തുടർച്ചയായ എട്ടാം വർഷവും പിറവം ആഘോഷിച്ചു “അമ്മയോടൊപ്പം”. പിറവം നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ്ബിന്റെ മാതൃവാത്സല്യത്തിന് മുന്നിൽ പ്രണമിച്ച് പിറവം പൗരാവലി

സുഭാഷ് ടി ആര്‍
Monday, January 20, 2020

പിറവം:  ജനുവരി അഞ്ച് പിറവത്തെ വിധവകളായ അമ്മമാരെ സംബന്ധിച്ചിടത്തോളം ആഹ്ളാദ ദിനമാണ്. കഴിഞ്ഞ എട്ടുവർഷമായി പിറവം നഗരസഭയുടെ പരിധിയിലുള്ള ഈ അമ്മമാരെ ക്ഷണിച്ച്, സ്വീകരിച്ച് ആദരിക്കുന്ന ഈ ദിവസം അവർക്ക് മറക്കാൻ കഴിയുമോ ?

പിറവം നഗരസഭയുടെ ചെയർമാനും രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ചെയർമാനുമായ സാബു കെ ജേക്കബ്ബ് എട്ടുവർഷം മുമ്പ് രൂപം കൊടുത്തതാണ് “അമ്മയോടൊപ്പം” എന്ന പരിപാടി.

അമ്മയോടൊപ്പം
പിറവം പഞ്ചായത്തിന്റെ അവസാന പ്രസിഡന്റും പിറവം മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനുമാണ് സാബു കെ ജേക്കബ്ബ്. തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഏറ്റവും അവഗണനയും ദുഃഖവും അനുഭവിയ്ക്കുന്നത് വിധവകളായ ഈ അമ്മമാരാണെന്ന തിരിച്ചറിവായിരുന്നു “അമ്മയോടൊപ്പം” എന്ന പരിപാടിയുടെ പ്രചോദനം.

പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴും ഇപ്പോൾ ചെയർമാനായിരിക്കുമ്പോഴും വിവിധ ആവശ്യങ്ങളും പരാതികളുമായി ഈ അമ്മമാർ വരാറുണ്ട്.

ഭർത്താവിന്റെ വിയോഗത്തോടെ മക്കൾ അവഗണിച്ചവർ ബന്ധു ജനങ്ങളാൽ പീഡനം അനുഭവിയ്ക്കുന്നവർ, മരുന്ന് വാങ്ങാൻ പണമില്ലാതെ വലയുന്നവർ, ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്നവർ, അങ്ങനെ പലതരത്തിൽ ദുരിതം അനുഭവിക്കുന്ന ഈ അമ്മമാർ വേദനാജനകമായ കാഴ്ചയാണ്.

ആരോരുമില്ലാത്ത, അവഗണനയുടെയും ഏകാന്തതയുടെയും തുരുത്തിലകപ്പെട്ട ഇവർക്ക് ആരെങ്കിലും ഉണ്ട് തങ്ങൾക്ക് എന്ന തോന്നൽ “അമ്മയോടൊപ്പം” പരിപാടിയിലൂടെ ഉണ്ടാക്കിയെടുത്തു. വെറും ഒരു പൊന്നാട ചാർത്തി പറഞ്ഞുവിടുന്ന പേരിനൊരു ചടങ്ങല്ല അമ്മയോടൊപ്പം.

പിറവം നഗരസഭയുടെ 27 വാർഡുകളിൽ താമസക്കാരായ അറുപത് വയസിനു മുകളിൽ പ്രായമുള്ള വിധവകളും അനാഥരും സാമ്പത്തിക പരാധീനതയുള്ളവരുമായ അമ്മമാരെ ജാതി, മത പരിഗണനകളില്ലാതെ തന്നെ കണ്ടെത്തി അവരെ നേരിട്ട് ഈ പരിപാടിയിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത്.

ക്ഷണിയ്ക്കപ്പെട്ട് വരുന്ന അമ്മമാർക്ക് കോടിവസ്ത്രവും ഭക്ഷ്യധാന്യങ്ങളുടെ കിറ്റും ആയുർവേദ കിറ്റും സഹായ നിധിയായി ഓരോരുത്തർക്കും ഇരുനൂറു രൂപ വീതവും കൊടുത്ത് ആദരിയ്ക്കുന്നു.

ഇതിനുപുറമെ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും നൽകിയാണ് അവരെ മടക്കി അയയ്ക്കുന്നത്.

