ഇടവെട്ടിയില്‍ ജൈവകൃഷി വ്യാപകമാക്കുന്നതിന്‌ പ്രവര്‍ത്തനം തുടങ്ങി

author-image
സാബു മാത്യു
New Update

ഇടവെട്ടി:  ഗ്രാമപഞ്ചായത്തില്‍ 3 വര്‍ഷം കൊണ്ട്‌ 50 ഏക്കര്‍ സ്ഥലം പൂര്‍ണ്ണമായും ജൈവകൃഷിയിലേയ്‌ക്ക്‌ കൊണ്ടുവരുന്നതിനുള്ള പദ്ധതിയ്‌ക്ക്‌ തുടക്കമായി. കേന്ദ്രഗവ. പദ്ധതിയായ പരമ്പരാഗത കൃഷിവികാസ്‌ യോജന പദ്ധതിയ്‌ക്ക്‌ പഞ്ചായത്തില്‍ തുടക്കം കുറിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദീകരണ യോഗവും ക്ലാസ്സും തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണബാങ്ക്‌ ഹാളില്‍ നടന്നു.

Advertisment

publive-image

ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷീജ നൗഷാദ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. കൃഷി അസി. ഡയറക്‌ടര്‍ ആന്‍സി തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. ഇടവെട്ടി കൃഷി ഓഫീസര്‍ ബേബി ജോര്‍ജ്‌, പുറപ്പുഴ കൃഷി ഓഫീസര്‍ റിയമോള്‍ തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജൈവകൃഷി വ്യാപകമാക്കുന്നതിനായി പ്രധാനമായും ഫലവര്‍ഗ്ഗവിളകള്‍ കൃഷിചെയ്യുന്ന ഒരേക്കര്‍സ്ഥലമുള്ള 50 കര്‍ഷകരെയാണ്‌ പദ്ധതിയുടെ കീഴില്‍ തെരഞ്ഞെടുത്തിട്ടുള്ളത്‌.

വിവിധ ജൈവകൃഷി രീതികള്‍ ചെയ്യുന്നതിന്‌ പരിശീലനം നല്‍കുക, ജൈവകാര്‍ഷിക ഉത്‌പ്പാദനോപാധികള്‍ ഉണ്ടാക്കുന്നതിനുള്ള ഫീല്‍ഡ്‌തല പരിശീലനം നല്‍കുക, പഠനയാത്രകള്‍ സംഘടിപ്പിക്കുക, വിവിധതരം കമ്പോസ്റ്റ്‌ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുക, ജീവാണുവളങ്ങള്‍ കര്‍ഷകര്‍ക്ക്‌ സൗജന്യമായി നല്‍കുക തുടങ്ങിയ വിവിധ കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

ഇതോടൊപ്പം ജൈവസര്‍ട്ടിഫിക്കേഷന്‍ നടപടികളും പൂര്‍ത്തീകരിച്ച്‌ പൂര്‍ണ്ണമായും ജൈവകൃഷി നടപ്പിലാക്കുന്നതിന്‌ കര്‍ഷകരെ പ്രാപ്‌തരാക്കുവാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

Advertisment