/sathyam/media/post_attachments/O0a7DTIHe01tlEUe4fNY.jpeg)
തൊടുപുഴ: സൗദിയില്‍ ദുരിതത്തിലായ ഗര്‍ഭിണികളടക്കമുള്ള മലയാളി നേഴ്‌സുമാരെ കേരളത്തിലെത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള ഗര്‍ഭിണികളായ 42 നേഴ്‌സുമാര്‍ കേരളത്തിലേക്ക് മടങ്ങാനാകാതെ അപകടഭീതിയില്‍ കഴിയുകയാണെന്ന് എംപി പറഞ്ഞു.
കൊവിഡ് 19 പടര്‍ന്നുപിടിക്കുമ്പോഴും ജോലി ചെയ്യേണ്ടി വന്ന ഇവര്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നത്.
വിവിധ രാജ്യങ്ങള്‍ അവരുടെ പൗരന്‍മാരെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോയത് മാധ്യമങ്ങളിലൂടെ കണ്ടതാണ്.
എന്നാല്‍ ഒട്ടേറെ വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ നരകിക്കുകയാണ്. ഇവരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. കോടിക്കണക്കിന് രൂപ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ സങ്കടങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
സൗദിയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളായ മലയാളി നേഴ്‌സുമാരെ അടിയന്തരമായി കേരളത്തിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്കും സൗദിയിലെ ഇന്ത്യന്‍ എംബസിക്കും കത്തയച്ചിരുന്നതായും എംപി അറിയിച്ചു.
മറുപടികള്‍ ലഭിക്കാത്തതിനാല്‍ ഏപ്രില്‍ 10ന് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്തയച്ചു. സൗദി അറേബ്യയിലെ നേഴ്‌സുമാരുടെ ദുരിതം വ്യക്തമാക്കി ഏപ്രില്‍ 20നും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രാലയത്തിലേക്കും കത്തയക്കുകയും ഫോണ്‍ വിളിക്കുകയും ചെയ്തു.
യാതൊരു ഇടപെടലുകളും നടത്താനാകില്ലെന്ന മറുപടിയാണ് ഇന്ന് എംബസിയില്‍ നിന്ന് ലഭിച്ചതെന്നും ഇത് അലംഭാവമാണെന്നും നേഴ്‌സുമാരുടെ കാര്യത്തില്‍ ശ്രദ്ധചെലുത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us