ഇത്തവണ ജനുവരി അഞ്ചിന് നടന്ന “അമ്മയോടൊപ്പം” പരിപാടിയിൽ പങ്കെടുക്കാൻ 946 അമ്മമാരാണ് എത്തിയത്. ആദരം ഏറ്റുവാങ്ങുമ്പോൾ ഓരോരുത്തരും മനസുകൊണ്ട് പറയുന്നുണ്ടാവണം, സാബു കെ ജേക്കബ്ബ് എന്റെ മകനായിരുന്നുവെങ്കിൽ !

സാബു കെ ജേക്കബ്ബ് വേറിട്ട വ്യക്തിത്വം
രാഷ്ട്രീയ സംശുദ്ധിയുടെ വെൺചിറകിലേറി നിസ്വാർത്ഥ സേവനം ജീവിത ലക്ഷ്യമായി വളരെ ചെറുപ്പത്തിലേ ആഗ്രഹിച്ച് പ്രാവർത്തികമാക്കിയ സാബു കെ ജേക്കബ്ബ് പിറവത്തിന് കിട്ടിയ വരദാനമാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യുവിലൂടെ പൊതുരംഗത്ത് എത്തിയ സാബു, യൂത്ത് കോൺഗ്രസ് പിറവം മണ്ഡലം പ്രെസിഡന്റ്, കോൺഗ്രസ് പിറവം ബ്ലോക്ക് വൈസ് പ്രെസിഡന്റ്, ഐ എൻ ടി യു സി എറണാകുളം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

കെ പി സി സിയുടെ നിർവാഹക സമിതി അംഗമായി ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. സാബുവിന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നേതാക്കളുമായി ഊഷ്മളമായ ബന്ധമാണ് ഉള്ളത്.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സ്റ്റേറ്റ് കൗൺസിൽ അംഗം, നഗരസഭാ ചെയർമാൻമാരുടെ ചേംബർ സെക്രട്ടറി എന്നീ പദവികളും സാബു കെ ജേക്കബ്ബ് വഹിയ്ക്കുന്നു.

ആർക്കും ഇപ്പോഴും ഏത് സമയത്തും ഭയലേശം കൂടാതെ സമീപിയ്ക്കാവുന്ന ഈ രാഷ്ട്രീയക്കാരൻ ഏട്ടനായും അനിയനായും മകനായും ഓരോരുത്തർക്കും അനുഭവസ്ഥനാകുന്നത് അദ്ദേഹത്തിൻറെ രാഷ്ട്രീയ ഗുരുവായ സമാദരണീയനായ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പാഠശാലയിലെ ശിക്ഷണത്തിലൂടെയാണ്.

സർക്കാരിന്റെ സാമ്പത്തിക സഹായത്തിന് കാത്തുനിൽക്കാതെ തന്റെ കഴിവിലും സ്വാധീനത്തിലും പുറത്തുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സഹായം തേടി അത് അർഹിക്കുന്നവരിലെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ ശൈലി സാബുവിന്റെ രാഷ്ട്രീയ ജീവിത്തിലും അദ്ദേഹം പ്രയോജനപെടുത്തുന്നത് പിറവത്ത് കാണാം.

അമ്മയോടൊപ്പം എന്ന പരിപാടിയിൽ റോബിൻ മാത്യു നാരേക്കാട്ട്, ബോബി മണക്കുന്നേൽ, അജു ഫിലിപ്പ്, പിറവം എൻ ആർ ഐ അസോസിയേഷൻ, സാജു നാരേകാടൻ, ദേവദാസ് നമ്പൂതിരിപ്പാട്, നാഗാർജുന ആയുർവേദ തുടങ്ങിയവരുടെ സഹായ സഹകരണം ഇതിന് ഉദാഹരണമാണ്.

അമ്മയോടൊപ്പം പരിപാടിയുടെ ബ്രാൻഡ് അംബാസഡർ ആയി ചലച്ചിത്രതാരം ലാലു അലക്സ് എട്ടുവർഷമായി തുടരുന്നതും സാബുവിന്റെ വ്യക്തിത്വ വിശേഷം കൊണ്ടാണ്.

പിറവം മുനിസിപ്പാലിറ്റിയിലെ ദുർബലരായവരുടെ 200 വീടുകൾക്ക് അറ്റകുറ്റപണിയ്ക്കായി ഒരു കോടിരൂപ (ഒരു വീടിന് 50000 രൂപ വീതം) കാൻസർ, കിഡ്‌നി രോഗികൾക്ക് ചികിത്സാ സഹായം തുടങ്ങിയവ ചിറ്റിലപ്പള്ളി ഫൗണ്ടേഷനിൽ നിന്ന് ലഭ്യമാക്കാനും സാബുവിന് കഴിഞ്ഞത് എടുത്ത് പറയത്തക്ക നേട്ടമാണ്.

