സാന്ത്വന പരിചരണ നയം ആവിഷ്ക്കരിക്കാൻ ദില്ലി സർക്കാർ

New Update

publive-image

ഡിസ്‍ട്രെസ് മാനേജ്‍മെന്‍റ് കളക്‌ടീവ് ഇന്ത്യ (ഡിഎംസി ഇന്ത്യ) ഡി-നിപ് കെയറുമായി ചേർന്ന് ഒക്‌ടോബർ 10 ന് വേൾഡ് പാലിയേറ്റീവ് കെയർ ആന്‍റ് ഹോസ്പ്പിസ് ദിനാഘോഷം സംഘടിപ്പിച്ചു.

Advertisment

ഡിസ്‍ട്രെസ് മാനേജ്‍മെന്‍റ് കളക്‌ടീവ് ഇന്ത്യ ചെയർമാനും രക്ഷാധികാരിയുമായ റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടികളുടെ ഉത്ഘാടനം ദില്ലി സർക്കാരിന്‍റെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പു മന്ത്രി ഡോ. സത്യേന്ദ്ര ജയിൻ നിര്‍വ്വഹിച്ചു.

ഓരോ പൗരനും അന്തസ്സോടെ മരിക്കാനുള്ള ആവകാശം ഭരണഘടന വാഗ്‍ദാനം ചെയ്യുന്നുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. സാഹോദര്യമാണ് സർക്കാർ നയങ്ങളുടെയും പ്രോജക്‌ടുകളുടെയും കാതലായ തത്വവും മാർഗ്ഗദീപവുമെന്ന വസ്തുത അദ്ദേഹം എടുത്തുപറഞ്ഞു.

ഹോപ്പ് ഫൌണ്ടേഷനുമായി സഹകരിച്ച് ഡിഎംസിഐ ഡൽഹി എൻസിആർ മേഖലയിൽ സാന്ത്വന പരിചരണം ആവശ്യമായ 50 കുടുംബങ്ങൾക്ക് അടുത്ത ആറ് മാസത്തേക്ക് ഡ്രൈ റേഷൻ കിറ്റുകൾ നൽകുന്ന ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ഉൽഘാടന പ്രസംഗത്തിൽ ഈ ഉദ്യമത്തെ പ്രശംസിച്ച ഡോ. സത്യേന്ദ്ര ജെയിൻ കേരളത്തിലേതുപോലെ വ്യക്തമായ ഒരു പാലിയേറ്റീവ് കെയർ നയം ഡൽഹിയിലും ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത എടുത്തുപറഞ്ഞു. ഇത്തരമൊരു നയം ആവിഷ്ക്കരിക്കുന്നതിന് ഡിഎംസിഐയും പ്രൊഫഷണലുകൾ, റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ, റിസർച്ച് സ്‍കോളർമാർ എന്നിവർ അടങ്ങുന്ന അതിന്‍റെ വൊളന്‍റിയർമാരും ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങൾ അധിവസിക്കുന്നതിനാൽ ഡൽഹിയിൽ വിവിധ ഭാഷക്കാർക്കും വൈവിധ്യമാർന്ന സംസ്ക്കാരത്തിനും അനുയോജ്യമായ നയം ആവിഷ്ക്കരിക്കേണ്ടത് അനിവാര്യമാണ്.

ഗാന്ധി ജയന്തി പ്രമാണിച്ച് ഡിഎംസിഐ കേരളത്തിൽ 14 ജില്ലകളിലും ‘അമ്മയുടെ ഭക്ഷണം’ എന്ന പേരിൽ ഒരു പരിപാടി ആരംഭിച്ചിരുന്നു. സാന്ത്വന പരിചരണത്തിൻ കീഴിൽ വരുന്ന 1400 കുടുംബങ്ങളാണ് അതിന്‍റെ ഗുണഭോക്താക്കൾ.

