ഓൺലൈൻ വിദ്യാഭ്യാസ പ്രവർത്തനം: കുട്ടികൾക്ക് കരുതലായി തച്ചമ്പാറ ദേശബന്ധു സ്‌കൂളിലെ അധ്യാപകർ

സമദ് കല്ലടിക്കോട്
Monday, June 21, 2021

ഗൃഹാന്തരീക്ഷത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുള്ള സഹായ പ്രവർത്തനങ്ങളുമായി തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകർ

തച്ചമ്പാറ: അധ്യാപകരുടെ കരുതലാണ്​ കുട്ടികളുടെ പഠനത്തിൽ ഏറെ സ്വാധീനിക്കപ്പെടുന്ന ഘടകം​. അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിലും കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായകമായി പ്രവർത്തിക്കുകയാണ് തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകർ.

കുട്ടികൾക്ക് സ്മാർട്ട് ഫോണും ടെലിവിഷനും എത്തിച്ചാണ് ഈ സ്‌കൂളിലെ അധ്യാപകർ തുണയാകുന്നത്. മഹാമാരിയുടെ വ്യാപനം തുടരുന്നതിനിടയിലും ഗൃഹാന്തരീക്ഷത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമായി ഏറ്റെടുക്കുന്നതിനും കുട്ടികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനും അധ്യാപകരുടെ നേതൃത്വത്തിൽ ഇവിടെ ജാഗ്രത സമിതി പ്രവർത്തിക്കുന്നു.

അഞ്ച്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ0ന സൗകര്യം ഇല്ലെന്ന് അറിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ദേശബന്ധുവിലെ അധ്യാപിക ഗോപിക റാണി സന്നദ്ധമായി.

അധ്യാപകർ ഭവന സന്ദർശനം നടത്തുകയും ദേശബന്ധുവിലെ മുൻ അധ്യാപകൻ കെ.എം പോൾ മാസ്റ്റർ കുട്ടികൾക്ക് വേണ്ടി ടെലിവിഷൻ ഏറ്റുവാങ്ങുകയും ചെയ്തു. സഹായം ഏറ്റുവാങ്ങുന്ന കുട്ടികളുടെ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുന്ന രീതിയും ഇവർ അവലംബിക്കാറില്ല.

സ്മാർട്ട് ഫോൺ പോലും ഇല്ലാതെ എങ്ങനെ ക്ലാസുകൾ കാണുമെന്ന കുട്ടികളുടെ ആശങ്ക അകറ്റാൻ അധ്യാപകരുടെ സമയോചിതമായ ഇടപെടൽ മുമ്പും ഉണ്ടായിട്ടുണ്ട്. അധ്യാപകരായ ബെന്നി.എം.ജോസഫ്, പി.ജയരാജ്,കെ.ഹരിദാസൻ, സന്തോഷ് കുമാർ പി.ജി തുടങ്ങിയവർ പങ്കെടുത്തു.

×