പിറവത്തിന്റെ വികസനത്തിനായി ഏത് ദുർഘടമായ കാര്യമായാലും ഇറങ്ങിതിരിച്ചാല്‍ ആ കാര്യങ്ങളൊക്കെ വളരെ ഭംഗിയായി നേടിയെടുക്കാനും, മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും എല്ലാം സ്വാധീനം ചെലുത്താനും സാധിയ്ക്കുന്നതുമെല്ലാം ഈ അമ്മമാരുടെ പ്രാർത്ഥനയും അനുഗ്രഹവും കൊണ്ടാണെന്ന് സാബു വിനയപൂർവ്വം പറയാറുണ്ട്.

പിറവം പഞ്ചായത്ത് പ്രെസിഡന്റായിരുന്നപ്പോഴും ഇപ്പോൾ മുനിസിപ്പൽ ചെയർമാനായി പ്രവർത്തിക്കുമ്പോഴും വാർഡ് മെമ്പർമാരുടെയും മുനിസിപ്പൽ കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും ഒക്കെ അളവറ്റ പിന്തുണയും സഹകരണവും സാബുവിന് ലഭിക്കുന്നത്, ശാന്തവും പ്രൗഢ ഗംഭീരവുമായി പിറവത്തിന്റെ ഇരുകരകളെയും തഴുകി താലോലിച്ച് ഒഴുകുന്ന മൂവാറ്റുപുഴയാറിലെ കുഞ്ഞോളങ്ങളെ പോലെ അദ്ദേഹത്തിൻറെ സൗമ്യമായ നിറസാന്നിധ്യവും കുളിർമ്മയാർന്ന വ്യക്തിത്വ വിശേഷണവും കൊണ്ടാണ്.

വികസന പ്രവർത്തനങ്ങൾ
പിറവം നഗരസഭയുടെ അത്യാധുനികമായ ഓഫീസ് ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്. ഇപ്പോഴത്തെ മുനിസിപ്പൽ ഓഫീസിന് എതിർവശത്ത് മൂവാറ്റുപുഴയാറിന്റെ തീരത്ത് ഉയരുന്ന ഏഴുനിലകളിൽ ഉയരുന്ന ഈ കെട്ടിടം സാബുവിന്റെ സ്വപ്നമാണ്.

മുനിസിപ്പാലിറ്റിയും സപ്ലൈകോയും ചേർന്ന് “സബ് അർബൻ മാൾ” എന്ന ആശയത്തിലാണ് പുതിയ ഓഫീസ് സമുച്ചയം. ഇതിനായി നഗരസഭയുടെ 50 സെന്റ് സ്ഥലത്ത് സപ്ലൈകോ 14 കോടി രൂപ മുടക്കിയാണ് സബ് – അർബൻ മാൾ പണിയുന്നത്.

ഇതിന്റെ ഗ്രൗഡ് ഫ്ലോർ മുനിസിപ്പാലിറ്റിയുടെ ഓഫീസും ഏഴാമത്തെ നില ഓഡിറ്റോറിയവും ബാക്കി നിലകളിൽ സപ്ലൈകോയുടെ ഷോപ്പിംഗ് മാളുകളുമാണ്.

കൂടാതെ മൂന്നുകോടി രൂപാ ചിലവിട്ട കോട്ടപ്പുറത്ത് മുനിസിപ്പാലിറ്റിയുടെ അനക്സ് നിർമ്മിക്കുകയാണ്. മുതിർന്ന പൗരന്മാർക്ക് പകൽസമയം ചിലവഴിക്കാനും സൗഹൃദം പങ്കിടാനുമായി പകൽവീടും ഒരുക്കുന്നുണ്ട്.

ആറ്റുതീരം ഭിത്തി കെട്ടി ഉയർത്തി രണ്ടുകോടി രൂപ മുതൽ മുടക്കിൽ ചിൽഡ്രൻസ് പാർക്ക് നവീകരിച്ചത് എടുത്തുപറയേണ്ട ഒരു വികസന പ്രവർത്തനമാണ്. സന്ധ്യയ്ക്ക് തെളിയുന്ന വർണ്ണശബളമായ വിളക്കുകൾ ചിൽഡ്രൻസ് പാർക്കിനെ മനോഹരമാക്കുന്നു.

