പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ മുതല്‍ 22 വരെ നടക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 15 സെഷനുകള്‍ ഉണ്ടാകും. ഈ സെക്ഷനുകളില്‍ നിയമനിര്‍മ്മാണങ്ങളെയും മറ്റ് വിഷയങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്കെതിരായ 'ചോദ്യത്തിന് കൈക്കൂലി' ആരോപണത്തെക്കുറിച്ചുള്ള എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമ്മേളനത്തിനിടെ ലോക്സഭയില്‍ അവതരിപ്പിക്കും. സമിതി ശുപാര്‍ശ ചെയ്യുന്ന പുറത്താക്കല്‍ നടപടി പ്രാബല്യത്തില്‍ വരണമെങ്കില്‍ സഭ റിപ്പോര്‍ട്ട് അംഗീകരിക്കണം.
കൂടാതെ ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരം വയ്ക്കാനുള്ള മൂന്ന് പ്രധാന ബില്ലുകളും സെഷനില്‍ പരിഗണിയ്ക്കാന്‍ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് മൂന്ന് റിപ്പോര്‍ട്ടുകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ടതാണ് പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റൊരു പ്രധാന ബില്‍.
മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിച്ച ബില്‍, പ്രതിപക്ഷത്തിന്റെയും മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ പാസാക്കിയിരുന്നില്ല. സിഇസിയുടെയും ഇസിയുടെയും പദവി കാബിനറ്റ് സെക്രട്ടറിയുടേതിന് തുല്യമായി കൊണ്ടുവരാന്‍ ശ്രമിച്ചത് പ്രതിപക്ഷത്തിന്റെയും മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍മാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിലവില്‍ സുപ്രീം കോടതി ജഡ്ജിയ്ക്ക് തുല്യമായ പദവിയാണ് ഇവര്‍ വഹിക്കുന്നത്.