ന്യൂഡൽഹി: ഗൾഫിൽ നിന്ന് രാജ്യത്തേക്കുള്ള സ്വർണകള്ളക്കടത്ത് വൻതോതിൽ വർദ്ധിച്ച സാഹചര്യത്തിൽ കള്ളക്കടത്ത് തടയാൻ സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുന്ന പ്രഖ്യാപനം കേന്ദ്രബജറ്റിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാര-വ്യവസായലോകം. വ്യാപാരികൾ നേരത്തേ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം കഴിഞ്ഞവർഷം ഏവരെയും അമ്പരിപ്പിച്ച് ചുങ്കം കൂട്ടുകയാണുണ്ടായത്. ഇതോടെ സ്വർണ കള്ളക്കടത്ത് വൻതോതിൽ കൂടി.
12.5 ശതമാനം ഇറക്കുമതിച്ചുങ്കവും 2.5 ശതമാനം സെസും 3 ശതമാനം ജി.എസ്.ടിയും ഉൾപ്പെടെ ഇപ്പോൾ സ്വർണത്തിന് ആകെ നികുതിഭാരം 18 ശതമാനമാണ്. ഇക്കുറി ബഡ്‌ജറ്റിൽ ഇറക്കുമതിച്ചുങ്കം കുറച്ചേക്കാനാണ് സാദ്ധ്യത. ഇറക്കുമതി ചുങ്കം കുറയുന്നതോടെ, സ്വർണം കള്ളക്കടത്ത് നടത്തിയാലും ആകർഷകമല്ലാതെയായി മാറും.
കേന്ദ്രബജറ്റിൽ ഏറെ ക്ഷേമ പദ്ധതികളും വികസന മുന്നേറ്റത്തിനുള്ള പദ്ധതികളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 15 ശതമാനം വിഹിതവുമായി ഇന്ത്യൻ ജി.ഡി.പിയുടെ നട്ടെല്ലാണ് മാനുഫാക്‌ചറിംഗ് മേഖല. ഇന്ത്യയെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) സ്കീമിൽ 25,938 കോടി രൂപയുടെ ആനുകൂല്യമാണ് 14 മേഖലകളെ ഉൾപ്പെടുത്തി പ്രഖ്യാപിച്ചിരുന്നത്. പി.എൽ.ഐയിൽ ഇതിനകം 70,000 കോടി രൂപയ്ക്കുമേൽ നിക്ഷേപവാഗ്ദാനവുമെത്തി.
എം.എസ്.എം.ഇയടക്കം കൂടുതൽ മേഖലകളെ പി.എൽ.ഐയിൽ ഉൾപ്പെടുത്തുകയും ഇൻസെന്റീവ് ഉയർത്തുകയും വേണമെന്ന ആവശ്യം നിർമ്മല പരിഗണിച്ചേക്കാം. പുതിയ മാനുഫാക്‌ചറിംഗ് കമ്പനികൾക്ക് 2024 മാർച്ചുവരെ കോർപ്പറേറ്റ് നികുതി 15 ശതമാനമായി കുറച്ചിരുന്നു. കാലാവധി നീട്ടാൻ സാദ്ധ്യതയുണ്ട്.
ആദായനികുതി ബാധകവരുമാനത്തിൽ ഇളവ് നേടാൻ ആരോഗ്യ ഇൻഷ്വറൻസ് പോളിസികളെ പ്രത്യേകവിഭാഗമായി പരിഗണിച്ച് ഇളവ് നിലവിലെ 1.5 ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. സെക്‌ഷൻ 80ഡി പ്രകാരമുള്ള ആനുകൂല്യം 50,000 രൂപയിൽ നിന്ന് ഒരുലക്ഷം രൂപയാക്കണമെന്ന ആവശ്യവുമുണ്ടെങ്കിലും പരിഗണിക്കാൻ സാദ്ധ്യത വിരളം.
രാജ്യത്ത് ഏറ്റവുമധികംപേർ തൊഴിലെടുക്കുന്ന മേഖലകളിലൊന്നാണ് റിയൽ എസ്‌റ്റേറ്റ്. ആദായനികുതിയിൽ ഭവനവായ്‌പാ പലിശയിന്മേലുള്ള ഇളവിന്റെ പരിധി രണ്ടുലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കണമെന്നതാണ് മുഖ്യ ആവശ്യം. സെക്‌ഷൻ 80സി പ്രകാരം ഭവനവായ്‌പാ തിരിച്ചടവിൽ വർഷം ഒന്നരവർഷം രൂപവരെ ഇളവുണ്ട്. ഇത് രണ്ടുലക്ഷം രൂപയാക്കിയേക്കാം. കഴിഞ്ഞ ബഡ്‌ജറ്റിൽ വിദ്യാഭ്യാസമേഖലയ്ക്കായി നീക്കിവച്ചത് 2.6 ശതമാനം തുകയാണ്. ഉന്നതവിദ്യാഭ്യാസത്തിന് 40,828 കോടി രൂപയും സ്കൂൾ വിദ്യാഭ്യാസത്തിന് 63,449 കോടി രൂപയും നീക്കിവച്ചു. ഡിജിറ്റൽ വിദ്യാഭ്യാസത്തിനും ഊന്നലുണ്ടായി.
ഇക്കുറിവിഹിതം 3-3.5 ശതമാനത്തിലേക്ക് ഉയർത്തിയേക്കാം. വ്യാവസായികപദവി നൽകണമെന്നതാണ് ടൂറിസംമേഖല ഉന്നയിക്കുന്ന മുഖ്യ ആവശ്യം. വായ്‌പകളിൽ മുൻഗണന ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്നതാണ് നേട്ടം. വിദേശസഞ്ചാരികളെ ആകർഷിക്കുകയും വിദേശനാണ്യവരുമാനം നേടിത്തരുന്നതുമായ ട്രാവൽ ഏജൻസികളുടെ പ്രവർത്തനത്തിന് 'കയറ്റുമതി" പദവി വേണമെന്നും ആവശ്യമുണ്ട്.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുള്ള നീക്കിയിരുപ്പ് കഴിഞ്ഞ ബഡ്‌ജറ്റിലെ 86,200 കോടി രൂപയിൽ നിന്ന് ഇക്കുറി ഒരുലക്ഷം കോടി രൂപയായി ഉയർത്തിയേക്കാം. ആരോഗ്യമേഖലയ്ക്കുള്ള ചെലവ് ജി.ഡി.പിയുടെ 2.5 ശതമാനമാണ് ഇപ്പോഴും ഇന്ത്യയിൽ. ഇത് തീരെക്കുറവാണ്. ചെലവ് 3-4 ശതമാനത്തിലേക്ക് ഉയർത്താനുള്ള നടപടിയുണ്ടായേക്കും.
ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയിലേക്ക് കൂടുതൽപേരെ ആകർഷിക്കാനുള്ള പദ്ധതിയുമുണ്ടാകും. 80 ശതമാനം മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ സാദ്ധ്യത. ആഭ്യന്തര നിർമ്മാണത്തിനും പ്രോത്സാഹനമുണ്ടാകും. ജൈവകൃഷി, വളംമേഖലകൾക്ക് ഇക്കുറിയും ഊന്നലുണ്ടാകും. വളം സബ്സിഡിക്കുള്ള തുക കൂട്ടാനാണ് സാദ്ധ്യതയെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്ര വിലയിരുത്തുന്നു. നടപ്പുവർഷത്തെ നീക്കിയിരുപ്പ് 2.50 ലക്ഷം കോടി രൂപയാണെന്നാണ് വിലയിരുത്തൽ