കൊലക്കളമാകുന്ന ബാങ്കുകൾ… ചാവേറാവുന്ന പ്രൊഫഷണലുകൾ…

സത്യം ഡെസ്ക്
Tuesday, April 13, 2021

-സിറിയക് ചാഴികാടൻ
(സംസ്ഥാന ജനറൽ സെക്രട്ടറി, കേരളാ യൂത്ത് ഫ്രണ്ട് എം)

വാതിൽ കടന്നെത്തുന്ന ഓരോ ഉപഭോക്താവിനെയും കെയർ ചെയ്യുന്ന ബാങ്കുകളുടെ കാലം ഓർത്തുപോയി. പണം ഇടുന്നതും പിൻവലിക്കുന്നതുമൊക്കെ കുറച്ച് സമയമെടുക്കുന്ന പണിയായിരുന്നെങ്കിലും ഉപഭോക്താവും ഉദ്യോഗസ്ഥരും തമ്മിലെ സ്നേഹം അവിടെയുണ്ടായിരുന്നു.

ഇന്നും ഉണ്ട്, സ്നേഹം എന്ന് തോന്നിക്കുന്ന പെരുമാറ്റമാണെന്നേയുള്ളൂ വ്യത്യാസം ! എത്രയും വേഗം ഉപഭോക്താവിനെ മാനേജരുടെ കേബിനിൽ എത്തിക്കാനാണ് പൊതുവിൽ ആ സ്നേഹപ്രകടനം.

നമുക്കവിടെനിന്ന് വെച്ചുനീട്ടപ്പെടുന്നത് പലവിധ കാര്യങ്ങളാണ്. ഒരു കെട്ട് ഫൈനാൻഷ്യൽ പ്രൊഡക്ടുകൾ നമുക്ക് വിൽക്കാൻ കാത്തിരിക്കുന്ന കച്ചവടക്കാരനായി അവിടെയിരിക്കുന്ന ആളെയാണ് ഇന്ന് മാനേജരെന്നു വിളിക്കുന്നത്. പൊട്ടിത്തെറിക്കാൻ പോവുന്ന പ്രഷർ കുക്കറാണ് ആ സീറ്റിലിരിക്കുന്ന യുവാവ്/യുവതി എന്ന് നമ്മളിപ്പോൾ അറിഞ്ഞുതുടങ്ങുകയാണ്.

നിക്ഷേപകരോടുള്ള ബഹുമാനം എന്നത് പഴങ്കഥയായി. ആവശ്യക്കാരന് വായ്പ കൊടുക്കാനും (തീർച്ചയായും സമയത്തിന് അതിന്റെ തിരിച്ചടവ് ഉറപ്പാക്കാനും) അവരുടെ വിവിധ സാമ്പത്തികാവശ്യങ്ങൾക്ക് സഹായം നിറവേറ്റിക്കൊടുക്കാനുമാണ് ഞങ്ങൾ ഇവിടിരിക്കുന്നതെന്ന് ഓരോ ബാങ്കുദ്യോഗസ്ഥനും അറിയാമായിരുന്നു. അതായിരുന്നു ഉപഭോക്താവും അവരും തമ്മിലെ സ്നേഹബന്ധത്തിനു അടിസ്ഥാനം. അതുമാറി, ഉത്പന്നങ്ങൾ വിൽക്കാനിരിക്കുന്ന റോളിലേക്ക് പതിയെ – ഇപ്പോൾ മുഴുവനായും – ബാങ്കിങ് സംവിധാനം മാറിയതോടെ വന്നെത്തിയ ദുരന്തങ്ങളാണ് നമ്മളിപ്പോൾ അറിഞ്ഞു തുടങ്ങുന്നത്.

ബാങ്ക് മാനേജർമാർ ലോൺ നിഷേധിച്ച കാരണം കൊണ്ട് സംഭവിച്ച ആത്മഹത്യകളെപ്പറ്റിയും, തിരിച്ചടവ് വൈകി ജപ്തിയിലേക്ക് നീങ്ങിയതിനെത്തുടർന്നുള്ള ആത്മഹത്യകളെപ്പറ്റിയും ആണ് ഇതുവരെ നമ്മൾ കേട്ടുകൊണ്ടിരുന്നത്. അതിപ്പോൾ പൊതുമേഖലാ ബാങ്കുജീവനക്കാരുടെ ആത്മഹത്യകളുടെ തുടർപരമ്പരയെക്കുറിച്ചാവുന്നത് നിസ്സാരമാറ്റമല്ല. ബാങ്കിങ് മേഖലയിലെ വിവിധ പരിഷ്‌കാരങ്ങൾ അതിന്റെതന്നെ കുഞ്ഞുങ്ങളെ തിന്നുതുടങ്ങുകയാണ്.

2010 വരെ ഏതാണ്ട് റിക്രൂട്മെന്റ് നിലച്ച സ്ഥിതിയിലായിരുന്നു പൊതുമേഖലാ ബാങ്കിങ് രംഗം. അതവസാനിച്ച്, എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ബാങ്കിങ്‌മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ തുറന്നുകിട്ടിയപ്പോൾ നമ്മൾ ശരിക്കും സന്തോഷിച്ചു. ഇങ്ങനെ നിയമനം കിട്ടിയവർ പെട്ടെന്ന് സ്ഥാനക്കയറ്റം കിട്ടി മാനേജർമാരായി ഉയർന്നപ്പോൾ നമ്മുടെ പ്രൊഫഷണൽ കോളേജ് പ്രോഡക്റ്റുകളുടെ ഭാവി സുരക്ഷിതമാവുന്നതായി നമുക്ക് തോന്നി.

ഇപ്പോൾ എല്ലാം തിരിച്ചാലോചിക്കേണ്ട സ്ഥിതി വന്നുചേരുകയാണോ?

