ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും അനൂപ് മേനോനും നായകന്മാരായി എത്തുന്ന 'മരട് 357' എന്ന സിനിമയില്‍ ധര്‍മ്മജന്റെ മകള്‍ വേദയും. പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരട് 357'. ചിത്രത്തിലെ നായക കഥാപാത്രമാണ് ധര്‍മജന്‍ കൈകാര്യം ചെയ്യുന്നത്. നൂറിന്‍ ഷെരീഫും ഷീലു എബ്രഹാമുമാണ് ചിത്രത്തില്‍ നായികമാര്‍.
ചിത്രത്തില്‍ഒരു തമിഴ് കുടുംബത്തിലെ അംഗമായാണ് വേദ അഭിനയിക്കുന്നത്. വേദ ഇതിനു മുന്‍പ് 'ബലൂണ്‍' എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. സംവിധായകന്‍ ജോഷി ഒരുക്കിയ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിലും വേദ ഒരു ചെറിയ കഥാപാത്രം അവതരിപ്പിച്ചിരുന്നു.
'മരട് 357' എന്ന ചിത്രം കൊച്ചി മരടില്‍ ഫ്ളാറ്റില്‍ താമസിച്ചിരുന്ന 357 കുടുംബങ്ങളുടെ ജീവിതമാണ് പറയുന്നത്. മരടില്‍ പൊളിച്ചുനീക്കപ്പെട്ട ഫ്‌ളാറ്റില്‍ താമസിച്ചിരുന്നവര്‍ക്ക് പിന്നീട് എന്താണ് സംഭവിച്ചത് എന്ന് പുറം ലോകത്തെ അറിയിക്കുകയാണ് ഈ ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
ഫ്ളാറ്റിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനായാണ് ധര്‍മ്മജന്‍ എത്തുന്നത്. ജനുവരി 30 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.