Advertisment

എ.ടി.എം തകർത്ത് മോഷണശ്രമം നടത്തിയ സംഭവത്തിൽ അങ്കമാലി സ്വദേശികളായ മൂന്ന് പേരടക്കം ആറു പേർ പൊലീസ് പിടിയിൽ

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: കാഞ്ഞാർ വാഗമൺ ജംഗ്ഷന് സമീപം കേരളാ ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം തകർത്ത് മോഷണശ്രമം നടത്തിയ സംഭവത്തിൽ അങ്കമാലി സ്വദേശികളായ മൂന്ന് പേരടക്കം ആറു പേർ പൊലീസ് പിടിയിൽ. ഇതിൽ രണ്ടു പേർ കൗമാരക്കാരാണ്.

Advertisment

കോടിക്കുളം വെള്ളംചിറ കുന്നുംപുറത്ത് ഷാജി മകൻ ഷിജിൻ കെ.ഷാജി (28), അങ്കമാലി ചെറിയവാപ്പാലശ്ശേരി ചീറ്റേത്ത് മണി മകൻ മനു (23), അങ്കമാലി വാപ്പാലശ്ശേരി പോക്കയിൽ ജോയി മകൻ ഏലിയാസ് (19), വാഴത്തോപ്പ് പേപ്പാറ കുന്നുംപുറത്ത് സുനിൽ മകൻ അജിത്ത് (20), 17 കാരായ രണ്ടു പേർ എന്നിവരാണ് പിടിയിലായത്.

publive-image

അടിമാലി ടൗണിലെ മൊബൈൽ ഫോൺ കട കുത്തിതുറന്ന് രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൊബൈൽ ഫോണുകളും ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസം മനുവും കൗമാരക്കാരനും പിടിയിലായിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കാഞ്ഞാറിലെ മോഷണശ്രമത്തിന്റെ ചുരുളഴിഞ്ഞതും ഏലിയാസ് പിടിയിലാകുന്നതും. അങ്കമാലിയിലെ മോഷണക്കേസിൽ മനുവിനെ ഞായറാഴ്ച കോടതി റിമാൻ‌ഡ് ചെയ്തിരുന്നു.

ഏലിയാസിനെ അങ്കമാലി പൊലീസ് കാഞ്ഞാർ പൊലീസിന് കൈമാറി. ഇതിലൊരു 17കാരൻ അങ്കമാലി പൊലീസിന്റെ കസ്റ്റഡിയിലാണ്. എ.ടി.എം തകർത്ത കേസിൽ തൊടുപുഴക്കാരായ മൂന്ന് പേർക്ക് കൂടി പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഏലിയാസിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ മൂന്നംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മോഷണശ്രമം. എ.ടി.എം. കൗണ്ടറിന് കേടുപാടുകൾ പറ്റിയെങ്കിലും പണമൊന്നും നഷ്ടപ്പെട്ടില്ല. കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽനിന്നും 150 മീറ്റർ മാത്രം അകലത്തിലുള്ള എ.ടി.എമ്മിലായിരുന്നു മോഷണ ശ്രമം.

എ.ടി.എം മെഷീന്റെ കവർ പൊട്ടിച്ച് സ്‌ക്രീൻ തകർത്തെങ്കിലും പണമടങ്ങിയ ബോക്‌സ് തുറക്കാനായില്ല. റോഡിന്റെ ദിശയിലേക്ക് എ.ടി.എമ്മിന്റെ പുറത്തുള്ള കാമറ തകർത്ത നിലയിലായിരുന്നു. പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

മുഖം മറച്ച രണ്ടുപേർ എ.ടി.എം കൗണ്ടറിനുള്ളിൽ കടന്ന് മെഷീൻ തകർക്കാൻ ശ്രമം നടത്തി. ഈ സമയം ഒരാൾ പുറത്തുനിന്ന് പരിസരം വീക്ഷിച്ച് മറ്റുള്ളവർക്ക് നിർദേശം നൽകി. ഈ ദൃശ്യങ്ങളെല്ലാം എ.ടി.എമ്മിനുള്ളിലുള്ള കാമറയിൽ പതിഞ്ഞിട്ടുണ്ട്. എറണാകുളം ജില്ലയിലെ നിരവധി കഞ്ചാവ്, വാഹന മോഷണക്കേസുകളിൽ പ്രതികളാണ് അങ്കമാലിയിൽ നിന്ന് പിടിയിലായവരെന്നും പറയപ്പെടുന്നു.

തൊടുപുഴ ഡി വൈ എസ്‌ പി പി കെ ജോസിന്റെ നിർദേശ പ്രകാരം കാഞ്ഞാർ സി ഐ വി ബി അനിൽകുമാർ ,തൊടുപുഴ സി ഐ സജീവ് ചെറിയാൻ ,എസ്‌ .ഐ മാരായ സിനോദ് , സാഗർ ,ബിജോയി ,വിഷ്ണു ,എ എസ്‌ ഐ സിബി ജോർജ് ,സി പി ഓ മാരായ ഷംസ് ,ബിജു തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisment