ഇത്‌ റിസോര്‍ട്ട്‌ ഉടമകളെ സഹായിക്കാനുള്ള ഗൂഡ തന്ത്രം: ഇബ്രാഹിംകുട്ടി കല്ലാര്‍

സാബു മാത്യു
Tuesday, October 22, 2019

ചെറുതോണി:  ജില്ലയിലെ റിസോര്‍ട്ട്‌ ഉടമകളെ സഹായിക്കാന്‍ അച്ചാരം പറ്റിയുള്ള വ്യഗ്രതയാണ്‌ ഇടുക്കിയിലെ ഭൂവിനിയോഗ നിയന്ത്രണ ഉത്തരവിന്‌ പിന്നിലെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.

ഇടുക്കി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മറ്റി സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇടുക്കിയില്‍ റിസോര്‍ട്ടുകളുള്ള ഇതര ജില്ലകളിലേയും സംസ്ഥാനങ്ങളിലേയും വമ്പന്‍ കോര്‍പ്പറേറ്റുകളുമായി സി.പി.എം, സി.പി.ഐ സംസ്ഥാന നേതൃത്വവും ഭരണ നേതൃത്വവും തമ്മിലുണ്ടാക്കിയിട്ടുള്ള രഹസ്യ കരാറാണ്‌ ഈ ഉത്തരവിന്‌ പിന്നിലുള്ളത്‌.

റിസോര്‍ട്ടുകള്‍ക്കോ, വാണിജ്യാവശ്യങ്ങള്‍ക്കോ നല്‍കാത്തതും ഏലം കൃഷിക്ക്‌ മാത്രമായി പട്ടയം നല്‍കിയിട്ടുള്ളതുംസര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജപട്ടയം സമ്പാദിച്ചും മറ്റും നിര്‍മ്മിച്ചിരിക്കുന്ന റിസോര്‍ട്ടുകള്‍ പലതും വര്‍ഷങ്ങളായി സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും കേസുകളില്‍പെട്ട ഭൂമിയാണ്‌.

ഇത്‌ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ പാട്ടത്തിന്‌ നല്‍കുമെന്നാണ്‌ ഓഗസ്റ്റ്‌ 22 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ 6 (4) ഖണ്‌ഡികയില്‍ പറയുന്ന നിര്‍ദേശം.

സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണം നടത്തിയിരിക്കുന്ന പട്ടയമില്ലാത്ത ഭൂമിയും നിര്‍മ്മിതിയും ഏറ്റെടുത്ത്‌ സര്‍ക്കാരില്‍ നിഷിപ്‌തമാക്കി പൊതു ആവശ്യത്തിന്‌ ഉപയോഗിക്കുമെന്നാണ്‌ 6 (4) ഖണ്‌ഡികയില്‍ നല്‍കുന്ന നിര്‍ദേശം. ഇതുപ്രകാരം ഖണ്‌ഡികയിലെ കൂട്ടരുടെ നിര്‍മ്മിതികള്‍ ക്രമവല്‍ക്കരിക്കപ്പെടും.

മരടിലെപോലെ ആവാതെ സ്വന്തം പണം മുടക്കി നിര്‍മ്മിച്ചതാണെങ്കിലും പൊളിക്കലില്‍ നിന്നും ഇവര്‍ക്ക്‌ രക്ഷപെടാം. വര്‍ഷാവര്‍ഷം പാട്ടം നല്‍കണമെന്ന ബാധ്യതയേ ഇവര്‍ക്കുണ്ടാകു. ഇവരുടെ റിസോര്‍ട്ടുകള്‍ നിയമപ്രകാരം പ്രവര്‍ത്തിപ്പിക്കാന്‍ ഭാവിയിലും ഒരു തടസ്സവാദമുണ്ടാവുകയില്ല.

മന്ത്രി എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോധരന്‍ അടക്കം സി.പി ഐഎംന്റെ നേതാക്കള്‍ കയ്യേറിയ സര്‍ക്കാര്‍ പുറംമ്പോക്ക്‌ ഭൂമിയുംക്രമവല്‍ക്കരിച്ച്‌ പാട്ടത്തുക അടച്ച്‌ സ്വന്തമാക്കാന്‍ ഇതിലൂടെ കഴിയും.

മരടില്‍ പ്രയോഗിക്കാന്‍ കഴിയാതിരുന്ന ഈ തന്ത്രം ഓഗസ്റ്റ്‌ 22 ലെ ഉത്തരവിലൂടെ റിസോര്‍ട്ട്‌ ഉടമകളെ സഹായിക്കാന്‍ മാത്രമാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇതിന്റെ പേരില്‍ ഇടുക്കിയിലെ കര്‍ഷകന്‌ വാണിജ്യാവശ്യത്തിനായോ പൊതു ആവശ്യത്തിനായോ നിര്‍മ്മാണങ്ങളൊന്നും 1964 ലെ ചട്ടമനുസരിച്ച്‌ പട്ടയം നല്‍കിയ ഭൂമിയില്‍ അസാദ്ധ്യമാവുകയാണ്‌.

ഈ നിഗൂഡ നീക്കങ്ങള്‍ക്ക്‌ സി.പി.എം, സി.പി.ഐ സംസ്ഥാന നേതൃത്വംതന്നെ മുന്‍കൈയെടുത്തതിനാലാണ്‌ ഒരു സര്‍വ്വകക്ഷിയോഗമോ, ജനപ്രതിനിധികളുടെ യോഗമോ സര്‍ക്കാര്‍ വിളിക്കാത്തതെന്നും ഡി.സി.സി പ്രസിഡന്റ്‌ ആരോപിച്ചു.

ഇടുക്കിയിലെ കര്‍ഷക ജനത മുന്നോട്ടുപോകുമ്പോള്‍ 1964 ലെ ഭൂമിപതിവുചട്ടം ഭേദഗതിവരുത്തി പാറമട ലോബിയെ സഹായിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്‌ കര്‍ഷക ജനതയോടുള്ള വെല്ലുവിളിയാണ്‌. ചട്ടത്തില്‍ ഭേദഗതിവരുത്തി കൃഷിക്ക്‌ ഉപയുക്തമല്ലാത്ത ഭൂമിയില്‍ നിബന്ധനകള്‍ക്ക്‌ വിധേയമായി പാറ ഖനനത്തിന്‌ അനുമതി നല്‍കാനാണ്‌ മന്ത്രിസഭാ തീരുമാനം.

ജനങ്ങളുടെ ജീവനോപാധികളായും ആവശ്യങ്ങള്‍ക്കുമായി വ്യാപാരസ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതിന്‌ ചട്ടങ്ങളില്‍ ഭേദഗതിവരുത്താന്‍ മടിക്കുന്നവരാണ്‌ പാറഖനനത്തിന്‌ ചട്ടം ഭേദഗതി ചെയ്യുന്നത്‌.

ഇതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും ചട്ടം ഭേദഗതി ചെയ്യുന്ന തീരുമാനം സര്‍ക്കാര്‍ അടിയന്തിരമായി എടുക്കണമെന്നും ഓഗസ്റ്റ്‌ 22 ലെ ഉത്തരവ്‌ പൂര്‍ണ്ണമായും റദ്ദുചെയ്യണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.

×