പിടിപ്പുകേടിന്റെ ആൾരൂപങ്ങളായി നമ്മുടെ കേന്ദ്രഭരണാധികാരികൾ പൊതുമേഖലാബാങ്കുകളെയാകെ വിറ്റുതുലക്കാൻ വഴിതേടുകയാണ്. മിക്കവാറും എല്ലാ പൊതുമേഖലാബാങ്കുകളും മറ്റു ബാങ്കുകളുമായി ലയനത്തിന് നിർബന്ധിക്കപ്പെടുകയാണ്. ഒരു ബാങ്കിനകത്തുതന്നെ വിവിധ ബാങ്കുകളുടെ കൌണ്ടർ പ്രവർത്തിക്കുന്ന വിചിത്രമായ കാഴ്ചവരെ കണ്ടുതുടങ്ങി. ഉദാഹരണമാണ് ബാങ്ക് ഓഫ് ബറോഡക്ക് അകത്തെ വിജയബാങ്കിന്റെയും ദേന ബാങ്കിന്റെയും കൗണ്ടറുകൾ. ലയനത്തോടെ പല ബാങ്കുശാഖകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. എന്നാൽ, അടച്ചുപൂട്ടാൻ പോവുന്ന ശാഖകൾക്കും ഫൈനാൻഷ്യൽ പ്രോഡക്റ്റുകൾ വിൽക്കുന്നതിനുള്ള ടാർജറ്റിൽ ഇളവുണ്ടോ? അതില്ലാതാനും.

അങ്ങനെ, ഔട്പുട്ടിനെക്കുറിച്ച് യാതൊരു വേവലാതിയുമില്ലാതെ എവിടെനിന്നോ തയ്യാറാക്കപ്പെടുന്ന ടാർജറ്റ് അലോക്കേഷനുകൾ. ആത്മാർത്ഥതയോ മനുഷ്യപ്പറ്റോ ഇല്ലാതെ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം തലപുകയ്ക്കുന്ന ടോപ് എക്സിക്യുട്ടീവുകൾ. അവരുടെ കമാണ്ടർമാരെപ്പോലെ ജോലിയെടുക്കേണ്ടിവരുന്ന മാനേജർമാർ. ഇവരുടെ പ്രഷർകുക്കർ മോഡിലുളള തലകൾ പൊട്ടിത്തെറിക്കാതിരിക്കാൻ, ചുരുങ്ങിച്ചുരുങ്ങിവരുന്ന ആൾബലംകൊണ്ടുള്ള ജോലിക്ഷീണം കാണിക്കാൻപോലും നിവൃത്തിയില്ലാതെ മാടുപോലെ പണിയെടുക്കേണ്ടിവരുന്ന ജീവനക്കാർ.

വലിയൊരു രോഗാവസ്ഥയുടെ പുറമേക്കുള്ള ഈ ലക്ഷണങ്ങൾ ഏതു ബാങ്കിൽ ചെന്നാലും ഒരിത്തിരി നേരം ചെലവിട്ടാൽ ആർക്കും കാണാം. അതിപ്പോൾ രോഗലക്ഷണങ്ങളുടെ നിലവിട്ട്, മുഴുരോഗമായി മാറിക്കഴിഞ്ഞുവെന്നു കരുതാം; സുരക്ഷിതതൊഴിലെന്ന നിലക്ക് വിവിധ ബാങ്കുകളിലെ തൊഴിൽ തെരഞ്ഞെടുത്ത നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും കുറിച്ച് നന്നായി വേവലാതിപ്പെടാം. അതാണ് കൂത്തുപറമ്പ് തൊക്കിലങ്ങാടി കാനറാ ബാങ്ക് ശാഖയിലെ സ്വപ്നയെന്ന മാനേജർ വരെ എത്തിനിൽക്കുന്ന ബാങ്കിങ്മേഖലയിലെ ആത്മഹത്യാപരമ്പര നമ്മൾക്ക് നൽകുന്ന മുന്നറിയിപ്പ്.

എന്തു ക്രൂരതയാണെന്നു നോക്കൂ. വിവിധ വ്യവസായഭീമന്മാർ കാലങ്ങളായി അടിച്ചെടുത്തുകൊണ്ടുപോയ വീടാക്കടം – നോൺ പെർഫോമിംഗ് അസ്സെറ്റ് എന്നാണല്ലോ അതിനിട്ടിരിക്കുന്ന ഓമനപ്പേര് – ആണ് നമ്മുടെ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് ഇന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. അതിനെ അഡ്രെസ്സ് ചെയ്യാൻ ഇന്നേവരേക്കും ചെറുകൈവിരൽ അനക്കിയിട്ടില്ല. ചെറിയ വായ്പയെടുത്ത കർഷകരെ ജപ്തിഭീഷണിയിലേക്കും ആത്മഹത്യയിലേക്കും നയിച്ച ബാങ്കിങ് നയം തിരുത്തണമെന്നോ പുനഃപരിശോധിക്കണമെന്നോ ഒരു ചിന്തയും ഉണ്ടായിട്ടില്ല. ഇനിയിപ്പോൾ, അഭ്യസ്തവിദ്യരായ നമ്മുടെ പ്രൊഫഷനലുകൾ തൊഴിലിടങ്ങളിൽ ജീവനൊടുക്കുന്നത് കണ്ടുതുടങ്ങിയാലും അതിൽ മാറ്റമുണ്ടാവാൻ പോകുന്നില്ലെന്നോ?

ദയനീയമാണീ സ്ഥിതി. സീരിയസായ ആലോചന എല്ലാവരിൽനിന്നും ഉണ്ടായേ പറ്റൂ, ഇനിയൊട്ടും വൈകാതെ.

×