ഡാലസ് കൗണ്ടിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, 24 മണിക്കൂറിനുള്ളില്‍ 1085 രോഗികള്‍

പി പി ചെറിയാന്‍
Sunday, July 5, 2020

ഡാലസ് : കൊറോണ വൈറസ് ഡാലസ് കൗണ്ടിയില്‍ അനിയന്ത്രിതമായി പെരുകുന്നു. ജൂണ്‍ 3 വെള്ളിയാഴ്ച വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ഇതുവരെ ഏറ്റവും കൂടുതല്‍ 700 ലധികമായിരുന്നുവെങ്കില്‍ ജൂലൈ 3ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1085 ആയി ഉയര്‍ന്നു. ആറു മരണവും ഡാലസ് കൗണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഡാലസ് കൗണ്ടി ഹെല്‍ത്ത് ആന്‍റ് ഹൂമണ്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ഹുയാംഗ് കൗണ്ടിയിലെ സ്ഥിതി അതീവ ഗൗരവമാണെന്നും, ജനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് മാസം മുതല്‍ ഡാലസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 23675 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 393 മരണങ്ങള്‍ ഉണ്ടായതായും കൗണ്ടി ജഡ്ജി ക്ലെ ജന്‍ങ്കിന്‍സ് പറഞ്ഞു. ഈയൊരാഴ്ചയില്‍ മാത്രം 4641 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ നാലിന് സോഷ്യല്‍ ഗാതറിങ്ങ് ഒഴിവാക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചു. മെമ്മോറിയല്‍ ഡേയില്‍ ആവശ്യമായ മുന്‍! കരുതലുകള്‍ സ്വീകരിക്കാതിരുന്നതാണ് രോഗം അനിയന്ത്രിതമായി കൗണ്ടിയില്‍ വര്‍ധിക്കുന്നതിനിടയാക്കിയതെന്നും ജഡ്ജി പറഞ്ഞു.

×