ഇപ്പോഴത്തെ കോവിഡ്-19 സാഹചര്യത്തിൽ, വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതാണ് ആദ്യത്തെ വാക്സിൻ എന്ന് പാർലമെന്‍റ് അംഗവും ഡിഎംസിഐയുടെ രക്ഷാധികാരികളിൽ ഒരാളുമായ ശ്രീ കെ. ജെ. അൽഫോൻസ് ഐഎഎസ് റിട്ടയേർഡ് എടുത്തുപറഞ്ഞു.

ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മനോജ് വി. ജോർജ്ജ് സദസ്സിനെ സ്വാഗതം ചെയ്ത് സംസാരിച്ചു. വാക്സിൻ കണ്ടുപിടിക്കാനുള്ള ഗവേഷണം തുടരുകയാണെങ്കിലും ലോകമാകെ ഇപ്പോൾ സാന്ത്വന പരിചരണത്തിലാണെന്നും, രോഗ കാരണങ്ങൾ എന്തായിരുന്നാലും വേദനയിൽ നിന്ന് ആശ്വാസമേകാനാണ് നാം പ്രയത്നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഡിഎംസിഐയുടെ രക്ഷാധികാരികളും എക്സിക്യുട്ടീവ് കൌൺസിൽ അംഗങ്ങളുമായ ഡോ. കെ.സി. ജോർജ്ജ്, ശ്രീ സുബ്ബു റഹ്‍മാൻ, ശ്രീ ബാബു പണിക്കർ, ശ്രീമതി ഷേർളി രാജൻ എന്നിവരും സംസാരിച്ചു. ഡൽഹിയിൽ 50 കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള കിറ്റുകൾ ഡി.നിപ്പ് കെയറിന്‍റെ ശ്രീ കെ.വി ഹംസ ഏറ്റുവാങ്ങി.

കേരളത്തിൽ 2008 ൽ നിലവിൽ വന്ന പാലിയേറ്റീവ് കെയർ സംവിധാനം മാതൃകയാക്കി, അത് സ്വീകരിച്ചും മെച്ചപ്പെടുത്തിയും, ഡൽഹിയിലും ഒരു പാലിയേറ്റീവ് കെയർ സംസ്ക്കാരം വളർത്തിയെടുക്കുന്നതിനാണ് പ്രോഗ്രാം പൊതുവെ ഊന്നൽ നൽകിയത്.

ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ പാലിയേറ്റീവ് കെയർ വൊളന്‍റിയർമാർ മനസ്സിലാക്കിയത് ഇത്തരം രോഗികളിൽ മിക്കവരുടെയും കുടുംബങ്ങൾ കടുത്ത പട്ടിണി അനുഭവിക്കുന്നുണ്ടെന്നാണ്.

റേഷൻ കിറ്റ് വിതരണം ചെയ്യുന്നത് അവരുടെ നിലനിൽപ്പിന് അനിവാര്യമായ സഹായമാണ്, കടുത്ത രോഗാവസ്ഥയിൽ കഴിയുന്ന അവർക്ക് കുടുംബത്തിന്‍റെ വിശപ്പടക്കാൻ കഴിയുമ്പോഴുള്ള ആശ്വാസമാണ് ഏറ്റവും പ്രധാനമായ കാര്യം.

ഡൽഹി നഗരത്തിൽ പല ദുരിതങ്ങളാൽ, പ്രത്യേകിച്ച് കോവിഡ്-19 സാഹചര്യത്തിൽ പ്രതിസന്ധിയിലായവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിൽ ഡിഎംസിഐ നൽകുന്ന സംഭാവനകളെ ബഹുമാനപ്പെട്ട മന്ത്രി പ്രശംസിച്ചു.

ലോക്‌ഡൌണിനെ തുടർന്നുള്ള കാലയളവിൽ ഡൽഹിയിൽ പട്ടിണിയിലായ ഒരു ദശലക്ഷം ആൾക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകാൻ ഡിഎംസിഐക്ക് കഴിഞ്ഞെന്ന് ഭാരവാഹികൾ അറിയിച്ചു.

distress management collective India
Advertisment