മൂവാറ്റുപുഴയാറിലേക്ക് പതിഞ്ഞു വീഴുന്ന പല നിറത്തിലുള്ള വിളക്കുകളുടെ രാത്രികാഴ്ച നയനാനന്ദകരമാണ്. ധാരാളം കുട്ടികളും രക്ഷിതാക്കളും മുതിർന്നവരുമെല്ലാം ചിൽഡ്രൻസ് പാർക്ക് സന്ദർശിക്കുന്നുണ്ട്.

എ കെ ആന്റണി പ്രതിരോധ മന്ത്രി ആയിരുന്ന സമയത്ത് സബൗവിന്റെ ആവശ്യപ്രകാരം ചിൽഡ്രൻസ് പാർക്കിലേക്ക് അനുവദിച്ച ‘എയർ ഫ്രയി൦’ ഉടനെ തന്നെ പിറവത്തെത്തും.

നഗരത്തിലെ ദുർബല ജനങ്ങളുടെ 277 വീടുകൾക്ക് ഒരു വീടിന് 4 ലക്ഷം രൂപ പ്രകാരം പുനരുദ്ധാരണത്തിനായി പി എം എ വൈയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലാദ്യമായി ക്ഷീരകർഷകർക്ക് 27200 രൂപ അനുവദിച്ചത് സാബു അംഗമായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ്.

കെ കെ ജെ ഫൗണ്ടേഷൻ, നഗരപരിധിയിൽ വീടില്ലാത്തവർക്ക് വീട് പണിയാൻ, പിറവം നാമക്കുഴിയിൽ 16 – )൦ ഡിവിഷനിൽ നഗരസഭയ്ക്ക് സൗജന്യമായി 45 സെന്റ് സ്ഥലം സംഭാവന ചെയ്തിട്ടുണ്ട്. അവിടെ ഫ്‌ളാറ്റുകൾ നിർമ്മിച്ച് അർഹരായവർക്ക് കൈമാറും.

ഇതിനായി സംസ്ഥാന സർക്കാരിന്റെ രണ്ടു ലക്ഷം രൂപയും മുൻസിപ്പാലിറ്റിയുടെ അമ്പതിനായിരം രൂപയും കേന്ദ്ര സർക്കാരിന്റെ ഒന്നര ലക്ഷം രൂപയും ഉൾപ്പെടെ നാല് ലക്ഷം രൂപ അനുവദിയ്പ്പിക്കാൻ സാബുവിന് കഴിഞ്ഞു.

സാബു പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സമയത്ത് വൈസ് പ്രസിഡന്റായും ഇപ്പോൾ നഗരസഭയിൽ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്ന അന്നമ്മ ഡോമിയുടെ നിസ്വാർത്ഥ സേവനവും പിന്തുണയും സാബു കെ ജേക്കബ്ബിന്റെ വികസന കാഴ്ചപ്പാടുകൾക്ക് ഊർജ്ജം പകരുന്നതാണെന്നു അദ്ദേഹം ഓർമ്മിപ്പിച്ചു.

എറണാകുളം നഗരത്തിന്റെ ഉപഗ്രഹനഗരമായ പിറവത്തെ എല്ലാ സൗകര്യങ്ങളുമുളള ആധുനിക നഗരമാക്കി മാറ്റണമെന്നതാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. പിറവത്തെ ജനങ്ങൾ ആഗ്രഹിക്കുന്നതും ഇതാണ്.

കൊച്ചി മെട്രോ, പിറവത്തേക്ക് എത്തിക്കാൻ എങ്ങനെ സാധിക്കുമെന്ന് ആലോചിക്കുന്നുമുണ്ട്. രാത്രികാല ഷോപ്പിംഗ് നടപ്പിലാക്കിയാൽ നഗരത്തിലെ വ്യാപാരികൾക്ക് ഗുണകരമാകും. അതിനായി അദ്ദേഹം പല പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്.

സാബു കെ ജേക്കബ്ബിനെപ്പോലെ ഇശ്ചാശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും ഒരുമിച്ച് അനുഗ്രഹിക്കുന്ന ജനപ്രതിനിധികളെയാണ് നാടിനാവശ്യം. ഇദ്ദേഹത്തിന്റെ സേവനം രാജ്യത്തിന് ആകമാനം ലഭിച്ചാൽ കേരളം വികസന രംഗത്ത് കുതിച്ചുയരുമെന്നതിന് സംശയമില്ല.

ദൈവം തന്ന അവസരം ജനങ്ങൾക്കായി കൂടുതൽ കൂടുതൽ ആൾക്കാരിലെത്തിക്കുക, അവരെ സഹായിക്കുക, ഇത്രയേ ചെയ്യുന്നുള്ളൂ – വിനയാന്വിതനായി സാബു പറയുന്നു.

×