കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, April 9, 2021

നെടുങ്കണ്ടം: കട്ടപ്പനയിലെ അറുപതുകാരിയായ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കട്ടപ്പന ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലള്ള പൊലീസ് സംഘം പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ ദിവസ്സമാണ് കട്ടപ്പന കൊച്ചുപുരക്കല്‍ താഴത്ത് വീട്ടില്‍ ജോര്‍ജ്ജിന്റെ ഭാര്യ ചിന്നമ്മയെ ഇരുനില വീടിന്റെ താഴത്തെ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ചിന്നമ്മ ധരിച്ചിരുന്ന മാലയും മറ്റ് സ്വണ്ണാഭരണങ്ങളും മോഷണം പോയിട്ടുള്ളതായും ഭര്‍ത്താവ് ജോര്‍ജ്ജ് പൊലീസിന് മൊഴി നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ മോഷണ ശ്രമത്തിനിടെയുണ്ടായ പിടിലിവലിക്കിടെയുണ്ടായ കൊലപാതകമാണെന്നാണെന്നായിരുന്നു പൊലീസ് നിഗമനം.

ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നും വ്യക്തമായെങ്കിലും പ്രതിയെ സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. രാത്രി 12.30ക്കും 1 മണിക്കും ഇടയിലാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

വീടിന്റെ അറ്റക്കുറ്റപ്പണികള്‍ക്കായി എത്തിയ ആറ് തൊഴിലാളികടക്കം 20തോളം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സ്വര്‍ണ്ണമാല, ഒരു വള, ഒരു മോതിരം എന്നിവയാണ് ചിന്നമ്മയുടെ ദേഹത്ത് നിന്നും നഷ്ട്ടപ്പെട്ടതായി ഭര്‍ത്താവ് ജോര്‍ജ് പൊലീസിനോട് പറഞ്ഞത്. തെരച്ചിലില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ കഴിഞ്ഞിട്ടില്ല. ചിന്നമ്മയുടെ മരണസമയത്ത് തുണി കടിച്ചുപിടിച്ച നിലയിലായിരുന്നുവെന്നാണ് ചിന്നമ്മയുടെ ഭര്‍ത്താവിന്റെ മൊഴി.

ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമീപ പ്രദശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ പ്രതിയിലേയ്‌ക്കെത്തിച്ചേരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

×