പാലക്കാട് ജില്ലാ ജയിലിൽ ഇനി മധുരമൂറും മുന്തിരിയും

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: ജില്ലാ ജയിലിലെ ജൈവ കലവറയിൽ ഇനി മുന്തിരിയും മധുരം നൽകും. ജയിൽ വളപ്പിനെ പച്ച തുരുത്താക്കാനായി നടത്തിയ പരിശ്രമങ്ങളാണ് മധുര പ്രതീക്ഷ നൽകുന്നത്. ജയിൽ മേധാവിയുടെ ആശയവും തടവുകാരുടെ കായിക ശേഷിയും സമന്വയിച്ചതോടെയാണ് തരിശായി കിടന്ന ജയിൽ വളപ്പിൽ പച്ച പുതച്ചു തുടങ്ങിയത്.

കരനെൽ കൃഷി വിജയം കണ്ടതോടെയാണ് രണ്ടിലധികം ഏക്കർ സ്ഥലമുള്ള ജയിൽ വളപ്പിനെ ഹരിതാഭമാക്കാൻ അധികൃതർ തീരുമാനിച്ചത്. തെങ്ങ്, പ്ലാവ് മാവ് വാഴ കപ്പ, ചോളം, നാരകം എന്നിവക്കു പുറമെയാണ് മധുര ഫലം തരുന്ന മുന്തിരി, മാതളം, ചാമ്പക്ക, കരിമ്പ്, പപ്പായ എന്നിവയും ഇവിടെ വേരാഴ്ത്തി നിൽക്കുന്നത്.

publive-image

തരിശായി കിടന്ന ജയിൽ വളപ്പിലെ പച്ചപ്പ് ആരെയും ആകർഷിക്കുന്നതാണ്. കാരാഗൃഹത്തിലെ കൈക്കരുത്തിൽ വിളഞ്ഞ കാർഷികവൃത്തി ഏവർക്കും മാതൃകയാണെന്ന് അസിസ്റ്റൻറ് സൂപ്രണ്ട് മിനിമോൾ പറഞ്ഞു.

ജയിൽ സൂപ്രണ്ട് അനിൽകുമാർ വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പച്ച തുരുത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം ജയിൽ വളപ്പിൽ നടപ്പിലാക്കിയ ക്ഷിപ്രവനം, ശലഭോദ്യാനം, നക്ഷത്ര വനം പുഷ്പകൃഷി തുടങ്ങിയവയും ശ്രദ്ധയാകർഷിച്ചിരുന്നു.

തടവുകാരുടെ വരുമാനം എന്നതിനപ്പുറം തടവുകാരുടെ മാനസിക സംഘർഷം കുറച്ച് സമൂഹത്തിൻ്റെ ഭാഗമാക്കാനുള്ള ജയിലധികൃതരുടെ ആശയം കൂടിയാണ് ലക്ഷ്യത്തിലേക്കെത്തുന്നത്

palakkad news
Advertisment