ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന സാമ്പത്തിക ക്രമകേട്‌ അന്വേഷിക്കണം , കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം ഡിസ്പാക്ക്.

New Update

ദമാം: ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന സാമ്പത്തിക തിരിമറിയുടെ പേരിൽ പുറത്താക്കപ്പെട്ട ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ സുബൈർ അഹമ്മദ് ഖാൻ, മുൻ ചെയർമാൻ കലീം അഹമ്മദ് എന്നിവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ട് വരണമെന്നും, കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സ്‌കൂളിൽ നടന്ന മുഴുവൻ സാമ്പത്തിക വിനിയോഗത്തെ കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്നും സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്ക് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment

publive-image

പുതിയ സംഭവ വികാസങ്ങളുടെ സാഹചര്യത്തിൽ സ്‌കൂൾ രക്ഷാധികാരി കൂടിയായ അംബാസിഡര്‍ക്ക്  പരാതി നൽകാനും ഡിസ്പാക്ക് തീരുമാനിച്ചു. മുൻകാലങ്ങളിൽ നിന്നും വിത്യസ്തമായി രക്ഷിതാക്കളെ സ്‌കൂളിൽ നിന്നും അകറ്റി നിർത്തി കൊണ്ടുള്ള പ്രവർത്തനമാണ് പുറത്താക്കപ്പെട്ട പ്രിൻസിസിപ്പൽ ചുമതലയേറ്റ കാലം മുതൽ സ്വീകരിച്ചിട്ടുള്ളത്. രക്ഷിതാക്കളുടെ പരാതികൾ അറിയാനോ പരിഹരിക്കാനോ ഇദ്ദേഹം തയാറായിരുന്നില്ല. കോവിഡ് കാലത്ത് അപ്രതീക്ഷിതമായി സംഭവിച്ച പ്രശ്‌നങ്ങൾ കൊണ്ട് ജോലി നഷ്ടപ്പെട്ടവരും, വരുമാനം നിലച്ചുപോയവരുമായ രക്ഷിതാക്കൾക്കെതിരെ യാതൊരു ദയയും കാണിക്കാതെ നിരുത്തരവാദപരമായ സമീപനമായിരുന്നു പ്രിൻസിപ്പൽ കൈക്കൊണ്ടത്.

14,000 ത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂള്‍ ആണ്  ഫീസ് കുടിശ്ശിക ഉണ്ടായിരുന്ന വിദ്യാർഥികളെ സഹായിക്കാനായുള്ള ഡിസ്പാക്കിന്റെ പ്രവർത്തനങ്ങളോട് ദയാരാഹിത്യ ത്തോടെയാണ് അദ്ദേഹം പെരുമാറിയത്. ഫീസിൽ ഇളവുകൾ അനുവദിക്കുന്നതിനോ സാവകാശം നൽകുന്നതിലോ യാതൊരു സഹായവും ലഭിച്ചിരുന്നില്ലെന്ന് ഡിസ്പാക് കുറ്റപ്പെടുത്തി.

സ്‌കൂളിന്റെ അക്കാദമിക്ക് വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തി സ്ഥാപനത്തിന്റെ ഉയർച്ചക്കാവശ്യമായ നിർദേശങ്ങൾ നൽകി അധ്യാപകരെയും വിദ്യാർഥികളെയും കാലഘട്ടത്തിനനുസരിച്ചുള്ള വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കേണ്ട ഒരു സ്ഥാപനത്തിന്റെ മേധാവി സാമ്പത്തിക തിരിമറിയിൽ പിടിക്കപ്പെട്ട് പുറത്താവുക എന്നത് തികച്ചും പ്രവാസി ഇന്ത്യൻ സമൂഹത്തിന് ലജ്ജാകരമാണ്.

നിസ്വാർത്ഥരായ പ്രവാസികളുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഉയർത്തി കൊണ്ടുവന്ന ഈ സ്ഥാപനം നിലനിർത്തേണ്ടത് നിലവിലെ സ്‌കൂൾ ഭരണ സമിതിയുടെ ഉത്തരവാദിത്തമാണ്. അതു കൊണ്ട് സ്‌കൂളിന് നഷ്ടപ്പെട്ട സമ്പത്ത് തിരിച്ചു പിടിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും, സ്‌കൂളിന്റെ സൽപേര് വീണ്ടെടുക്കണമെന്നും ഡിസ്പാക്ക് ആവശ്യപ്പെട്ടു.

സ്‌കൂൾ പ്രിൻസിപ്പലിനെതിരെയും മുൻ ചെയർമാനെതിരെയും അന്വേഷണം നടത്താനും നടപടിയെടുക്കാനും തയാറായ ഇന്ത്യൻ എംബസിയേയും ഹയർ ബോര്‍ഡിനേയും സ്‌കൂൾ ചെയർമാനെയും ഡിസ്പാക് എക്‌സിക്യുട്ടീവ് യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് സി.കെ. ഷഫീക് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഷ്‌റഫ് ആലുവ, ഷമീം കാട്ടാകട, താജ് അയ്യാരിൽ, മുജീബ് കളത്തിൽ, സാദിഖ് അയ്യാലിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Advertisment