Advertisment

ലോക് ഡൗൺ കാലത്ത് പട്ടിണിയിലായ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണവുമായി എസ്‌ ഐ

New Update

എടത്വ:  കാക്കിക്കുള്ളിലുള്ള ആ ഹൃദയം മൃഗങ്ങൾ പോലും തിരിച്ചറിഞ്ഞു. ഔദ്യോഗിക ക്യത്യനിർവഹണത്തിനിടയിൽ കണ്ടുമുട്ടുന്ന ഒരു കൂട്ടം തെരുവ് നായ്ക്കൾക്ക് യജമാനൻ കൂടിയാണ് ഈ നിയമ പാലകൻ.

Advertisment

publive-image

ലോക്ഡൗണ്‍ കാലത്ത് പട്ടിണിയിലായ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണവുമായി എത്തുന്നത് എടത്വ എസ്‌ ഐ സിസില്‍ ക്രിസ്റ്റിന്‍ രാജ്. ഒറ്റപെട്ട് പോകുന്ന മനുഷ്യന് പലപ്പോഴും താങ്ങായിട്ടുള്ള എസ്‌ ഐ മൃഗങ്ങളെയും സ്‌നേഹിക്കാന്‍ കാണിക്കുന്ന ആ വലിയ മനസ്സിന് സല്യൂട്ട് നല്‍കുകയാണ് നാട്ടുകാരിപ്പോള്‍.

കഴിഞ്ഞ ദിവസം രാത്രിയില്‍ സീനിയര്‍ സി പി ഒ ഗോപനോടൊപ്പം പല സ്ഥലങ്ങളിലായി എത്തി 10 പായ്ക്കറ്റോളം ബിസ്‌കറ്റുകളാണ് തെരുവു നായ്കള്‍ക്ക് നല്‍കിയത്.

കടകള്‍ അടച്ചുപൂട്ടിയതോടെ തെരുവു നായ്ക്കള്‍ മുഴുപ്പട്ടിണിയിലാവുകയും ഭക്ഷണം കിട്ടാതായതോടെ അക്രമാസക്തമാകാനുള്ള സാധ്യതയും മനസ്സിലാക്കി തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനായി എസ്‌ ഐ തയ്യാറാവുകയായിരുന്നു.

ഹോട്ടലുകള്‍, അറവുശാലകള്‍ എന്നിവ അടച്ചുപൂട്ടിയതോടെയാണ് ഇവറ്റകള്‍ക്ക് തീറ്റയില്ലാതായത്. ഇവിടെ നിന്നും തെരുവോരങ്ങളിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ നായ്ക്കളുടെ ഇഷ്ടഭോജ്യമായിരുന്നു.

ഭക്ഷണം കിട്ടാതെ വന്നതോടെ ഇവ അക്രമാസക്തമാകുമോ എന്ന ഭീതിയിലായിരുന്നു ജനങ്ങള്‍. കാല്‍നടയാത്രക്കാരും ഇരുചക്രവാഹനക്കാരും നായ്കളെ കാണുമ്പോള്‍ ഭീതിയോടെയാണ് മുന്നോട്ട് പോയിരുന്നത്.

അടഞ്ഞുകിടക്കുന്ന ഹോട്ടലുകള്‍, മറ്റ് ഭക്ഷണശാലകള്‍, സ്‌കൂളുകള്‍, ആശുപത്രിപരിസരം, കടകളുടെ വരാന്തകള്‍, സര്‍ക്കാര്‍ ആഫീസുകളുടെ കവാടങ്ങള്‍ എന്നിവിടങ്ങളിലാണ് കൂട്ടത്തോടെ ഇവ തമ്പടിക്കുന്നത്.

മഹാപ്രളയസമയത്ത് ഒറ്റപെട്ട് പോയ എടത്വ, തലവടി പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപെട്ട് മുമ്പിലുണ്ടായിരുന്നതും എസ്‌ ഐയായിരുന്നു.

publive-image btr

ഏഴ് മക്കളുണ്ടായിട്ടും വിദേശത്തും മറ്റുമായതിനാല്‍ ഒറ്റയ്ക്ക് കഴിയേണ്ടി വന്ന 93 വയസ്സുള്ള വൃദ്ധയോടൊപ്പം എസ്‌ ഐ സിസില്‍ ക്രിസ്റ്റ്യന്‍ രാജ് ഓണമാഘോഷിച്ചത് അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹത്തിന്റെ വലിയ ഉദാഹരണമായിരുന്നു.

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിലെ വാഹന അപകടം വര്‍ദ്ധിച്ചുവരുകയും 90 ശതമാനം അപകടങ്ങളും അലക്ഷ്യമായ ഡ്രൈവിംങ് മൂലമാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കി ജനങ്ങളുടെ ബോധവല്‍ക്കരണത്തിനായി പോലീസ് സ്റ്റേഷന്റെ മതിലില്‍ ഇരുപതോളം ചിത്രങ്ങളാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ വരച്ചത്.

ഒറ്റപെട്ട് പോകുന്നവര്‍ക്ക് തുണയായി എത്തുന്ന എസ്‌ഐ പ്രദേശത്ത് കുറ്റകൃത്യങ്ങളും അപകടങ്ങളും കുറയ്ക്കാനായിട്ടുള്ള തീവ്രശ്രമത്തിലാണ്.

ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് നിരവധി കർമ്മ പദ്ധതികൾ ആണ് ചെയ്തു വരുന്നത്.

കഴിഞ്ഞ ദിവസം സൗഹൃദ വേദിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തിൽ തിരക്കുകൾക്കിടയിലും ഈ നിയമപാലകൻ കിടപ്പു രോഗിയുടെ ഭവനത്തിലെത്തി ഭക്ഷ്യകിറ്റ് നല്കി. മടങ്ങി വന്ന് ജീപ്പിൽ കയറുന്നതിന് മുമ്പ് കൈ കഴുകി അവിടെയും ബോധവത്ക്കരണം നടത്തിയാണ് പോയത്.

Advertisment