മലപ്പുറം : കേരള സർക്കാരിൻ്റെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ ഓൺലൈൻ ക്ലാസ് കേൾക്കാൻ സൗകര്യമില്ലാത്തതിൻ്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന വളാഞ്ചേരി മങ്കേരി ദലിത് കോളനിയിലെ ദേവികയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ല പ്രസിഡൻ്റ് കെ.കെ അഷ്റഫ് ആവശ്യപ്പെട്ടു.
മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ സൗകര്യമൊരുക്കാതെ ക്ലാസാരംഭിച്ച സർക്കാരും വിദ്യാഭ്യാസ വകുപ്പുമാണ് ഈ മരണത്തിൻ്റെ മുഖ്യ ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ വിദ്യാർഥികൾക്കും സൗകര്യം ഉറപ്പുവരുത്തുന്നത് വരെ നിലവിലെ ഓൺലൈൻ ക്ലാസ് സർക്കാർ നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴുത്തിൽ കയർ കെട്ടി പ്രതീകാത്മകമായ പ്രതിഷേധത്തിൽ ഫ്രറ്റേണി മലപ്പുറം ജില്ലാ സെക്രട്ടറി സി.പി ഷരീഫ്, ജില്ല കമ്മിറ്റിയംഗം അഖീൽ നാസിം എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ഇൻസാഫ്, ജില്ല കമ്മിറ്റിയംഗം നബീൽ അമീൻ, ദാനിഷ് എന്നിവർ നേതൃത്വം നൽകി.