ഇടുക്കി: ജില്ലയിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ജപ്‌തിനടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ഡിസിസി നേതൃയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രണ്ട് പ്രളയങ്ങള്‍ സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ വായ്‌പകള്‍ എഴുതിതള്ളുകയോ പലിശ ഒഴിവാക്കുകയോ എങ്കിലും ചെയ്യണം. പ്രളയദുരിതങ്ങള്‍ക്ക് പുറമേ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്‌ത ജില്ലയെന്ന പരിഗണന സംസ്ഥാന ബജറ്റില്‍ പോലും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്.
അയ്യായിരം കോടിയുടെ പാക്കേജ് നടപ്പാക്കിയേ തീരൂ, ഇക്കാര്യത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി എം.എം. മണി നിലപാട് വ്യക്തമാക്കണം. 2019-ലെ മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്‌ടമുണ്ടായ ജില്ലയ്‌ക്ക് പുതിയ ബജറ്റിലും നയാപൈസ വകകൊള്ളിച്ചിട്ടില്ല.
കിഫ്‌ബിയില്‍ നിന്ന് ആയിരം കോടിയുടെ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചതില്‍ കര്‍ഷകരുടെ വായ്‌പ ആശ്വാസ നടപടികള്‍ക്കോ കടാശ്വാസ കമ്മീഷനോ തുക അനുവദിച്ചിട്ടില്ല.
കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന നാട്ടില്‍ അവരുടെ ദുരിതമകറ്റാതെ എയര്‍സ്‌ട്രിപ്പ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ മനോഭാവം അപാരമാണെന്ന് യോഗം കുറ്റപ്പെടുത്തി.
1964-ലെ ഭൂപതിവ് ചട്ടം കാലോചിതമായി ഭേദഗതി ചെയ്യണമെന്നാവശ്യം അംഗീകരിക്കാത്തത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഈ ആവശ്യം ഉന്നയിച്ച് സമരം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഇടുക്കി മെഡിക്കല്‍ കോളേജില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷമാണ് ക്ലാസ്സുകള്‍ നിന്നുപോയത്.
നാല് വര്‍ഷം പിന്നിട്ടിട്ടും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടി ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ നിസംഗത മൂലമാണ്. ഇക്കാര്യത്തിലും പാര്‍ട്ടി നിരന്തര സമരത്തിലേക്ക് കടക്കുമെന്നും യോഗം തീരുമാനിച്ചു.
ഡിസിസിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 28ന് വണ്ണപ്പുറത്ത് നിന്നാരംഭിച്ച് ഏപ്രില്‍ രണ്ടിന് നെടുങ്കണ്ടത്ത് സമാപിക്കുന്ന വിധത്തില്‍ ജില്ലാപദയാത്രയ്‌ക്ക് യോഗം രൂപം നല്‍കി.
35 ദിവസം പിന്നിട്ട് കാല്‍നടയായി 600 കിലോമീറ്റര്‍ സഞ്ചരിച്ച് ഡിസിസി സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭയാത്രയുടെ ഉദ്‌ഘാടനം വണ്ണപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാപനസമ്മേളനം നെടുങ്കണ്ടത്ത് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും ഉദ്‌ഘാടനം ചെയ്യും.
ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഇടുക്കിയുടെ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്‌ഘാടനം ചെയ്‌തു.
മുന്‍ എം.എല്‍.എ.മാരായ അഡ്വ. ഇ. എം. ആഗസ്‌തി, പി. പി. സുലൈമാന്‍ റാവുത്തര്‍, കോണ്‍ഗ്രസ് നേതാക്കളായ സി. പി. മാത്യു, ആര്‍. ബാലന്‍പിള്ള, എം. കെ. പുരുഷോത്തമന്‍, പി. വി. സ്‌കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us