ദമാമില്‍ നിന്ന് നാട്ടിലെത്തിയ ഫുട്ബോള്‍ തരാം രണ്ടാം ദിവസം ഹൃദയാഘാതത്താല്‍ മരണത്തിന് കീഴടങ്ങി.

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Wednesday, January 13, 2021

ദമാം– ദമാമിലെ പ്രമുഖ ഫുട്‌ബോൾ കളിക്കാരനും തുഖ്ബ വർക്‌ഷോപ്പിലെ ജീവനക്കാരനുമായ ദിലീഷ് ദേവസ്യ (28) നാട്ടിലെത്തിയ രണ്ടാമത്തെ ദിവസം മരണത്തിന് കീഴടങ്ങി. തൃശൂർ കൊടകര പേരാമ്പ്ര പരേതനായ ചുക്രിയൻ ദേവസ്യ-ലിസി ദമ്പതികളുടെ മകനായ ദിലീഷ് അഞ്ച് വർഷത്തോളമായി സൗദിയിലെഅൽകോബാറിൽ ജോലി ചെയ്യുകയായിരുന്നു.

നാലുമാസത്തെ അവധിക്കായി തിങ്കളാഴ്ചയാണ് ദിലീഷ് നാട്ടിലേക്ക് പോയത്. വീട്ടിൽ ക്വാറന്റൈനിൽ കഴിയവേ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു.  ബെൽവിൻ ഏക സഹോദരനാണ്. തുഖ്ബയിലുള്ള ബെന്നി മാതാവിന്‍റെ സഹോദരീ ഭർത്താവാണ്.

ദമാമിലെ പ്രവാസി ഫുട്‌ബോൾ ക്ലബ്ബായ ഇ.എം.എഫ് റാക്കയുടെ കളിക്കാരനായ ദിലീഷ് തന്റെ കളിയഴക് കൊണ്ടും ഹൃദ്യമായ പെരുമാറ്റം മൂലവും കായിക മേഖലയിൽ പ്രിയപ്പെട്ടവനായി രുന്നു. അത് കൊണ്ട് തന്നെ ദമാമിലെ കാൽപന്ത് പ്രേമികൾക്ക്്് ദിലീഷിന്റെ ആകസ്മിക വിയോഗം അവിശ്വസനീയമായിരുന്നു.

ദിലീഷിന്റെ വിയോഗം കണ്ണുനീർ കൊണ്ട് മാത്രമേ ഉൾകൊള്ളാനാവൂവെന്നും ദമാമിലെ ഫുട്‌ബോൾ മേഖലക്ക് ദിലീഷ് നൽകിയ നിമിഷങ്ങൾ എന്നും അവിസ്മരണീയമായി നിലനിൽക്കുമെന്നും ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (ഡിഫ) അനുശോചന സന്ദേശത്തിൽ പറഞ്ഞു.

×