ഉറ്റവനും ഉടയവനുമില്ലാതെ ചിറ്റൂര്‍-മടക്കത്താനം കമ്പിപ്പാലം ഓര്‍മ്മയായിട്ട്‌ ഒരു വര്‍ഷം

author-image
സാബു മാത്യു
Updated On
New Update

ചിറ്റൂര്‍:  മണക്കാട്‌ ഗ്രാമപഞ്ചായത്തില്‍ 2018 ഓഗസ്റ്റിലുണ്ടായ പ്രളയക്കെടുതിയില്‍ തകര്‍ന്ന ചിറ്റൂര്‍-മടക്കത്താനം കമ്പിപ്പാലം പുനര്‍നിര്‍മ്മിക്കാതെ പുഴയില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലായിട്ട്‌ ഒരു വര്‍ഷം പിന്നിടുകയാണ്‌.

Advertisment

ഇടുക്കി-എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട്‌ തൊടുപുഴയാറിന്‌ കുറുകേ മടത്തുംകടവ്‌ ഭാഗത്തായി 30 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച്‌ കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പുനര്‍നിര്‍മ്മിച്ച പാലം 2018 -ല്‍ ഉണ്ടായ പ്രളയത്തില്‍ വീണ്ടും തകര്‍ന്നു പോകുകയുണ്ടായി. ദിനംപ്രതി നൂറുകണക്കിന്‌ യാത്രക്കാര്‍ തൊടുപുഴ, മൂവാറ്റുപുഴ, വാഴക്കുളം, കോലഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലേയ്‌ക്ക്‌ യാത്ര ചെയ്‌തു വരുന്നതിന്‌ ഉപയോഗിച്ചിരുന്ന ഈ കമ്പിപ്പാലം തകര്‌ന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതം വര്‍ദ്ധിച്ചിരിക്കുകയാണ്‌.

publive-image

പൊതുമരാമത്ത്‌ വകുപ്പ്‌ ഭരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രി ഇടുക്കിജില്ലയ്‌ക്ക്‌ ഉണ്ടായിട്ടുപോലും പാലം പുനര്‍നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ തലത്തിലോ മണക്കാട്‌ പഞ്ചായത്ത്‌ ഭരണം കൈയ്യാളുന്ന ഭരണസമിതിയോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും മാത്രമല്ല തകര്‍ന്ന്‌ ഒരു വര്‍ഷമായി പുഴയില്‍ കിടന്ന്‌ തുരുമ്പിച്ച്‌ നശിക്കുന്ന പാലം കരയ്‌ക്കടുപ്പിക്കുന്നതിനുള്ള ശ്രമം നടത്താതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇപ്പോഴും പുഴയില്‍ തന്നെ കിടക്കുന്നത്‌ പ്രദേശവാസികളോടുള്ള ഭരണകൂടത്തിന്റെ അവഗണനയും അനീതിയുമാണ്‌.

തകര്‍ന്ന പാലം എത്രയുംവേഗം പുനര്‍നിര്‍മ്മിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ മണക്കാട്‌ മണ്‌ഡലം കോണ്‍ഗ്രസ്സ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധജയന്തി ദിനാചരണത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പദയാത്രയുടെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ മുന്‍ ഡി സി സി പ്രസിഡന്റ്‌ റോയി കെ പൗലോസ്‌ ആവശ്യപ്പെട്ടു.

മണ്‌ഡലം പ്രസിഡന്റ്‌ ബി സജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോണ്‍ഗ്രസ്സ്‌ നേതാക്കളായ പി.എസ്‌. ജേക്കബ്ബ്‌, പി.പൗലോസ്‌, ടോണി കുര്യാക്കോസ്‌, വി.ജി. സന്തോഷ്‌കുമാര്‍, നോജ്‌ പി ജോസ്‌, പി.വി. ദിവാകരന്‍, ഷിനോ ഗോപിനാഥ്‌ എന്നിവര്‍ പ്രസംഗിച്ചു.

Advertisment