Middle East & Gulf

ഡെല്‍റ്റ വകഭേദം, കുവൈറ്റില്‍ ആശങ്ക പടര്‍ത്തുന്നു ! വകഭേദത്തെ നേരിടാന്‍ നടപടികളുമായി ആരോഗ്യമന്ത്രാലയം; മെഡിക്കല്‍ സ്റ്റാഫുകളുടെ അവധി ഒരു മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആലോചന; വാക്‌സിനേഷന്റെ വേഗത കൂട്ടണമെന്ന ആവശ്യവുമായി പ്രവാസികളും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 16, 2021

കുവൈറ്റ് സിറ്റി: കൊറോണ വൈറസ് ഡെല്‍റ്റ വകഭേദം കുവൈറ്റില്‍ സ്ഥിരീകരിച്ചത് ജനങ്ങളില്‍ ആശങ്ക പരത്തുന്നു. നിലവില്‍ പാലിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്നാണ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ അല്‍ ഹമൂദ് അല്‍ സബയുടെ നിര്‍ദ്ദേശം. നിലവില്‍ സ്ഥിരീകരിച്ച കേസുകള്‍ മന്ത്രാലയം നിരീക്ഷിച്ച് വരികയാണ്.

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ‘ഡെല്‍റ്റ്’ വകഭേദം ലോകത്ത് കുറച്ചുകാലം നിലനില്‍ക്കുമെന്നാണ് കുവൈറ്റ് ആരോഗ്യമന്ത്രിയുടെ അഭിപ്രായം. ഡെല്‍റ്റ വകഭേദം കുവൈറ്റില്‍ സ്ഥിരീകരിച്ചതായി മന്ത്രാലയത്തിന്റെ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് തിങ്കളാഴ്ചയാണ് അറിയിച്ചത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ജനങ്ങള്‍ ഒത്തുച്ചേരലുകള്‍ കര്‍ശനമായി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറച്ചു ദിവസങ്ങളായി കൂടുന്നതിനെ സംബന്ധിച്ച് ആരോഗ്യമന്ത്രി യോഗത്തില്‍ വിശദമായി അവതരിപ്പിച്ചിരുന്നു. ആളുകള്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പൂര്‍ണമായി പാലിക്കുന്നില്ലെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

ജാബര്‍ ഹോസ്പിറ്റല്‍, മിഷ്രിഫ് ഫെയര്‍ഗ്രൗണ്ട് ഫീല്‍ഡ് ഹോസ്പിറ്റല്‍ തുടങ്ങിയവിടങ്ങളില്‍ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ എത്തുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

മെഡിക്കല്‍ സ്റ്റാഫുകളുടെ അവധി അടുത്ത ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശം മന്ത്രാലയം നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച മുതല്‍ സബ അല്‍ അഹമ്മദ് കിഡ്‌നി സെന്ററിലെ പ്രവര്‍ത്തനം നിര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.

സര്‍ക്കാര്‍ ആശുപത്രികളിലെ പ്രത്യേക കൊവിഡ് കെയര്‍ വാര്‍ഡുകളിലെ ക്ലിനിക്കല്‍ ശേഷി ഉയര്‍ത്തുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ പ്ലാസ്റ്റിക് സര്‍ജറി പോലുള്ള ഓപ്ഷണല്‍ ഓപ്പറേഷനുകള്‍ നിയമവിധേയമാക്കും.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തേക്കാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആലോചന. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഈ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് വിവരം.

അതേസമയം, ഡെല്‍റ്റ വകഭേദം കുവൈറ്റില്‍ നേരത്തെ തന്നെയുണ്ടായിരുന്നെന്ന് ഡോ. ഗാനിം അല്‍ ഹുജൈലന്‍ വെളിപ്പെടുത്തിയിരുന്നതായും, എന്നാല്‍ ഇത് ആദ്യം മന്ത്രാലയം തള്ളിക്കളഞ്ഞതായും എംപി അഹമ്മദ് മുത്തൈ അല്‍ അസ്മി വിമര്‍ശിച്ചു. ഡെല്‍റ്റ വകഭേദത്തെക്കുറിച്ച് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ പത്രസമ്മേളനം നടത്തണമെന്ന് എംപി അബ്ദുല്‍കരീം അല്‍ കന്ദാരി ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട്‌ തങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും വിശദീകരിക്കാനുമായി ആരോഗ്യമന്ത്രി പാര്‍ലമെന്ററി ആരോഗ്യ സാമൂഹിക കാര്യ സമിതിയുടെ വ്യാഴാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കണമെന്ന് എംപി അബ്ദുല്ല അല്‍ തുരൈജി ആവശ്യപ്പെട്ടു.

ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്ക പങ്കുവയ്ക്കുകയാണ്. ബുക്ക് ചെയ്യുന്ന പലര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നില്ലെന്നും സ്വദേശികള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുന്നതെന്നും പ്രവാസികള്‍ക്കിടയില്‍ ആക്ഷേപമുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കൂടി വാക്‌സിനേഷന് അനുവാദം കൊടുത്താല്‍ വാക്‌സിന്‍ കൂടുതല്‍ പേര്‍ക്ക് കൊടുക്കാനാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

×