/sathyam/media/post_attachments/nu85cAxvSAl1iXQDoOaK.jpg)
-അഷ്‌റഫ് കാളത്തോട്
കണ്ണിലൊരു കർക്കിടകം പെരുമ്പറകൊട്ടിപ്പടരുന്നു
കാട്ടുതുളസിച്ചെടിയുടെ കല്യാണനാളിൽ
തൊട്ടാർവാടിയുടെ കാതുകുത്തി കാറ്റു പോയവഴിയിൽ
തമ്പേറിട്ട് കാടിളകുന്നു...
ഭയംകൊണ്ട് വിറയ്ക്കുന്നു പക്ഷികൾ
കുണുങ്ങിയെത്തും തിരുവാതിരയെ തോൽപ്പിച്ചെന്ന ഭാവം
കരിങ്കാറുപുതച്ചു കരയുന്നു വാനം!
പൊൻകിനാവുകൾ തല്ലിക്കെടുത്തി കോരിയെടുത്തു
പ്രകൃതീ... നീ എൻ്റെ മക്കളെ!
കുലുക്കി ചെരിച്ചു കീഴ്മേൽ മറിച്ചെന്റെ കൃഷിയിടങ്ങളേ..
വിടരാതെ പുലർതാരകൾ ഇരുൾ കൊട്ടാരത്തിൽ കരഞ്ഞു കലങ്ങീ..
മിഴിനിറയെ ചുടുചോര കലങ്ങീ...
പ്രിയമേറുമേറേ ചിത്രങ്ങൾ മണ്ണുമൂടീ...
നിറമോഹങ്ങൾ ജന്മസാഫല്യമാകേണ്ട സ്വപ്നങ്ങൾ
എല്ലാം തകർന്നടിഞ്ഞീലേ...
ജീവൻറെ കുളുർനീരാകേണ്ട പോൻ കതിർ ചാഞ്ഞു കിടക്കുന്നതും
നിഴലിൽ ഒരു തെളിവെട്ടം പോലെ കരൾ തകർക്കും കാഴ്ചകൾ
വലയുമെൻ ദേഹം കാക്കാനായ് തന്ന നിധിയും നീയെടുത്തില്ലേ...
അണയാത്ത ദുരിതം കെടുത്തുന്നു നിദ്രയേ...
ചോർന്ന വസന്തത്തിൽ ചോരുന്ന ഇടവപ്പാതിയിൽ
എന്തിനു ബാക്കിയാക്കി എന്നേ...?
മഴയിൽ കറുക നാമ്പിൽ ചുറ്റിക്കിടക്കുന്ന
മൂർഖനോട് തോന്നും ദയ!
പായാരം ചൊല്ലിപ്പാടും കിളികളുടെ മൗനത്തോട് തോന്നും ദയ!
ശിശിര മഞ്ഞിൻ മറയിൽ പൂക്കും പൂക്കളോട് തോന്നും ദയ!
നിനക്കില്ലാതെ പോകുന്നതും ദയ!
എന്തുകൊണ്ടെന്നോട് എന്നോട്
എന്നോട് മാത്രം...??