ദേശീയം

നിലവിൽ 98 ശതമാനം ജീവനക്കാർക്കും ആദ്യ ഡോസ് കുത്തിവെപ്പ്; മിഷൻ വാക്‌സിൻ സുരക്ഷ പരിപാടിയിലൂടെ  10 ലക്ഷത്തോളം കൊറോണ വാക്‌സിൻ കുത്തിവെപ്പ് നടത്തി റിലയൻസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, July 27, 2021

ഡൽഹി: റിലയൻസ് ജീവനക്കാർക്ക് സൗജന്യ വാക്‌സിൻ കുത്തിവെപ്പ് നടത്തി റിലയൻസ് കമ്പനി. 10 ലക്ഷത്തോളം കൊറോണ വാക്‌സിൻ ഡോസുകളാണ് റിലയൻസ് ജീവനക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കുമായി വിതരണം ചെയ്തത്.

മിഷൻ വാക്‌സിൻ സുരക്ഷ എന്ന പരിപാടിയിലൂടെയാണ് രാജ്യത്തെ റിലയൻസ് ജീവനക്കാർക്ക് കുത്തിവെപ്പ് നടത്തിയത് എന്നും കമ്പനി അറിയിച്ചു. കമ്പനിയിൽ പ്രവർത്തിക്കുന്ന നൂറ് ശതമാനം ജീവനക്കാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും സൗജന്യ കുത്തിവെപ്പ് നടത്തുമെന്ന് റിലയൻസ് ചെയർപേഴ്‌സൺ നിത അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓരോ ഇന്ത്യൻ പൗരനെയും സുരക്ഷിതമാക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അതിനാൽ എല്ലാ ജീവനക്കാർക്കും വാക്‌സിൻ നൽകുമെന്നുമാണ് നിത അംബാനി പറഞ്ഞത്. തുടർന്ന് റിലയൻസ് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി രാജ്യാന്തര തലത്തിൽ വാക്‌സിനേഷൻ പ്രോഗ്രാം ആരംഭിച്ചു.

കൊറോണ പ്രതിരോധ വാക്‌സിന് അനുമതി ലഭിച്ചതിന് പിന്നാലെ ഏപ്രിലിലാണ് വാക്‌സിനേഷന് തുടക്കം കുറിച്ചത്. നിലവിൽ 98 ശതമാനം ജീവനക്കാർക്കും ആദ്യ ഡോസ് കുത്തിവെപ്പ് നടത്തിയതായും കമ്പനി അറിയിച്ചു.

കൊറോണ വാക്‌സിൻ നിർമ്മാണ കമ്പനിയിൽ നിന്നും നേരിട്ട് വാക്‌സിൻ വാങ്ങാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്തെ നിരവധി സ്വാകാര്യ കമ്പനികളാണ് ജീവനക്കാർക്ക് കുത്തിവെപ്പ് നടത്തുന്നത്.

 

×