Advertisment

തലവടി ഗ്രാമപഞ്ചായത്തിലെ പ്രദേശവാസികളുടെ കൂട്ടായ്മയിൽ കുടിവെള്ളത്തിനായി കിയോസ്ക് തയ്യാർ, ഇനിയും വേണ്ടത് കുടിനീര്

New Update

എടത്വാ: തലവടി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ മടയ്ക്കൽ ജംഗ്ഷൻ മുതൽ മണ്ണാരുപറമ്പിൽപടി വരെയുള്ള റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്ന 30 കുടുംബങ്ങൾ ചേർന്ന് കുടിവെള്ളത്തിനായി കിയോസ്ക് സ്ഥാപിച്ചു. ഇനിയും വേണ്ടത് കുടിനീര്.

Advertisment

കഴിഞ്ഞ ദിവസം ഇവിടെ സൗഹൃദ വേദി രൂപികരിച്ചു കൊണ്ട് ജനകീയ സദസ് സംഘടിപ്പിച്ചിരുന്നു. ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് രണ്ടര പതിറ്റാണ്ട് കഴിയുന്നു. ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.

publive-image dav

എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ് ഇവിടെ അനുഭവിക്കുന്നത്. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഉപയോഗിച്ചിരുന്നത് തോടുകളിലെ വെള്ളം ആയിരുന്നു.

അതും ഇപ്പോൾ ഇല്ലാതെ ആയിരിക്കുകയാണ്. ഈ വർഷം വളരെ നേരത്തെ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആണ് രണ്ടായിരം ലീറ്ററിൻ്റെ കിയോസ്ക് സ്ഥാപിക്കുവാൻ തീരുമാനിച്ചത്. സമാന്തര കുടിവെള്ള വിതരണം ആരംഭിക്കുമ്പോൾ കിയോസികിൽ ശേഖരിക്കാൻ ആണ് ലക്ഷ്യം.

വാലയിൽ ബെറാഖാ ഭവനിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അതിന് ആവശ്യമായ സ്ഥലം വിട്ടുകൊടുത്തു.

റോഡിൽ നിന്നും കിയോസ്കിലെ വെള്ളം ശേഖരിക്കുന്നതിന് മതിൽ പൊട്ടിച്ച് ടാപ്പും ഘടിപ്പിച്ചിട്ടുണ്ട്. വെള്ളപൊക്ക സമയങ്ങളിലും കുടിവെള്ളം ഇവിടെ കിട്ടാകനിയാണ്.

മലിനമായ ജലം ഉറവയായി ഇറങ്ങുന്നത് മൂലം കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം ആണ്. അത് നേരിടുന്നതിന് കിയോസ്ക് ഏകദേശം മൂന്ന് അടി ഉയരത്തിലാണ് ഇഷ്ടിക കൊണ്ട് തറ കെട്ടി സ്ഥാപിച്ചിരിക്കുന്നത്.

ബാബു വാഴകൂട്ടത്തിൽ, വിൻസൺ പൊയ്യാലുമാലിൽ, സുരേഷ്പരുത്തിക്കൽ ,ജോർജ് തോമസ് കടിയന്ത്ര, കുഞ്ഞുമോൻ പരുത്തിക്കൽ ,റെജി തോമസ് ,ബേബി മഠമുഖം ,കലേശൻ പി.ഡി ,അനീഷ് ജോൺ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

തലവടി തെക്കെക്കരയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്നുള്ള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപെട്ട് തലവടി സൗഹൃദ സമിതി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള കളക്ടർ എം.അഞ്ജന , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജി.വേണുഗോപാൽ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി ദേവദാസ് എന്നിവർക്കും തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പ്രദേശവാസികൾ ചേർന്നും നിവേദനം നല്കിയിട്ടുണ്ട്.

Advertisment