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധം വിഭാഗീയത വടകരയിൽ ഉണ്ടാക്കി.കാലിനടിയിലെ മണ്ണ് ഒലിച്ചു പോയെന്ന് സി പി എം തിരിച്ചറിഞ്ഞു. എങ്ങനെയെങ്കിലും വോട്ട് പിടിക്കാനുള്ള ശ്രമമാണ് നടന്നത്. അതിനായി എല്ലാ വൃത്തികേടുകളും പ്രയോഗിച്ചു.മുഖ്യമന്ത്രി ഒളിച്ചോടി.

രാജ്യത്തെ ഏക സി പി എം മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ബാക്കിയുളള സി.പി.എം നേതാക്കൾ ചിഹ്നം നിലനിർത്താൻ ഓടി നടക്കുമ്പോഴാണ് മുഖ്യമന്ത്രി കുടുംബ സമേതം ഉല്ലാസ യാത്രക്ക് പോയത്. യെച്ചൂരി പറഞ്ഞത് കേൾക്കാതെയാണോ മുഖ്യമന്ത്രി പോയത് ? വിശ്രമം ഒരാഴ്ച മാറ്റി വച്ചാൽ എന്താണ് കുഴപ്പം? മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് വേണ്ടി സംസാരിക്കാൻ പിണറായിക്ക് കഴിയില്ല. അതുകൊണ്ടാണ് ഒളിച്ചോടിയത്. അവിടുത്തെ കോൺഗ്രസുകാർ ഈ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് ഓടിക്കുമോ എന്ന ഭയമുണ്ടായിക്കാണും'' പി.എം.എ സലാം പരിഹസിച്ചു.

വടകരയെ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറത്ത് ചേർത്ത് നിർത്തുമെന്ന് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രഖ്യാപിച്ചു. വടകരയിൽ വിഭാഗീയതയുടെ ആദ്യ സ്വരമുയർത്തിയത് ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന നേതാവ് ആണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. നാടിനെ വിഭജിക്കുന്നവരുടെ പട്ടികയിൽ തൻ്റെ പേര് കാണില്ല.വ്യക്തിഹത്യ തൊട്ട്, വർഗീയ പ്രചരണം വരെ എല്ലാത്തിനെയും തള്ളിപ്പറഞ്ഞയാളാണ് താൻ.വർഗീയത പറഞ്ഞ് ഒരു തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനേക്കാൾ നല്ലത് നൂറ് തെരഞ്ഞെടുപ്പിൽ തോൽക്കുന്നതാണ് നല്ലതെന്ന് കരുതുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.''

ഒരു വർഗീയ ധ്രുവീകരണത്തിനും വടകര നിന്നു കൊടുത്തിട്ടില്ല എന്നത് ജൂൺ 4 ന് വ്യക്തമാകും.കാഫിർ എന്ന സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയ ആളെ എന്തുകൊണ്ട് നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നില്ല ? നരേന്ദ്രമോദിയുടെ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷയായി സി പി എം നേതാക്കളുടെ പ്രസംഗം മാറുന്നു'' ഷാഫി പറഞ്ഞു.

 

 

Advertisment