New Update
തച്ചമ്പാറ: ഗ്രാമ പഞ്ചായത്തുകളുടെ കോവിഡ് പ്രതിരോധ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ നല്‍കി തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്‌കൂളിന്റെ നല്ല മാതൃക.
ഹൈസ്‌കൂൾ-ഹയർ സെക്കന്ററി അധ്യാപകരും ജീവനക്കാരുമാണ് ഈ തുക നൽകിയത്. അഞ്ച് പഞ്ചായത്തുകൾക്കാണ് സ്‌കൂൾ പിന്തുണയേകിയിരിക്കുന്നത്. കാരാകുർശ്ശി, കാഞ്ഞിരപ്പുഴ, കരിമ്പ,മുണ്ടൂർ, പഞ്ചായത്തുകൾക്ക് ഇരുപതിനായിരം രൂപ വീതവും സ്‌കൂൾ സ്ഥിതി ചെയ്യുന്ന തച്ചമ്പാറ പഞ്ചായത്തിന് അമ്പതിനായിരം രൂപയും നൽകിയാണ് മഹാമാരി കാലത്ത് കരുത്തും കൈത്താങ്ങുമായത്.
കൂടാതെ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ഒരു ആരോഗ്യ സർവ്വേ സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്നും കോപ്പിഡ് രോഗമുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും മറ്റു സഹായങ്ങളും സ്കൂൾ അധ്യാപകരുടെ ഭാഗത്ത് നിന്നും ചെയ്തിരുന്നു.
തുടർന്നും കഴിയാവുന്ന സഹായങ്ങൾ സ്കൂളിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും, സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി ചെറിയ തോതിലെങ്കിലും നാടിന് കൈത്താങ്ങാവുകയാണ് ഈ പ്രവൃത്തിയെന്നും ദേശബന്ധു ഹയർ സെക്കന്ററിസ്‌കൂൾ പ്രിൻസിപ്പൽ ജയരാജൻ, ഹൈസ്‌കൂൾ പ്രധാനധ്യാപകൻ ബെന്നി എന്നിവർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻ കുട്ടി,ജോർജ് തച്ചമ്പാറ, അധ്യാപകരായ പി.എം. ബൾക്കീസ്, കെ.ഹരിദാസൻ, പി.ജയരാജ്, ഏ.ആർ.രാജേഷ്, എന്നിവർ പങ്കെടുത്തു.