പ്രകൃതിക്ഷോഭത്തില്‍ രണ്ടായി പിളര്‍ന്ന വലിയ കല്ലിന്റെ താഴെ താമസിക്കുന്ന പത്ത്‌ കുടുംബങ്ങള്‍ മരണഭീതിയില്‍

സാബു മാത്യു
Monday, August 19, 2019

ചെറുതോണി:  പ്രകൃതിക്ഷോഭത്തില്‍ രണ്ടായി പിളര്‍ന്ന വലിയ കല്ലിന്റെ അടിഭാഗത്ത്‌ താമസിക്കുന്ന പത്ത്‌ കുടുംബങ്ങള്‍ മരണഭീതിയില്‍. ചേലച്ചുവട്‌-കട്ടിംഗ്‌ ഭാഗത്തെ അഞ്ചകുടി വാര്‍ഡില്‍ താമസിക്കുന്ന കുടുംബങ്ങള്‍ സര്‍ക്കാരിന്റെ ദയ കാത്ത്‌ കിടക്കുന്നു.

കാഞ്ഞിരക്കാട്ട്‌ തോമസ്‌, വര്‍ഗ്ഗീസ്‌ കുര്യന്‍, ബിജു കുര്യാക്കോസ്‌ മരട്ടിമറ്റത്തില്‍, ജോര്‍ജ്‌ പെട്ടിയില്‍ എന്നീ കുടുംബങ്ങളും തൊട്ടടുത്ത്‌ പെരിയാര്‍വാലി ഭാഗത്ത്‌ 6 കുടുംബങ്ങളുമാണ്‌ രണ്ടായി പിളര്‍ന്ന കല്ലിന്റെ അടിഭാഗത്ത്‌ മരണഭീതിയില്‍ കഴിയുന്നത്‌. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രകൃതിദുരന്തത്തില്‍ അപകടഭീതിയെ തുടര്‍ന്ന്‌ ഈ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലാണ്‌ കഴിഞ്ഞത്‌.

ക്യാമ്പില്‍ കൂടുതല്‍ അംഗങ്ങളെത്തിയതോടെ 4 കുടുംബങ്ങള്‍ തോമസിന്റെ ബന്ധുവിന്റെ തള്ളക്കാനത്തുള്ള പച്ചക്കറിക്കടയില്‍ ആഴ്‌ചകളോളം താമസിച്ചു. ദുരിതാശ്വാസക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക്‌ സര്‍ക്കാര്‍ അനുവദിച്ച പതിനായിരം രൂപ ഈ കുടുംബങ്ങളില്‍ പലര്‍ക്കും ലഭിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്‌.

കുന്നംപ്രദേശത്ത്‌ താമസിക്കുന്ന പത്ത്‌ കുടുംബങ്ങള്‍ക്ക്‌ വാസയോഗ്യമായ സ്ഥലവും വീടും നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ. മുഖേന കേരള കോണ്‍ഗ്രസ്സ്‌ എം സംസ്ഥാന കമ്മിറ്റിയംഗം ടോമി തീവള്ളി റവന്യൂ മന്ത്രിയ്‌ക്ക്‌ നിവേദനം സമര്‍പ്പിച്ചു.

×