ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ ഭരണ സംവിധാനം കൂടുതൽ സുതാര്യമാക്കുക: നവയുഗം

New Update

ദമ്മാം: ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പൽ സുബൈർ അഹമ്മദ് ഖാൻ, മുൻചെയർമാനും ഫിനാൻഷ്യൽ കമ്മിറ്റി മെമ്പറുമായ ഖലിം അഹമ്മദ് എന്നിവരെ സാമ്പത്തിക തിരിമറി നടത്തിയതിന് പുറത്താക്കിയ സംഭവം, തികച്ചും ലജ്ജാകരമാണ് എന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. പതിനാലായിരത്തോളം വിദ്യാർഥികൾ പഠിയ്ക്കുന്ന ഈ മഹത്തായ വിദ്യാലയ ത്തിലെ ഭരണനടത്തിപ്പ് എത്ര കുത്തഴിഞ്ഞതും, അഴിമതി നിറഞ്ഞതുമാണ് എന്നാണ് ഈ സംഭവം തെളിയിയ്ക്കുന്നത്.

Advertisment

publive-image

യാതൊരു സുതാര്യതയും ഇല്ലാതെ, ഏതാനും വ്യക്തികളുടെ കോക്കസിന്റെ സ്വാർത്ഥതാത്പര്യങ്ങൾ അനുസരിച്ചാണ് കുറച്ചു വര്ഷങ്ങളായി ആ സ്ക്കൂളിൽ ഭരണം നടന്നു വരുന്നത്. പ്രിൻസിപ്പൽ ആയി ചുമതല ഏറ്റ കാലം മുതൽ തന്നെ സുബൈർ അഹമ്മദ് ഖാൻ, സ്‌കൂളിന്റെ കാര്യങ്ങളിൽ അന്വേഷിയ്ക്കുന്നതിൽ നിന്ന് പോലും രക്ഷിതാക്കളെയും, സാമൂഹിക സംഘടനകളെയും അകറ്റി നിർത്തുന്ന ഒരു സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.

സ്ക്കൂളിന്റെയും ഇന്ത്യൻ സമൂഹത്തിന്റെയും താത്പര്യങ്ങൾക്ക് നിരക്കാത്ത രീതിയിലുള്ള അദ്ദേഹത്തിന്റെ പല നടപടികളും സംശയം ഉണർത്തുന്നവയായിരുന്നു. രണ്ടുവർഷം മുൻപ് രക്ഷിതാക്കൾ ജനാധിപത്യപരമായി വോട്ടു ചെയ്തു വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മലയാളിയായ ചെയർമാൻ, അഴിമതിയ്ക്ക് തടസ്സമായി നിന്നപ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞു അദ്ദേഹത്തെ പുറത്താക്കിയ നടപടി പോലും, ഈ കോക്കസിന്റെ സ്വാധീനം മൂലമാണ് ഉണ്ടായത്.

അല്പം താമസിച്ചുവെങ്കിലും, ഇപ്പോഴെങ്കിലും ഈ കോക്കസിനെ ഭാഗമായ രണ്ട് അഴിമതിക്കാരെ പുറത്താക്കിയ നടപടി നവയുഗം കേന്ദ്രകമ്മിറ്റി സ്വാഗതം ചെയ്തു. ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ ഭരണസംവിധാനം കൂടുതൽ സുതാര്യ മാക്കേണ്ട ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാണിയ്ക്കുന്നത്.

അഡ്മിനിസ്ട്രേഷൻ, അക്കാദമിക്ക് എന്നിങ്ങനെ സ്വാതന്ത്രമായ രണ്ടു വിഭാഗങ്ങളായി സ്ക്കൂൾ ഭരണസംവിധാനത്തെ തിരിച്ചു, പ്രിൻസിപ്പലിനെ അക്കാദമിക്ക് ചുമതലകളിൽ മാത്രം ഒതുക്കി നിർത്തുകയും, സ്ക്കൂൾ അഡ്മിനിസ്ട്രേഷൻ ചുമതല, ഇന്ത്യൻ എംബസ്സിയുടെയും, ഹയ്യർ ബോർഡിന്റെയും നിയന്ത്രണത്തിൽ, രക്ഷിതാക്കളുടെ പ്രതിനിധികൾ അടങ്ങിയ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ പൂർണ്ണമായും വിട്ടു കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായം നടപ്പാക്കണം.

സ്‌കൂൾ സാമ്പത്തികമായി എടുക്കുന്ന എല്ലാ പ്രധാന തീരുമാനങ്ങളും, കരാർ നടപടികളും സ്ക്കൂൾ വെബ്സൈറ്റിലൂടെ പരസ്യമായി പ്രസിദ്ധീകരിയ്ക്കണം. വാർഷികാടിസ്ഥാനത്തിൽ അദ്ധ്യാപകരെയും, സ്‌കൂൾ മാനേജ്‌മെന്റിനെയും വിലയിരുത്താനുള്ള അവകാശം വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും നൽകുകയും വേണം.

ഇത്തരം മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സ്ക്കൂളിന്റെ രക്ഷാകർത്തൃത്വ സ്ഥാനത്തുള്ള ഇന്ത്യൻ എംബസ്സിയ്ക്ക് നിവേദനം നൽകുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ജനറൽ സെക്രെട്ടറി എം.എ. വാഹിദ് കാര്യറയും അറിയിച്ചു.

Advertisment