സര്‍ക്കാര്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സ്വീകരിച്ച സമഗ്ര സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കേന്ദ്ര ബജറ്റെന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്; എംബസിയുടെ ആഭിമുഖ്യത്തില്‍ ബജറ്റ് ചര്‍ച്ച സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, February 4, 2021

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസി ‘ഇന്‍വെസ്റ്റ് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ അധിഷ്ഠിതമായി നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമായി കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് സംസാരിച്ചു. ലോകത്തിന്റെ ഫാര്‍മസിയെന്ന നിലയില്‍ ആഗോള തലത്തില്‍ ഇന്ത്യ വാക്‌സിന്‍ വിതരണം നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ കുവൈറ്റിലെത്തിയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

21-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 11.5 ശതമാനം വളര്‍ച്ച നേടുമെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്ന ഒരേയൊരു പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും സിബി ജോര്‍ജ് ചൂണ്ടിക്കാട്ടി.

ആഗോള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച അനുകൂലമായ പരിഷ്‌കാരങ്ങളുടെയും നടപടികളുടെയും ഫലമാണ് ‘വി’ ആകൃതിയിലുള്ള വീണ്ടെടുക്കല്‍.

2014 മുതലുള്ള സര്‍ക്കാര്‍ നയങ്ങള്‍ സമ്പദ്‌വ്യവസ്ഥയില്‍ ആവശ്യമായ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി. ഇത് ലോകബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിലും’ പ്രതിഫലിച്ചു. കഴിഞ്ഞ വര്‍ഷം 190 രാജ്യങ്ങളുടെ പട്ടികയില്‍ 14 റാങ്കുകള്‍ മെച്ചപ്പെടുത്തി ഇന്ത്യ 63-ാമതെത്തി. അഞ്ചു വര്‍ഷങ്ങള്‍കൊണ്ട് (2014-19) ഇന്ത്യ 79 റാങ്കുകള്‍ മെച്ചപ്പെടുത്തി.

എഫ്ഡിഐ ഇക്വിറ്റി വരവില്‍ 500 ബില്യണ്‍ ഡോളര്‍ നാഴികക്കലുകള്‍ മറികടന്ന് രാജ്യം ചരിത്രം സൃഷ്ടിച്ചു. 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 261 ബില്യണ്‍ ഡോളറാണ് നേടിയത്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്ന എന്ന വസ്തുതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും സ്ഥാനപതി പറഞ്ഞു.

2030-ഓടെ ഇന്ത്യയില്‍ 850 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടാകും. 2035 ആകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് നഗരങ്ങളില്‍ മധ്യ വരുമാനമുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന സമ്പദ്‌വ്യവസ്ഥ കൈവരിക്കും. അടുച്ച 20 വര്‍ഷത്തേക്ക് ഇന്ത്യയേക്കാള്‍ കൂടുതല്‍ വളര്‍ച്ചാ അവസരങ്ങള്‍ നല്‍കുന്ന ഒരു വിപണി വേറെയുണ്ടാകില്ല.

സര്‍ക്കാര്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സ്വീകരിച്ച സമഗ്ര സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കേന്ദ്ര ബജറ്റ്. ‘ഇന്‍വെസ്റ്റ്‌മെന്റ് ലെഡ് ഗ്രോത്ത്’ മാതൃകയില്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പുതിയ ഇന്ത്യയെ സൃഷ്ടിക്കും.

ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളിലുണ്ടായ 5.12 ശതമാനം വര്‍ധനവ് 21-ാം നൂറ്റാണ്ടിലെ ബജറ്റ് ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിതെന്നും സ്ഥാനപതി വ്യക്തമാക്കി.

×